കണ്ണൂര്‍: ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും യാഥാര്‍ത്ഥ്യമാകാതെ അഴീക്കല്‍ തുറമുഖപദ്ധതി. കണ്ണൂരിന്റെ വികസന ചരിത്രത്തില്‍ തിലകക്കുറിയാകുമായിരുന്ന അഴീക്കല്‍ തുറമുഖ വികസനമാണ് ആറു പതിറ്റാണ്ടായിട്ടും പാതിവഴിയില്‍ കിടക്കുന്നത്. തുറമുഖത്തിന്റെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെ ഒന്നും കരക്കടുത്തില്ല. പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ പ്രവര്‍ത്തങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതിനാല്‍ എല്ലാം പാതിവഴിയിലാണ്.
തുറമുഖ വികസനത്തിന് മുതല്‍ക്കൂട്ടാകുമായിരുന്ന മാരി ടൈം ബോര്‍ഡിന്റെ തീരുമാനങ്ങളും നിര്‍ദേശങ്ങളും ജലരേഖയായി മാറിയിരിക്കുകയാണ്. തുറമുഖവകുപ്പു മന്ത്രിയായി കണ്ണൂരില്‍ നിന്നൊരാള്‍ ഉള്ളപ്പോഴാണ് അഴീക്കല്‍ തുറമുഖത്തിന് ശാപമോക്ഷം കിട്ടാത്തതെന്നത് വ്യപാര-വ്യവസായ മേഖലയിലും പൊതു സമൂഹത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ചരക്കു കപ്പലുകള്‍ യഥേഷ്ടം വരികയും വ്യവസായരംഗത്ത് പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ കഴിയുകയും ചെയ്യുമെന്ന സ്വപ്നമാണ് തുറമുഖ വികസനം പാതിവഴിയിലായതോടെ കടലെടുത്തത്. തുറമുഖ വികസനത്തിനായി 500 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്ന നിര്‍ദേശം ഇതുവരെ നടപ്പിലായിട്ടില്ല.
ക്രൂസെജ് ടെര്‍മിനല്‍ എന്ന നിര്‍ദേശവും കപ്പല്ച്ചാല് ആഴം കൂട്ടാന്‍ ഡ്രഡ്ജിങ് ചെയ്യണം എന്ന നിര്‍ദേശവും ഇപ്പോഴും ഫയലുകളില്‍ ഉറങ്ങുകയാണ്. അഴീക്കല്‍ തുറമുഖത്തു കപ്പല്‍ വരണമെങ്കില്‍ ചരക്കു കയറ്റുമതി, ഇറക്കുമതി ഇടപാടുകള്‍ നടക്കണം. അതിനായി ട്രേഡ് മീറ്റുകള്‍ നടത്തണം. എന്നാല്‍ ഇതൊന്നും ഏറെക്കാലമായി നടക്കുന്നില്ലെന്നാണ് വ്യവസായികള്‍ പറയുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണെണ്ടന്ന് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നുണ്ടെങ്കിലും 2013 ന് ശേഷം ഇവിടെ എത്ര കപ്പല്‍ വന്നുവെന്നോ എത്ര ചരക്കുകള്‍ കയറ്റിയിറക്കിയെന്നോ പറയാന്‍ അധികൃതര്‍ക്ക് വ്യക്തമായ കണക്കില്ല. 30 കണ്ടൈനര്‍ കയറ്റാന്‍ കഴിയുന്ന ഗ്ലോറിഫൈ ബാര്‍ജ് സ്ഥാപിക്കണമെന്ന നിര്‍ദേശവും ഇനിയും നടപ്പിലായിട്ടില്ല.
അഴീക്കല്‍ തുറമുഖമെന്ന ആവശ്യത്തിന് 60 വര്‍ഷം പ്രായമുണ്ട്. 500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്തണമെന്നും സ്പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. റവന്യു വകുപ്പിന്റെ കയ്യിലുള്ള 200 ഏക്കര്‍ ഭൂമി തുറമുഖ വകുപ്പിന് കൈമാറണമെന്നും ലക്ഷദ്വീപ് അധികാരികളുടെ താല്പര്യപ്രകാരമുള്ള ഗതാഗത സംവിധാനം ഉണ്ടാകണമെന്നും ആവശ്യം ഉയര്‍ന്നിട്ടും വര്‍ഷങ്ങളായി.
കണ്ണൂരില്‍ വിമാനത്താവളം യാഥാര്‍ഥ്യമായതോടെ അഴീക്കല്‍ തുറമുഖത്തിന് പ്രാധാന്യമേറെയാണ്. എയര്‍പോര്‍ട്ടില്‍ നിന്നും അഴീക്കല്‍ തുറമുഖത്തേക്ക് റോഡ് വരികയാണെങ്കില്‍ കൂടുതല്‍ വികസനം സാധ്യമാകും. വാഗമണ്ഡലത്തു നിന്നും അഴീക്കല്‍ തുറമുഖത്തേക്ക് മലയോര ഹൈവേ വന്നാല്‍ മുഖച്ഛായ തന്നെ മാറുന്ന വികസനം യാഥാര്‍ഥ്യമാകും. തുറമുഖവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിന്റെ വികസന കൂട്ടായ്മയായ എമേര്‍ജിങ് കണ്ണൂരിനു വേണ്ടി പ്രസ് ക്ലബ്, ദിശ, കേരള ചേമ്പര്‍ എന്നീ സംഘടനകള്‍ സംയുക്തമായി മുഖ്യമന്ത്രി പിണറായി വിജയനും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിക്കും നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: