കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി. കമറുദ്ദീന് ചെയര്‍മാനായ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ 135 കോടി രൂപ മുസ്ലിം ലീഗ് നിക്ഷേപകര്‍ക്ക് തിരികെ നല്‍കാമെന്ന വാഗ്ദാനത്തില്‍ ദുരൂഹത. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാമെന്ന് ലീഗ് പറയുന്നതില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. ഇരുപതിനായിരം രൂപയില്‍ കൂടുതല്‍ സംഭാവന പണമായി സ്വീകരിക്കുന്നതിന് നിയമ തടസമുള്ളപ്പോള്‍ 135 കോടി രൂപ എവിടെ നിന്ന് ലീഗിന് കിട്ടുമെന്ന ചോദ്യമാണ് ഉയരുന്നത്. കമറുദ്ദീന് വെട്ടിച്ച പണം തിരികെ കൊടുക്കുന്നതിന് ഫണ്ട് സമാഹരിക്കാനായി ലീഗ് നേതൃത്വം ശ്രമങ്ങള്‍ തുടങ്ങിയതായി ആരോപണമുണ്ട്.
രാഷ്ട്രീയ പാര്‍ട്ടിയായ ലീഗ് ഈ പണം എവിടെനിന്ന് സമാഹരിക്കുമെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. ഇത്ര വലിയ തട്ടിപ്പ് നടത്തിയ കമറുദ്ദീനെ സംരക്ഷിക്കുന്നത് സിപിഎമ്മാണ്. കമറുദ്ദീനെ മഞ്ചേശ്വരത്ത് ജയിപ്പിച്ചതും സിപിഎമ്മാണെന്ന് സുരേന്ദ്രന് പറഞ്ഞു. എല്ലാവര്ക്കും പണം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്ന് കെ. സുരേന്ദ്രന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം, നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കിയുള്ള പ്രശ്ന പരിഹാരത്തിനായി ലീഗിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. കേസിലെ പ്രതികളായ ലീഗ് നേതാക്കളുമായി സംസാരിക്കുന്നതിന് സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയ ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ നടത്തിയ ആദ്യഘട്ട ചര്‍ച്ചയില്‍ എം.സി. കമറുദ്ദീന് മാത്രമാണ് പങ്കെടുത്തത്. എം.സി. കമറുദ്ദീന് ചെയര്‍മാനും ടി.കെ. പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായ കമ്പനിയുടെ ആസ്തി വിവരങ്ങളും നിക്ഷേപകര്‍ക്ക് എത്ര തുക നല്‍കാനുണ്ടെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളുമാണ് ഇപ്പോള്‍ ശേഖരിക്കുന്നത്.
പ്രാഥമികമായി കമറുദ്ദീന്റെ ആസ്തിവിവരങ്ങളും കടബാധ്യത സംബന്ധിച്ച കാര്യങ്ങളും പരിശോധിക്കും. ആദ്യഘട്ടത്തില്‍ ചെറിയ ഇടപാടുകാര്‍ക്ക് മുന്‍ഗണന നല്‍കിയാകും പ്രശ്ന പരിഹാരമുണ്ടാവുകയെന്നാണ് സൂചന. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ പരാതികള്‍ ഒത്തുതീര്‍പ്പാക്കാനുള്ള നീക്കവും വേഗത്തിലാക്കിയിട്ടുണ്ട്. ഇത്രയും തുക സമാഹരിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നേ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണുമെന്നതാണ് മുസ്ലിം ലീഗിനെ കുഴക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: