ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദല്‍ഹി പോലീസ് പ്രതിചേര്‍ത്തു. കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് യെച്ചൂരിയെ മുഖ്യ ഗൂഢാലോചനക്കാരനായി വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ അരങ്ങേറിയ കലാപങ്ങളിലെ ഇടതു സംഘടനകളുടെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണ് കുറ്റപത്രം. കേസില്‍ അറസ്റ്റിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് യെച്ചൂരിയെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നതെന്ന് ദല്‍ഹി പോലീസ് അറിയിച്ചു.
സീതാറാം യെച്ചൂരിക്ക് പുറമേ സ്വരാജ് അഭിയാന്‍ നേതാവും മുന്‍ ആപ്പ് നേതാവുമായ യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ദല്‍ഹി സര്‍വ്വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വ്വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരും സപ്ലിമെന്ററി കുറ്റപത്രത്തില്‍ പ്രതികളാണ്.
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളും കലാപകേസിലെ പ്രതികളുമായ ദേവാംഗന കലിത, നതാഷ നര്‍വാള്‍, ജാമിയാ മിലിയയിലെ വിദ്യാര്‍ത്ഥിനി ഗുല്‍ഫിഷ ഫാത്തിമ എന്നിവര്‍ക്കെതിരായ കേസിലെ കുറ്റപത്രത്തിലാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളുടെ പ്രേരണയാലാണ് സംഘര്‍ഷങ്ങളുണ്ടായതെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ നിര്‍ണ്ണായക മൊഴി.
കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെയും കീഴിലുള്ള ദല്‍ഹി പോലീസിന്റെ നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന് യെച്ചൂരി പ്രതികരിച്ചു. പ്രതിപക്ഷ നേതാക്കളുടെ ചോദ്യങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായി ജെഎന്‍യു, ജാമിയാ മിലിയ സര്‍വ്വകലാശാലകളിലെ ഇടത്-ഇസ്ലാമിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരംഭിച്ച പ്രക്ഷോഭം കലാപത്തിലേക്ക് തിരിഞ്ഞതോടെ രാജ്യതലസ്ഥാനം ദിവസങ്ങളോളം സംഘര്‍ഷഭരിതമായിരുന്നു. ദല്‍ഹിയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് ഇരുമതവിഭാഗങ്ങള്‍ തമ്മിലുള്ള കലാപമായി പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരം മാറിയതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി അന്നുമുതല്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫെബ്രുവരിയിലെ ദല്‍ഹി സന്ദര്‍ശനം ലക്ഷ്യമിട്ട് ഇടതു ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണത്തിലാണ് കലാപത്തിന് തുടക്കമെന്ന ആക്ഷേപങ്ങള്‍ക്ക് ശക്തിപകരുന്നതാണ് യെച്ചൂരിയെ പ്രതിചേര്‍ത്ത ദല്‍ഹി പോലീസ് നടപടി. 54 പേരാണ് ദിവസങ്ങള്‍ നീണ്ട കലാപത്തില്‍ ദല്‍ഹിയില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: