വൈദ്യ പഠനരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കാവുന്ന രണ്ട് ബില്ലുകള്‍ ലോക്സഭ പാസ്സാക്കിയിരിക്കുന്നു. ആയുര്‍വേദമടക്കമുള്ള ഭാരതീയ പാരമ്പര്യ ചികിത്സാരീതി മെച്ചപ്പെടുത്താനും പ്രചാരത്തിലാക്കാനും ഉതകുന്ന നാഷണല്‍ കമ്മീഷന് ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന് ബില്‍, നാഷണല്‍ ഹോമിയോപ്പതിക് ബില്‍ എന്നിവയാണ് നിയമമായിരിക്കുന്നത്. ആയുഷ് മന്ത്രാലയം കൊണ്ടുവന്ന രണ്ട് ബില്ലുകളും നേരത്തെ രാജ്യസഭ പാസ്സാക്കിയിരുന്നു. ഇനി രാഷ്ട്രപതി കൂടി ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിലാവും. 1970 ലെ ഇന്ത്യന്‍ മെഡിസിന് സെന്‍ട്രല്‍ കൗണ്‍സില്‍ ആക്ടിനും, 1973 ലെ ഹോമിയോപ്പതി സെന്‍ട്രല്‍ കൗണ്‍സില്‍ ആക്ടിനും പകരമായാണ് പുതിയ ബില്ലുകള്‍ കൊണ്ടുവന്നത്. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതി എന്നിവയെ ശക്തിപ്പെടുത്തുന്ന ഈ രണ്ട് നിയമനിര്‍മാണങ്ങള്‍ ആയുര്‍വേദ-ഹോമിയോപ്പതി പഠനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ രീതികളുടെ വിദ്യാഭ്യാസം, ഗവേഷണം, പ്രചാരം എന്നിവയ്ക്കായി ഒന്നാം മോദി സര്‍ക്കാര്‍ രൂപം നല്കിയ ആയുഷ് വകുപ്പിന്റെ ചരിത്രത്തിലെ നാഴികക്കല്ലായാണ് പുതിയ നിയമ നിര്‍മാണങ്ങളെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. വിവിധ വൈദ്യശാസ്ത്ര ശാഖകളെ ക്രിയാത്മകമായി സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്ര ചികിത്സാരീതി വേണമെന്നത് ഈ രംഗത്തെ ആധികാരിക വക്താക്കള്‍ പലരും മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശമാണ്. ഏതെങ്കിലും ഒരു ചികിത്സാ പദ്ധതിയെ മാത്രം ആശ്രയിക്കാതെ രോഗികള്‍ക്ക് പൂര്‍ണാരോഗ്യവും സ്വാസ്ഥ്യവും പ്രദാനം ചെയ്യുന്ന രീതികള്‍ ആവിഷ്കരിക്കപ്പെടണം. ലോകത്തിന്റെ പല ഭാഗങ്ങളിലും പാരമ്പര്യ-ആധുനിക ചികിത്സാ രീതികളെ സമന്വയിപ്പിച്ച് സമഗ്ര ചികിത്സാ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. മനുഷ്യര്‍ക്ക് ആയുരാരോഗ്യ സൗഖ്യം നല്കാന് കഴിയുന്നതും, സഹസ്രാബ്ദങ്ങളെ അതിജീവിച്ച് മുന്നേറുന്നതുമായ ആയുര്‍വേദത്തിനും യോഗയ്ക്കും മറ്റും ഇക്കാര്യത്തില്‍ അളവറ്റ സംഭാവനകള്‍ നല്കാന് കഴിയും. ആയുര്‍വേദത്തിന്റെ അസുലഭമായ സിദ്ധികള്‍ ആധുനിക ചികിത്സാ രീതികളുമായി കൂട്ടിയിണക്കേണ്ടതുണ്ട്. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആയുഷ് മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം തന്നെ സമൂഹത്തില്‍ ഗുണകരമായ മനോഭാവം സൃഷ്ടിക്കാന്‍ ഈ വകുപ്പിന്റെ പ്രവര്‍ത്തനംകൊണ്ട് കഴിഞ്ഞിരിക്കുന്നു. ആയുര്‍വേദം മറ്റ് ചികിത്സാ സമ്പ്രദായങ്ങളെ തുറന്ന മനസ്സോടെ സമീപിക്കുമ്പോള്‍ പാശ്ചാത്യ ചികിത്സാ രീതികളുടെ വക്താക്കളില്നിന്ന് പലപ്പോഴും അനുകൂലമായ പ്രതികരണമല്ല ഉണ്ടാകാറുള്ളത്. രോഗങ്ങളെ ചികിത്സിക്കുന്നതിനു പകരം രോഗികളെ ചികിത്സിക്കുന്ന ആയുര്‍വേദത്തിന്റെ മഹത്വത്തെ ബോധപൂര്‍വം ഇടിച്ചുതാഴ്ത്തുന്ന പ്രവണത വൈദ്യശാസ്ത്ര മേഖലയിലുണ്ട്. ആധുനിക പാശ്ചാത്യ വൈദ്യശാസ്ത്രത്തിനും, അതിന്റെ അടിസ്ഥാനത്തിലുള്ള ചികിത്സാരീതികള്‍ക്കും അത്യദ്ഭുതകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് അനിഷേധ്യമായ സത്യമാണ്. എങ്കിലും മാരകമായ പല രോഗങ്ങള്‍ക്കും മുന്നില്‍ അത് നിസ്സഹായമാണ്. മനുഷ്യരില്‍ പടര്‍ന്നുപിടിക്കുന്ന ജീവിതശൈലീ രോഗങ്ങളെ നിതാന്തമായി ചികിത്സിച്ചുകൊണ്ടിരിക്കാമെന്നല്ലാതെ രോഗമുക്തി എന്നൊന്ന് അലോപ്പതിയില്ലല്ലോ. അലോപ്പതി ചികിത്സാ രംഗത്തെ അടക്കിഭരിക്കുന്ന കച്ചവടവല്‍ക്കരണം ജനകീയാരോഗ്യം എന്ന ലക്ഷ്യത്തെ അനുദിനം വിദൂരമാക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തില്‍ ചെലവുകുറഞ്ഞതും താരതമ്യേന പാര്‍ശ്വഫലങ്ങള്‍ വളരെ കുറഞ്ഞതുമായ ആയുര്‍വേദവും ഹോമിയോപ്പതിയുമടക്കമുള്ള പാരമ്പര്യ ചികിത്സാ രീതികള്‍ ജനങ്ങള്‍ക്ക് അനുഗ്രഹമാകുന്നു.
മരുന്നോ പ്രതിരോധ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത കോവിഡ് മഹാമാരി ലോകമെമ്പാടും ഒരു നിശ്ശബ്ദ കൊലയാളിയെപ്പോലെ ജനകോടികളെ കൊന്നൊടുക്കുമ്പോള്‍ ചികിത്സാരീതികളെക്കാള്‍ ജനങ്ങളുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കുമാണ് പ്രാധാന്യം. അലോപ്പതിയെക്കാള്‍ ആയുര്‍വേദത്തിനും യോഗയ്ക്കും ഹോമിയോപ്പതിക്കും ഇത് നല്കാനാവുന്നു എന്നത് ഇപ്പോള്‍ അനുഭവ സത്യമാണ്. പക്ഷേ അലോപ്പതിയുടെ വക്താക്കള്‍ ഇത് അംഗീകരിക്കാന്‍ മടിക്കുന്നു. കോവിഡ് രോഗമുക്തി വന്നവരുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് പാരമ്പര്യ ചികിത്സാ രീതികളും ഔഷധങ്ങളും ഉപയോഗിക്കാമെന്ന് ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ചതിനോട് അനുകൂലമായല്ല അലോപ്പതി രംഗത്തുള്ളവര്‍ പ്രതികരിക്കുന്നത്. സമാനമായ നിര്‍ദ്ദേശം വച്ചതിന് കേരളത്തിലെ ആരോഗ്യമന്ത്രിയും കടന്നാക്രമിക്കപ്പെട്ടു. ആരോഗ്യ ചികിത്സാ രംഗത്തെ അഭികാമ്യമല്ലാത്ത ഈ അവസ്ഥയ്ക്ക് കാതലായ മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ പാരമ്പര്യ ചികിത്സാ രീതികളെ പരിപോഷിപ്പിക്കാനുതകുന്ന ആയുഷ് മന്ത്രാലയത്തിന്റെ നിയമനിര്‍മാണങ്ങളെ സ്വാഗതം ചെയ്യേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: