പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടി കേരളത്തിന്റെ മനഃസാക്ഷിയെ ക്രൂശിക്കുന്നതും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതുമാണ്. ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചും ഡിവിഷന് ബഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും ഇത് അംഗീകരിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ തങ്ങള്‍ കൊലപാതക രാഷ്ട്രീയത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതാണ് കേസ്. പ്രമുഖ സിപിഎം നേതാക്കളടക്കം പതിനാല് പേര് പ്രതികളായതാണ് എന്തുവിലകൊടുത്തും അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ മനുഷ്യസ്നേഹമോ ജനവികാരമോ രാഷ്ട്രീയ ധാര്‍മികതയോ ഒന്നും തങ്ങള്‍ക്ക് പ്രശ്നമല്ലെന്ന് പിണറായി സര്‍ക്കാര്‍ ആവര്‍ത്തിച്ച് തെളിയിക്കുകയാണ്.
നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു എന്നതാണ് കേസ് സിബിഐയ്ക്ക് വിട്ടതിനെ സര്‍ക്കാര്‍ എതിര്‍ക്കാന്‍ കാരണം. അനുകൂലമായ രണ്ട് വിധികളുണ്ടായിട്ടും കുറ്റപത്രം സിബിഐയ്ക്ക് കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. ഇക്കാര്യം സിബിഐ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അനുമതി തേടി മേലുദ്യോഗസ്ഥര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്ന തൊടുന്യായം പറയുകയാണ് ക്രൈംബ്രാഞ്ച്. കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവുകള്‍ വ്യക്തമായിരിക്കെ അത് നടപ്പാക്കാന്‍ മറ്റാരുടെയും അനുമതി ആവശ്യമില്ല. എന്നിട്ടും ഉരുണ്ടുകളിക്കുന്ന ക്രൈംബ്രാഞ്ച് തങ്ങള്‍ക്ക് വലുത് നീതിപീഠത്തിന്റെ നിര്‍ദ്ദേശമല്ലെന്നും, സിപിഎമ്മിന്റെ രാഷ്ട്രീയ താല്‍പ്പര്യമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ക്രൈംബ്രാഞ്ചിന്റെ നടപടി നീതിപീഠത്തെ ധിക്കരിക്കുന്നതിന് തുല്യമാണ്. ഇടതുഭരണത്തില്‍ പോലീസ് സിപിഎമ്മിന്റെ ചട്ടുകമായി അധഃപതിക്കുന്നതിന് ഉദാഹരണമാണിത്.
രാഷ്ട്രീയ പ്രതിയോഗികളെ ആശയപരമായി നേരിടുന്നതിനു പകരം അവരെ കൊന്നൊടുക്കുകയെന്നത് സിപിഎമ്മിന്റെ ഔദ്യോഗിക നയം തന്നെയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നൂറുകണക്കിനാളുകള്‍ ഇപ്രകാരം പൈശാചികമായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍പ്പെടുന്ന രണ്ടുപേരാണ് പെരിയയിലെ കൃപേഷും ശരത്ലാലും. രണ്ടു പേരെയും ഉന്മൂലനം ചെയ്യാന്‍ സിപിഎം നേതൃത്വം തീരുമാനിക്കുകയും അത് നടപ്പാക്കുകയുമായിരുന്നു. ഭരണത്തിന്റെ സ്വാധീനത്തില്‍ പോലീസിനെ ഉപയോഗിച്ച്, കൊന്നവരെ രക്ഷിക്കാനും കൊല്ലിച്ചവരിലേക്ക് അന്വേഷണം നീളാതിരിക്കാനും സിപിഎം ശ്രമിക്കുന്നു. ഇതിനൊപ്പമാണ് സര്‍ക്കാരും. ഇതിനുവേണ്ടി ഏതറ്റംവരെ പോകാനും സര്‍ക്കാരിന് മടിയില്ലെന്നതിന് തെളിവാണ് സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീം കോടതിയില്‍വരെ എത്തിയിരിക്കുന്നത്. ഇത് വിജയിക്കാന്‍ പാടില്ല. കൊല ചെയ്യപ്പെട്ടവരുടെ കുടുംബങ്ങള്‍ തടസ്സ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
അക്രമ രാഷ്ട്രീയം സിപിഎമ്മിന് രാഷ്ട്രീയ പരിപാടിയാണ്. ഇത് അതേപടി പിണറായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണ് പെരിയ കൊലക്കേസില്‍ കണ്ടത്. കേസുകള്‍ എന്തായിരുന്നാലും നീതി നിഷേധിക്കപ്പെടുന്നവര്ക്കൊപ്പമായിരിക്കണം സര്‍ക്കാര്‍ നില്‍ക്കേണ്ടത്. എന്നാല്‍ ഇവിടെ വാദിയെ തള്ളി പ്രതികള്‍ക്കൊപ്പം നിലയുറപ്പിക്കുകയാണ്
പിണറായി സര്‍ക്കാര്‍. വേട്ടക്കാര്‍ക്കുവേണ്ടി വാദിക്കാന്‍ അഭിഭാഷകരെ ഇറക്കുമതി ചെയ്ത വകയില്‍ 88 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിച്ചത്. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിയില്‍ സര്‍ക്കാരിനെതിരെ ഉണ്ടായ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാനായിരുന്നു ഇതെന്ന് സിപിഎം നേതാക്കള്‍ വാദിച്ചിരുന്നു. ഡിവിഷന് ബഞ്ചിന്റെ വിധിയില്‍ അതുണ്ടാവുകയും ചെയ്തു. പിന്നെയെന്തിനാണ് കൊലപാതകികളെ സംരക്ഷിക്കാന്‍ നികുതിപ്പണം ചെലവാക്കി സുപ്രീംകോടതിയില്‍ പോകുന്നത്? സിപിഎമ്മും സര്‍ക്കാരും ഇതിന് മറുപടി നല്‍കണം.
മാനവ സാഹോദര്യത്തെക്കുറിച്ച് അധരവ്യായാമം നടത്തുമെങ്കിലും മനുഷ്യസ്നേഹം തൊട്ടുതെറിക്കാതെയുള്ള അടിച്ചമര്‍ത്തലുകളുടെയും കൂട്ടക്കൊലകളുടെയും ആകെത്തുകയാണ് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം. ഇതില്‍ അഭിമാനംകൊള്ളുന്ന സിപിഎമ്മില്‍നിന്ന് മറിച്ച് പ്രതീക്ഷിക്കാനാവില്ല. മനുഷ്യന് അധഃപതിച്ചാല്‍ മൃഗമാവുമെന്നും ആ മൃഗം അധഃപതിച്ചാല്‍ കമ്യൂണിസ്റ്റാകുമെന്നും പറഞ്ഞത് ഒരുകാലത്ത് കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന ജോസഫ് മുണ്ടശ്ശേരിയാണല്ലോ. ഒരിക്കല്‍ കൊടി പാറിച്ചിരുന്ന ലോകത്തെ പല രാജ്യങ്ങളില്‍നിന്നും, ബംഗാളും ത്രിപുരയും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നും തുടച്ചുമാറ്റപ്പെട്ട ഈ മനുഷ്യവിരോധികളെ കേരളത്തിന്റെ മണ്ണില്‍ വിഹരിക്കാന്‍ അനുവദിക്കരുത്. ജനാധിപത്യത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് ആ വ്യവസ്ഥിതിയെ ഹൈജാക്കു ചെയ്ത് ഹിംസ അടിച്ചേല്‍പ്പിക്കുന്നതിനെ അംഗീകരിക്കാനാവില്ല. പെരിയ ഇരട്ടക്കൊലയായാലും വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകമായാലും നിക്ഷ്പക്ഷമായ അന്വേഷണത്തിലൂടെ സത്യം മുഴുവന്‍ പുറത്തുവരണം. അതിന് സിബിഐ വന്നേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: