കോഴിക്കോട്: സിപിഎം- ഡിവൈഎഫ്ഐ ഭീഷണിയെ തുടര്‍ന്ന് സജീവ സിപിഎം പ്രവര്ത്തകന് ആത്മഹത്യ ചെയ്തു. കക്കോടി പൂവത്തൂര്‍ പരേതനായ ഗോപാലന് നായരുടെ മകന് പൂവത്തൂര്‍ നിതിനം വീട്ടില്‍ ദിനേശനാണ് തൂങ്ങിമരിച്ചത്. സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനത്തുടര്ന്നുള്ള കടുത്ത മാനസിക സംഘര്‍ഷമാണ് ദിനേശനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
ദിനേശന്റെ വീടിന് സമീപം കണ്ടയിന്മെന്റ് സോണിലെ വഴിയടക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ച മുന്‍പ് തര്‍ക്കം ഉണ്ടായിരുന്നു. വഴി അടയ്ക്കുന്നതിനെതിരെ നിലപാട് എടുത്ത ദിനേശനെ പ്രദേശത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ ബാബു, അജീഷ്, സുധീപ്, മിറാസ്, സുര്‍ജിത് എന്നിവര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യക്ക് കാരണക്കാരായ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ പേരുകള്‍ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കത്തിലെ വിവരങ്ങള്‍ പുറത്തായതോടെ കക്കോടിയിലെ സിപിഎം നേതൃത്വം പ്രതിസന്ധിയിലായി. പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തി കേസ് തേച്ചുമായ്ക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.
ദിനേശന്റെ ആത്മഹത്യയില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അലംഭാവം ഉണ്ടായാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സരോജിനിയാണ് ദിനേശന്റെ അമ്മ. ഭാര്യ: ലത, മകന്: അഭിനന്ദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: