ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉന്നത ബന്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. കേസില്‍ ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്തതായും കസ്റ്റംസും എന്‍ഐഎയും പഴുതടച്ചുള്ള അന്വേഷണമാണ് തുടരുന്നതെന്നും കേന്ദ്ര ധന സഹമന്ത്രി അനുരാഗ് താക്കൂര്‍ ലോക്സഭയെ അറിയിച്ചു. എന്‍.കെ. പ്രേമചന്ദ്രന് അടക്കമുള്ള യുഡിഎഫ് എംപിമാര്‍ നല്കിയ ചോദ്യത്തിന് മറുപടിയായാണ് കേസിന്റെ വിശദാംശങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടത്.
സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതി ഉന്നത സ്വാധീനമുള്ളയാളാണെന്ന് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ ഉന്നത സ്വാധീനം അന്വേഷണത്തെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. നയതന്ത്രബാഗ് ഉപയോഗിച്ചാണ് സ്വര്‍ണക്കടത്ത് നടത്തിയത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് കേസന്വേഷണത്തെ ബാധിക്കും.
ഇത്തരത്തില്‍ സ്വര്‍ണക്കടത്ത് നടക്കുന്ന വിവരം കസ്റ്റംസ് ജൂലൈയില്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. നയതന്ത്ര ബാഗില്‍ വന്ന സ്വര്‍ണത്തെപ്പറ്റി ജൂലൈ 20ന് കൊച്ചിയിലെ കമ്മീഷണര്‍ ഓഫ് കസ്റ്റംസ് പ്രിവന്റീവ് ആണ് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ജനറലിന് വന്ന ബാഗേജ് തുറന്ന് പരിശോധിക്കാന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്കി. 30.25 കിലോ സ്വര്‍ണമാണ് കസ്റ്റംസ് ബാഗില്‍ നിന്ന് കണ്ടെടുത്ത്. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസും ദേശീയ സുരക്ഷാ ഏജന്‍സിയും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 16 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തിലെ രണ്ട് സ്വര്‍ണക്കടത്ത് കേസുകള്‍ അന്വേഷിക്കുന്നു. ഫെമ ലംഘനങ്ങളുടെ പേരില്‍ അഞ്ചു കേസുകളാണ് രാജ്യമെങ്ങും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നതെന്നും അനുരാഗ് താക്കൂര്‍ മറുപടിയില്‍ വ്യക്തമാക്കി.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ 2015-16ല്‍ 2,452 കിലോ സ്വര്‍ണവും 2016-17ല്‍ 921 കിലോ സ്വര്‍ണവും കടത്തി. 2017-18ല്‍ 531 കോടി രൂപ വിലമതിക്കുന്ന 1,996 കിലോ സ്വര്‍ണമാണ് കടത്തിയത്. 2018-19ല്‍ 2,946 കിലോ സ്വര്‍ണം കടത്തി. 2019-20ല്‍ 857 കോടി രൂപ വരുന്ന 2,629 കിലോ സ്വര്‍ണവും 2020 ഏപ്രില്‍ മുതല്‍ ഇതുവരെ 103 കിലോ സ്വര്‍ണവുമാണ് ഇന്ത്യയിലേക്ക് കള്ളക്കടത്തായി കൊണ്ടുവന്നത്, മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: