പാരീസ്: മതതീവ്രവാദികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച് ഷാര്‍ലി എബ്ദോ മാഗസിന് പ്രവാചകന്റെ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ച സംഭവത്തില്‍ ഫ്രാന്‍സിനെതിരെ ഭീഷണിയുമായി അല്‍ ഖ്വയ്ദ. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ 12 പേരുടെ മരണത്തിന് ഇരയായ ഫ്രാന്‍സിലെ വാരിക ഷാര്‍ലി എബ്ദോ മതതീവ്രദികളെ ചൊടിപ്പിച്ച പ്രവാചകന്റെ കാര്‍ട്ടൂണ്‍ കഴിഞ്ഞ മാസം പുനഃപ്രസിദ്ധീകരിച്ചിരുന്നു.
2015 ലെ ആക്രമണം ഇനിയും ഉണ്ടാവില്ലെന്ന് വിചാരിക്കുന്നത് തെറ്റാണെന്ന് അല്‍ ഖ്വയ്ദയുടെ മുന്നറിയിപ്പ് നല്കി. അല്‍ ഖ്വയ്ദ പ്രസിദ്ധീകരണത്തിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഈ കാര്‍ട്ടൂണുകളെ നിന്ദ്യമെന്ന് വിശേഷിപ്പിച്ച പ്രസിദ്ധീകരണത്തില്‍ 2015 ലെ ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍കൊയ്സ് ഹൊളണ്ടിനു നല്കിയ അതേ സന്ദേശം തന്നെയാണ് ഇപ്പോഴത്തെ പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിനും നല്കാനുള്ളതെന്നും അല്‍ ഖ്വയ്ദ പറയുന്നു.
പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതിന് 2015 ജനുവരി ഏഴിന് വാരികയുടെ പാരീസ് ഓഫീസില്‍ മുഖംമൂടി ധരിച്ച തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഫ്രാന്‍സിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ 12 പേര് കൊല്ലപ്പെട്ടിരുന്നു. സെയ്ദ്, ഷെരീഫ് കോച്ചി എന്നീ സഹോദരന്മാര് തോക്കുമായെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇരുവരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് 14 അക്രമികളെ പിടികൂടിയിരുന്നു. ഇവരെ ഫ്രഞ്ച് ഭരണകൂടം വിചാരണ ചെയ്യാന്‍ തുടങ്ങവെയാണ് വിവാദ കാര്‍ട്ടൂണ്‍ വാരിക വീണ്ടും പ്രസിദ്ധീകരിച്ചത്.
തങ്ങള്‍ എഴുന്നേറ്റ് തന്നെ നില്‍ക്കുമെന്നും ഞങ്ങള്‍ ഒരിക്കലും മുട്ടുമടക്കില്ലെന്നും ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും വാരികയുടെ ഡയറക്ടര്‍ ലോറന്റ് റിസ് സോറിസോ മുഖപ്രസംഗത്തിലെഴുതി. കവര്‍ ചിത്രത്തില്‍ കൊല്ലപ്പെട്ട ജീന്‍ കാബുട്ട് വരച്ച മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തി. ‘വെറും ഇതിന്റെ പേരില്‍, അതെല്ലാം’ എന്ന വലിയ തലക്കെട്ടും നല്‍കിയിരുന്നു. ഭീഷണിയുമായി മതതീവ്രവാദികള്‍ വീണ്ടും രംഗത്തുവന്നതോടെ വാരികയുടെ ഓഫീസിന് വന്‍ സുരക്ഷയാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: