കൊല്ലം: ഉത്രാടവും കഴിഞ്ഞു; തിരുവോണവും കഴിഞ്ഞു, സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണം ബോണസ് തുക കൈയില്‍ കിട്ടാതെ കശുവണ്ടിത്തൊഴിലാളികള്‍. പത്തു ശതമാനത്തിലധികം പേര്‍ക്കാണ് ഇതുവരെ തുക ലഭിക്കാത്തത്. തൊഴിലാളികളുടെ പരാതികളില്‍ തിരുവോണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും സര്‍ക്കാരും കശുവണ്ടി വ്യവസായ മന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം.
കാഷ്യൂ ഐആര്‍സി തീരുമാനിച്ചതും സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമായ ബോണസ് ഭൂരിപക്ഷം കശുവണ്ടി വ്യവസായികളും തൊഴിലാളികള്‍ക്ക് നല്കി. എന്നാല്‍, സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണെന്നും പുനപ്പരിശോധിക്കണമെന്നും നിലപാടെടുത്ത ചില ഉടമകളാണ് അവരുടെ ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാത്തത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അര ശതമാനം കുറച്ചായിരുന്നു ബോണസ് നിശ്ചയിച്ചത്. തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസും 9500 രൂപ അഡ്വാന്‍സുമാണ് തീരുമാനിച്ചത്. ബോണസ് തുക ആഗസ്റ്റ് 27നകം വിതരണം ചെയ്യണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.
കശുവണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാരായ തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ ശമ്പളത്തിനു തുല്യമായ തുകയാണ് ബോണസായി നല്‍കിയത്. കശുവണ്ടി വ്യവസായരംഗത്തെ നിലവിലെ ദയനീയമായ സ്ഥിതിയില്‍ ബോണസ് തുക പ്രായോഗികമല്ലെന്ന് ഒരുവിഭാഗം മുതലാളിമാര്‍ നേരത്തെ തന്നെ പ്രതികരിച്ചെങ്കിലും അവരില്‍ ഭൂരിഭാഗവും തൊഴിലാളികള്‍ക്ക് തുക നല്കാന് തയാറായി.
ലോക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍നഷ്ടം സംഭവിച്ചപ്പോള്‍ തൊഴിലുടമകളില്‍ നിന്ന് ഒരുരൂപയുടെ പോലും സഹായം ലഭിക്കാത്തവരാണ് കശുവണ്ടിത്തൊഴിലാളികള്‍. അവരുടെ ആകെ പ്രതീക്ഷയായ ഓണം ബോണസ് കൊടുക്കില്ലെന്ന നിലപാട് തൊഴിലാളികളില്‍ കടുത്ത നിരാശ സൃഷ്ടിച്ചു. ബോണസ് കരാര്‍ നടപ്പിലാക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന് ഉള്‍പ്പടെയുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷ തൊഴിലാളിയൂണിയനുകളും രംഗത്തുണ്ട്.
കൂടാതെ മാസങ്ങള്‍ക്ക് മുമ്പ് കൊവിഡ് സഹായധനമായി പ്രഖ്യാപിച്ച ആയിരം രൂപ ലഭിക്കാത്തവരും ഇവരുടെ കൂട്ടത്തിലുണ്ട്. ക്ഷേമനിധി അംഗത്വമുള്ളവരില്‍ 30 ശതമാനം തൊഴിലാളികള്‍ക്കും ഈ തുക ഉദ്യോഗസ്ഥര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: