കുവൈത്ത് സിറ്റി: കുടുംബത്തെ നാണംകെടുത്തിയെന്ന് ആരോപിച്ച് ഗർഭിണിയായ 35 കാരിയെ സഹോദരൻ ആശുപത്രി ഐസിയുവിൽ കയറി വെടിവെച്ചുകൊന്നു. കുവൈത്ത് സ്വദേശിയായ ഫാത്തിമ അൽ അജ്മിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
വീട്ടിനുള്ളിൽ ഒരു വയസുകാരനായ മകന്റെ മുന്നിൽ വെച്ച് ഫാത്തിമയെ ആദ്യം രണ്ട് തവണ സഹോദരൻ വെടിവെച്ചിരുന്നു. വെടിയൊച്ച കേട്ട് ഒടിയെത്തിയ ഭർത്താവ് ഫാത്തിമയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ എത്തിയ സഹോദരനെ സെക്യൂരിറ്റി ജീവനക്കാർ അകത്തേക്ക് കടത്തിവിട്ടില്ലെങ്കിലും പുറകിലെ വഴിയിലൂടെ ആശുപത്രിയിലേക്ക് പ്രവേശിക്കുകയും ഐസിയുവിനുള്ളിൽ അതിക്രമിച്ചുകയറി നാലുതവണ കൂടി ഫാത്തിമക്ക് നേരെ വെടിവെക്കുകയായിരുന്നു.
രണ്ടുവർഷം മുൻപ് നടന്ന പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിന് കാരണം. പെൺകുട്ടി വിവാഹം കഴിച്ചത് മറ്റൊരു വംശക്കാരനായതിനാൽ അംഗീകരിക്കാനാവില്ലെന്ന പിടിവാശിയിലായിരുന്നു കൊല നടത്തിയ സഹോദരൻ. ക്രൂരമായ കൊലക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാവുകയാണ്.
ഇങ്ങനെ ഒരു സംഭവം കുവൈറ്റിലുണ്ടാകുമെന്ന് ആരും കരുതിയതേയില്ലെന്നും അതും ആശുപത്രിക്കുള്ളിൽ കയറി ഇത്രയും ക്രൂരമായി പ്രതികാര കൊല നടത്തിയയാൾക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്നുമാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: