മലയാളത്തില്‍ ഒടിടി റിലീസായ മൂന്നാമത്തെ ചിത്രമാണ് ‘കൊന്നപ്പൂക്കളും മാമ്പഴവും’ എന്ന കുട്ടികളുടെ സിനിമ. സൂഫിയും സുജാതയും, മ്യൂസിക്കല്‍ ചെയര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഓണ്‍ലൈന്‍ റിലീസായ ‘കൊന്നപ്പൂക്കളും മാമ്പഴവും’ കുടുംബസദസ്സുകള്‍ നെഞ്ചേറ്റി കഴിഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ എസ്ഐഇടി വിദ്യാഭ്യാസ ചലച്ചിത്ര മേള, ലിഫ്റ്റ് ഇന്ത്യ ഫിലിമോത്സവ് തുടങ്ങി ദേശീയവും അന്തര്‍ദേശീയവുമായ നിരവധി മേളകളില്‍ പ്രശംസ നേടിയ ശേഷമാണ് ചിത്രം ആഗസ്റ്റ് എട്ടിന് ഓണ്‍ലൈന്‍ പ്രദര്‍ശനത്തിനെത്തിയത്.
എസ്. അഭിലാഷ് സംവിധാനം ചെയ്ത ‘കൊന്നപ്പൂക്കളും മാമ്പഴവും’ വര്‍ത്തമാനകാല കൗമാരങ്ങളുടെ ജീവിതപ്രശ്നങ്ങളാണ് പ്രമേയമാക്കുന്നത്. തനിക്കു ചുറ്റുമുള്ള ജീവിതത്തിന്റെ ആവിഷ്കാരമാണ് ഓരോ കലാകാരനും തന്റെ മാധ്യമത്തിലൂടെ നിര്‍വഹിക്കുന്നത്. ക്ലാസ് മുറികളില്‍ തങ്ങളുടെ ഭാവനയും പ്രതിഭയും ഉള്ളിലൊതുക്കി കുട്ടികള്‍ അനുഭവിക്കുന്ന തടവറ സമാനമായ വീര്‍പ്പുമുട്ടുകളെ സിനിമ എന്ന മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് അധ്യാപകന് കൂടിയായ സംവിധായകന്. കൊന്നപ്പൂക്കള്‍ വിരിയുന്ന വിഷുക്കാലവും, താളമേളങ്ങളുടെ ഉത്സവനാളുകളും, മാഞ്ചുവട്ടിലെ മാമ്പഴമാധുര്യവും നിറഞ്ഞ മധ്യവേനല്‍ അവധി കുട്ടികളുടെ ഹരമാണ്. വര്‍ഷാന്ത്യ പരീക്ഷ കഴിഞ്ഞ് നിറഞ്ഞ മനസ്സുമായി കളി സ്ഥലങ്ങളില്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍കൊണ്ട് വിലക്കേര്‍പ്പെടുത്തുന്ന രക്ഷകര്‍ത്താക്കള്‍ക്ക് ഒരു സന്ദേശമാണ് ഈ സിനിമ. പ്രകൃതി എന്ന അമ്മയുടെ മടിത്തട്ടില്‍ മതിവരുവോളം മനസ്സു നിറയ്ക്കാന്‍ വെമ്പുന്ന ബാല്യത്തിന്റെ ചിത്രശലഭങ്ങളെയാണ് ആധുനികജീവിതത്തിന്റെ പ്രായോഗികതാ വാദങ്ങള്‍ ചിറകരിയുന്നത്.
കുട്ടികളുടെ കാര്യത്തില്‍ ഉല്‍കണ്ഠകളും ആപത് ശങ്കകളും അപായഭീതികളുമൊക്കെ മാതാപിതാക്കളെ അമിതമായി ചൂഴ്ന്നു നില്ക്കുന്നു. ഈ ചിത്രത്തിലെ മുതിര്‍ന്ന കഥാപാത്രങ്ങളെല്ലാം കുട്ടികളോട് നിര്‍ദ്ദയമായി പെരുമാറുന്നത് ഈ അപായഭീതിയുടെ മുന്‍വിധികൊണ്ടാണ്. ഭാവിയെപ്പറ്റിയുള്ള അനിശ്ചിതാവസ്ഥ അണുകുടുംബങ്ങളിലെ കുട്ടികളെയാണ് ബലിയാടുകളാക്കുന്നത്.
അവധിക്കാലത്ത് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ്സില്‍ പോകാതെ വീട്ടുകാരറിയാതെ കുട്ടികള്‍ നഗരത്തിലേക്ക് വണ്ടി കയറുന്നു. എന്നാല്‍ പേഴ്സ് നഷ്ടപ്പെട്ടതിനാല്‍ മടക്കയാത്രയ്ക്ക് പണമില്ലാതെ അവര്‍ നഗരത്തില്‍ അലയുന്നു. വീട്ടില്‍ താമസിച്ചെത്തിയ കുട്ടികളെ രക്ഷിതാക്കള്‍ ശിക്ഷിക്കാനൊരുങ്ങുമ്പോള്‍ പക്വമതിയായ മുത്തച്ഛന് രക്ഷിതാക്കളെയാണ് പഴിച്ചത്. ”ഇത് ഇവരുടെ അവധിക്കാലം. ഇത് ഇവര്‍ക്കുള്ളതാണ്. അതിനിടയില്‍ നിങ്ങളുടെ അമിത പ്രതീക്ഷകളും ചിന്തകളും കുത്തിനിറയ്ക്കാന്‍ ശ്രമിച്ചു. ഇവരെ ഇവരാകാന്‍ വിടുക.”- കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രത്തിന്റെ സന്ദേശം ഇതാണ്.
മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ജെയ്ഡന്‍ ഫിലിപ്പാണ് പ്രധാന കഥാപാത്രമായ സ്കൂള്‍ കുട്ടിയെ അവതരിപ്പിക്കുന്നത്. വിവിധ സ്കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശ്രീദര്‍ശ്, സഞ്ജയ്, ജേക്കബ്, ആഹ്റോന്‍, അനഘ സതീശ്, എബിന്, രോഹിത്, ആദര്‍ശ് എന്നീ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആദര്‍ശ് കുര്യന്റെ ഛായാഗ്രഹണവും ഷാരൂണ്‍ സലീമിന്റെ പശ്ചാത്തല സംഗീതവും സനില്‍ മാവേലിയുടെ ഗാനങ്ങളും ഗണേഷ് മാരാരുടെ ശബ്ദ മിശ്രണവും സിനിമയുടെ മികവിന്റെ പ്രധാന ഘടകമാണ്.
കുട്ടികളുടെ സിനിമകളിലെ പതിവ് ക്ലീഷേകളെ ഒഴിവാക്കുന്നതില്‍ സംവിധായകന് അഭിലാഷ് വിജയിച്ചിട്ടുണ്ട്. ഗ്രാമാന്തരീക്ഷവും ഉത്സവ കാഴ്ചകളും നിറഞ്ഞ ആദ്യ പകുതിയില്‍ കഥകളി, പടയണി, ഓട്ടന്തുള്ളല്, പാവക്കൂത്ത്, തിരുവാതിര, കളരിപ്പയറ്റ്, കരകം, തായമ്പക തുടങ്ങി കേരളത്തിന്റെ പൈതൃകകലകളുടെ ദൃശ്യ വിന്യാസങ്ങള്‍ ശ്രദ്ധേയമായി അവതരിപ്പിക്കുന്നു. സബ്ടൈറ്റിലുകളിലൂടെ ഈ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നുമുണ്ട്. നമ്മുടെ ഭാഷയും സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉന്നയിക്കുന്നതില്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് വിജയിച്ചിട്ടുണ്ട്. സാധാരണ മലയാളത്തില്‍ നിര്‍മിക്കുന്ന കുട്ടികളുടെ സിനിമകളില്‍ കാണാത്ത റിയലിസ്റ്റിക് ട്രീറ്റ്മെന്റാണ് ഈ സിനിമയുടെ സവിശേഷത. ഏതാണ്ട് മുഴുവന്‍ അഭിനേതാക്കളും പുതുമുഖങ്ങളാണെങ്കിലും മികച്ച രീതിയില്‍ അവരെ അവതരിപ്പിക്കുവാന്‍ സംവിധായകന് കഴിഞ്ഞു. ചെറിയ കാന്‍വാസിനുള്ളില്‍ കലാമേന്മയുള്ള ഒരു സിനിമയൊരുക്കിയ അഭിലാഷവും സംഘവും അഭിനന്ദനം അര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: