കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് കോഴിക്കോട്ട് മഹിളാമാര്‍ച്ച്. മഹിളാമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. കോഴിക്കോട്ടെ മഹിളകളുടെ കരുത്തു തെളിയിക്കുന്നതായി മാര്‍ച്ച്. കമ്മീഷണര്‍ ഓഫീസിന് സമീപം ബാരിക്കേഡ് ഉയര്‍ത്തി പോലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡിനുമുകളില്‍ കയറി നിന്ന് മഹിളാപ്രവര്‍ത്തകര്‍ ബിജെപി കൊടി കെട്ടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജലീലിനെ സംരക്ഷിക്കാന്‍ വേണ്ടി മുഖ്യമന്ത്രിക്കുള്ള അടുത്ത ബന്ധമെന്തെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിസഭയില്‍ കെ.ടി. ജലീലിന്റെ ജോലി ഇടനിലക്കാരന് എന്ന നിലയിലാണ്. ജലീലിന്റെ സ്രോതസ്സ് മുഖ്യമന്ത്രിയുടേത് കൂടിയാണ്. ജലീല്‍ രാജിവെച്ചാല്‍ മുഖ്യമന്ത്രി കൂടി രാജിവെക്കേണ്ടതായി വരും. അതുകൊണ്ടാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ടായിട്ടും മുഖ്യമന്ത്രി ജലീലിനെതിരെ നടപടി സ്വീകരിക്കാത്തതെന്നും എം.ടി. രമേശ് ആരോപിച്ചു.
മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യ മുരളി അദ്ധ്യക്ഷയായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്, ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, സംസ്ഥാന സമിതി അംഗങ്ങളായ പി. രമണീഭായ്, ജയാ സദാനന്ദന്, ജില്ലാ ജനറല്‍ സെക്രട്ടറി ലൂസിയാമ്മ അലി അക്ബര്‍, കെ.പി. വിജയലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘമാണ് മാര്‍ച്ചിനെ നേരിടാന്‍ ഉണ്ടായിരുന്നത്. മഫ്തിയിലുള്ള വിരലിലെണ്ണാവുന്ന വനിതാ പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: