കോഴിക്കോട്: കൈതപ്രത്തിന്റെ സാഹിത്യ സംഭാവന വ്യത്യസ്തത പുലര്‍ത്തുന്നതാണെന്ന് എം.ടി. വാസുദേവന്‍ നായര്‍. ബാലസംസ്കാരകേന്ദ്രം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നല്‍കിവരുന്ന ജന്മാഷ്ടമി പുരസ്കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എം.ടി. വാസുദേവന്‍ നായരുടെ കോഴിക്കോട്ടെ വസതിയിലായിരുന്നു 24-ാമത് പുരസ്കാര സമര്‍പ്പണം.
ജന്മാഷ്ടമി പുരസ്കാരം കൈതപ്രത്തിന് സമ്മാനിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എം.ടി. പറഞ്ഞു. അദ്ദേഹത്തിന്റെ ഗാനങ്ങളും കവിതകളും സാഹിത്യകൃതികളും വളരെ ഗൗരവത്തോടെ ഉള്‍ക്കൊള്ളുന്ന ആളാണ് താന്‍. സിനിമയില്‍ നിന്ന് ആരംഭിക്കുന്ന ചങ്ങലയുടെ ഇങ്ങേയറ്റത്ത് കൈതപ്രത്തെ കാണാനായതില്‍ സന്തോഷമുണ്ട്. സുഗതകുമാരിയില്‍ തുടങ്ങി കൈതപ്രം ദാമോദരന്‍ നമ്പൂതിരി വരെ എത്തിനില്‍ക്കുന്ന ജന്മാഷ്ടമി പുരസ്കാരം സമൂഹത്തിനു നവോന്മേഷം പകരുന്നു. യൂസഫലി കേച്ചേരി, അക്കിത്തം, വി. മധുസൂദനന് നായര്‍ തുടങ്ങിയവര്‍ക്കു ശേഷം രചനയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന കവിയാണ് കൈതപ്രമെന്നും എം.ടി. വാസുദേവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
എം.ടിയില്‍ നിന്ന് പുരസ്കാരം സ്വീകരിക്കാനായത് ജീവിതസുകൃതമായാണ് കാണുന്നതെന്നും ബാലഗോകുലത്തില്‍ നിന്ന് കിട്ടിയ പുരസ്കാരത്തിന് ഏറെ നിറവുണ്ടെന്നും കൈതപ്രം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ബാലസംസ്കാര കേന്ദ്രം ചെയര്മാന് ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷനായി. ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന് ആശീര്‍വാദ പ്രസംഗവും ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണവും നടത്തി. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി. ബാബുരാജന്, സംസ്ഥാന സമിതി അംഗം എന്‍. ഹരീന്ദ്രന്‍, മോഹന്‍ദാസ്, പി. പ്രശോഭ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: