കേരളത്തിന് അപരിചിതമായ പേരായിരുന്നു ബണ്ടിച്ചോര്‍. കവര്‍ച്ചയ്ക്ക് പുതുപുത്തന്‍ മാര്‍ഗങ്ങള്‍ അവലംബിച്ച ബണ്ടിച്ചോര്‍ കേരളത്തിന് പുറത്ത് സുപരിചിതനായിരുന്നു. ഓര്‍ക്കാപ്പുറത്താണ് ബണ്ടിച്ചോര്‍ കേരളത്തിലെത്തുന്നത്. ഒന്നല്ല, ഒന്നൊന്നര കവര്‍ച്ച. കാറും കാശും കവര്‍ന്ന ബണ്ടിച്ചോര്‍ തമിഴ്നാട് വഴി കര്‍ണാടകയില്‍ കടക്കാനുള്ള യാത്രയ്ക്കിടയില്‍ പിടിക്കപ്പെട്ടു. ബണ്ടിച്ചോര്പോലും പ്രതീക്ഷിക്കാത്ത ജാഗ്രതയോടെയാണ് കേരളപോലീസ് ഇയാളെ പിടികൂടിയത്. ഇപ്പോള്‍ എന്ത് സംഭവിച്ചു. ആര്‍ക്കും ഒരെത്തുംപിടിയുമില്ല. കേരളാ പോലീസിനെ ആരെങ്കിലും വന്ധ്യംകരണംചെയ്തോ.
പലകേസുകളിലെയും പ്രതികള്‍ പിടിക്കപ്പെടുന്നില്ല, പിടിച്ചാലും കുറ്റപത്രം സമര്‍പ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ എത്രയുംവേഗം ജാമ്യത്തിലിറങ്ങുന്നു. ശംഭോ മഹാദേവ എന്ന അവസ്ഥ.
കള്ളന് കാവല്‍ നില്‍ക്കുകയും സംരക്ഷണം നല്‍കാനും പോലീസും മന്ത്രിമാര്‍തന്നെയും ശ്രമിക്കുമ്പോള്‍ കക്കാനും കടന്നുകളയാനും ഏത് കള്ളനും നിഷ്പ്രയാസം കഴിയുമെന്ന് ആര്‍ക്കാണറിയാത്തത്?
കഴിഞ്ഞ ദിവസം കേരളത്തില്‍ ടൂറിസം സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് ഒരു വാര്‍ത്താസമ്മേളനം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. എല്ലാം നുണപ്രചരണങ്ങള്‍ എന്നാണ് കടകംപള്ളി പറയുന്നത്. മന്ത്രിയുടെ മകനുവേണ്ടി യുഎഇ കൗണ്‍സിലേറ്റില്‍ ചെന്നത് ഇതുവരെയും ചര്‍ച്ചയായിട്ടില്ല. പക്ഷെ മന്ത്രി നേരത്തെതന്നെ പറഞ്ഞു, പ്രോട്ടോകോള്‍! അതെന്താണ്? ഞങ്ങളെപ്പോലുള്ള പാവങ്ങള്‍ അറിഞ്ഞിട്ടേയില്ല. അയ്യോ പാവം! സാക്ഷരകേരളത്തിന്റെ മന്ത്രിയാണത്രെ. മന്ത്രിയും എംഎല്‍എയും ആകുംമുന്പ് കടകംപള്ളിക്ക് അറിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അത് വ്യാജവാറ്റ് കേസില്‍ ജയിലില്‍ കഴിയുന്ന മണിച്ചനറിയാം. മണിച്ചന് അന്വേഷണ ഉദ്യോഗസ്ഥനോട് തുറന്നുപറഞ്ഞ പലകാര്യങ്ങളും പരിശോധിച്ചാല്‍ കടകംപള്ളി ആരാണെന്ന് മലയാളികള്‍ അത്ഭുതത്തോടെ മാത്രമേ ശ്രദ്ധിക്കൂ. അതുമൊത്തം ഈ ലേഖകന്റെ കയ്യിലുണ്ട്. കടകംപള്ളി സമ്മതിച്ചാല്‍ അതുമുഴുവന്‍ വെളിപ്പെടുത്താനും മടിയില്ല.
സ്വപ്നയുമായുള്ള ബന്ധം ജന്മഭൂമി ആദ്യം പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ നെറ്റിചുളിച്ചു. ശെരിയാണോ എന്നാരാഞ്ഞു. ഇന്നിപ്പോള്‍ എല്ലാ മാധ്യമങ്ങളും ജന്മഭൂമിയുടെ വഴിയേയാണ്. പല കേന്ദ്ര ഏജന്‍സികളും ജലീലിന്റെ അവിഹിത ഇടപാടുകളുടെ പിറകേയാണ്. ഇനിയുംവരും ഏജന്‍സികള്‍ പലതും. ഖുറാന്റെയും ഈന്തപ്പഴത്തിന്റെയും ഇറക്കുമതി മാത്രമല്ല സ്വര്‍ണക്കടത്തിന്റെ കാണാച്ചരടുകളും അന്വേഷണ സംഘം കണ്ടെത്തുകതന്നെചെയ്യും. അതിനെ ഇസ്ലാംവിരുദ്ധമെന്നും മതവെറിയെന്നുമൊക്കെ പറഞ്ഞാലും ആരും വിശ്വസിക്കില്ല. ഇന്ത്യയെ മോചിപ്പിക്കാന്‍ ഇസ്ലാം വേണമെന്ന സിമിയുടെ പ്രചാരണത്തിന്റെ സന്ദേശവാഹകനായിരുന്ന ജലീല്കമ്മ്യൂണലിസം വിട്ട് കമ്മ്യൂണിസം സ്വീകരിച്ചത് വെറുമൊരു അടവുനയമാണ്. കാക്കകുളിച്ചാല് കൊക്കാവില്ലെന്നപോലെ ജലീല്‍ ഏതുകുളത്തില് മുങ്ങിയാലും കമ്മ്യൂണിസ്റ്റാവില്ല. പിണറായിക്കറിയാത്ത ഈ സത്യം അരിയാഹാരം കഴിക്കുന്ന എല്ലാ സഖാക്കള്‍ക്കും വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ ജലീലിനെ പുറത്താക്കൂ, കേരളത്തെ രക്ഷിക്കൂ എന്ന നിലപാടാകും കേരളത്തിലെ സഖാക്കള്‍ സ്വീകരിക്കുക. പ്രതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ വാദിക്കുക. ലക്ഷങ്ങള്‍ ഫീസ് നല്കി വക്കീലന്മാരെ ഏര്‍പ്പാടാക്കുക, സുപ്രീംകോടതിവരെ കേസുകെട്ടുമായി ചെല്ലുക, മടിയില്‍ ഒട്ടും കനമില്ലെങ്കില്‍ എന്തിന് പേടിക്കണം സിബിഐയെ?
അല്ലറ ചില്ലറ മോഷണങ്ങള്‍ ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രസഭകള്‍ മുതല്‍ കേട്ടതാണ്. രണ്ടാം മന്ത്രിസഭക്കാലത്ത് അഴിമതിക്കഥകളാണ് ഭരണത്തിന്റെ പതനത്തില്വരെ എത്തിയത്. എന്നാലിപ്പോള്‍ മന്ത്രിമാരുടെ അഴിമതിക്കഥകള്‍ക്ക് പഞ്ഞമൊന്നുമില്ല. അതിനെക്കാള്‍ ഭീകരമാണ് മന്ത്രിമക്കളും അനുചരന്മാരും നടത്തുന്ന തീവെട്ടിക്കൊള്ളകള്‍ അതാകട്ടെ ബണ്ടിച്ചോറിനെ വെല്ലുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: