മുംബൈ: ശിവസേനയുടെ ഭീഷണി അവഗണിച്ച് ബോളിവുഡ് നടി കങ്കണ റണവാത്ത് മുംബൈയിലെത്തി. ചത്രപതി ശിവജി വിമാനത്താവളത്തില്‍ വന്നിറങ്ങിയ കങ്കണ നേരതെ സ്വവസതിയിലേക്കാണ് പോയത്. ഹിമാചല്‍ സര്‍ക്കാരിന്റെ പോലീസും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വൈ കാറ്റഗറി സുരക്ഷാ ഭടന്മാരും കങ്കണക്കൊപ്പമുണ്ട്. കങ്കണയുടെ ഓഫീസിനും വസതിക്കും പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ശിവസേനയുടെ ഭീഷണി കണക്കിലെടുത്ത് വിമാനത്താവളത്തില്‍ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. വിമാനത്താവളത്തിലെത്തിയ കങ്കണയെ പ്രത്യേക ഗേറ്റിലൂടെ വാഹനത്തില്‍ പുറത്തെത്തിക്കുകയായിരുന്നു. സഹോദരി രംഗോലി ചന്ദേലും സിആര്‍പിഎഫ് ജവാന്മാരും കങ്കണയെ അനുഗമിച്ചു. കങ്കണയുടെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ശിവസേനയെ വെല്ലുവിളിച്ചും കര്‍ണിസേന മുംബൈയില്‍ പ്രകടനം നടത്തി.
അതേ സമയം, കങ്കണ റണാവത്തിന്റെ മണികര്‍ണ്ണിക ഓഫീസ് കെട്ടിടം പൊളിക്കാനുള്ള ബിഎംസിയുടെ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. കങ്കണയുടെ അഭിഭാഷകന് കോടതിയില്‍ നല്കിയ പരാതിയില്‍ ഉടന്‍ മറുപടി നല്‍കണമെന്നും മുംബൈ കോര്‍പ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിര്‍മ്മിച്ചത് അനധികൃതമായെന്ന് പറഞ്ഞാണ് ബൃഹത് മുംബൈ കോര്പ്പറേഷന്( ബി.എം.സി.) ഇന്നു രാവിലെ പൊളിക്കല്‍ നടപടി ആരംഭിച്ചത്.
അനധികൃതമായല്ല കെട്ടിടം നിര്‍മിച്ചതെന്നും കൊറോണയുടെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 30 വരെ പൊളിക്കല്‍ നടപടിക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും കങ്കണ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. താരത്തിന്റെ പരാതിയിലാണ് കോടതി കോര്പ്പറേഷന് നടപടി സ്റ്റേ ചെയ്തത്. ധൃതിപിടിച്ചുള്ള നടപടികള്‍ സംശയാസ്പദമാണെന്നും കോടതി വാദത്തിനിടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: