ഐക്യരാഷ്ട്രസഭ: ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളെപ്പറ്റി പരാമര്‍ശം നടത്തിയ പാക്കിസ്ഥാനേയും തുര്‍ക്കിയേയും ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപ്പറേഷനേയും യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ.
ജമ്മുകശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അക്കാര്യത്തില്‍ ഇടപെടേണ്ട, ജനാധിപത്യ നടപടികള്‍ എന്താണെന്ന് നിങ്ങള്‍ നന്നായി മനസിലാക്കേണ്ടിയിരിക്കുന്നു, തുര്‍ക്കിക്ക് എതിരെ കൗണ്‍സിലിന്റെ 46ാം സമ്മേളനത്തില്‍ ആഞ്ഞടിച്ച് ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പവന് ബാദെ പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ ഇക്കാര്യം ഇന്ത്യ പലകുറി ആവര്‍ത്തിച്ചിട്ടുള്ളതാണ്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അക്കാര്യത്തില്‍ ഒഐസി പരാമര്‍ശം നടത്തിയത് ശരിയായില്ല. ഞങ്ങള്‍ അത് തള്ളുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെപ്പറ്റി പറയാന്‍ അവര്‍ക്ക് ഒരവകാശവും ഇല്ല. സ്വന്തം അജണ്ട നടപ്പാക്കാന്‍ ഒഐസിയെ പാക്കിസ്ഥാന് ദുരുപയോഗം ചെയ്യുകയാണ്. ഇങ്ങനെ ചെയ്യാന്‍ പാക്കിസ്ഥാനെ അനുവദിക്കണോയെന്ന് ഒഐസി അംഗങ്ങള്‍ തീരുമാനിക്കണം.
വ്യാജക്കഥകളുമായി എന്റെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയെന്നത് പാക്കിസ്ഥാന്റെ സ്വഭാവമായി മാറിയിട്ടുണ്ട്. തങ്ങളുടെ രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഒരു രാജ്യം ഞങ്ങളെയോ മറ്റുള്ളവരെയോ മനുഷ്യാവകാശങ്ങളെപ്പറ്റി പഠിപ്പിക്കാന്‍ വരേണ്ടതില്ല. ഭീകരതയുടെ ഈറ്റില്ലമാണ് പാക്കിസ്ഥാന്. യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഭീകരര്‍ക്ക് പെന്ഷന് നല്കുന്ന രാജ്യമാണ് നിങ്ങള്‍. ജമ്മുകശ്മീരില്‍ നൂറു കണക്കിന് ഭീകരരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് സമ്മതിച്ചിട്ടുള്ള പ്രധാനമന്ത്രിയാണ് നിങ്ങളുടേത്, പവന് ബാദെ പറഞ്ഞു. ഭീകര സംഘടനകള്‍ക്ക് ആളും അര്‍ഥവും നല്കി സഹായിക്കുന്നത് അവസാനിപ്പിക്കാന്‍ ഇനിയും നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ നിരവധി സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആയിരക്കണക്കിന് സിഖ്, ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോകുകയും ബലമായി വിവാഹം കഴിപ്പിക്കുകയും മതംമാറ്റുകയും ചെയ്യുകയാണ് പാക്കിസ്ഥാനില്‍. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: