”ഞാന്‍ സീതയെ ഒന്നു കാണട്ടെ,” രാവണന് പറഞ്ഞു.
”ദാദ, നേരമില്ല. രാമനും ലക്ഷ്മണനും അടുത്തു തന്നെയുണ്ട്. അവര്‍ ഏതു നിമിഷവും ഇവിടെ എത്തിച്ചേരും. അവരെ കൊല്ലാന്‍ നിര്‍ബന്ധിതനാകുന്നത് എനിക്കിഷ്ടമല്ല. ഇതാണ് ഏറ്റവും മികച്ച വഴി. നമുക്ക് വിഷ്ണുവിനെ കിട്ടി. അയോദ്ധ്യയുടെ രാജാവെന്നു വിളിക്കപ്പെടുന്നവന് മുറിവേറ്റതുമില്ല. നമുക്കിപ്പോള്‍ പോകാം. വിമാനത്തില്‍ എത്തിയതിനു ശേഷം നിങ്ങള്‍ക്കവളെ കാണാം.”
മലയപുത്രന്മാര് താല്‍ക്കാലിക തമ്പുകള്‍ തീര്‍ത്ത ചെറിയ വെളിമ്പ്രദേശത്താണ് ലങ്കക്കാരിപ്പോള്. അവരുടെ ചുറ്റും നിബിഢമായ വനമാണ്. മരങ്ങള്‍ തീര്‍ത്ത അതിരുകള്‍ക്കപ്പുറം ഒന്നുംതന്നെ കാണാനില്ല. രാജകുമാരന്മാര് അവിടെ എത്തിച്ചേരുന്നതിനു മുന്‍പ് പോകാന്‍ കുംഭകര്ണ്ണന് തിടുക്കം കൂട്ടുന്നതില്‍ അതിശയമില്ലായിരുന്നു.
രാവണന് സമ്മതഭാവത്തില്‍ തലയാട്ടി. എന്നിട്ടയാള്‍ വിമാനത്തിന്റെ നേര്‍ക്കു നടന്നു. സുരക്ഷാഭടന്മാരുടെ സംഘം അയാളുടെ മുന്പില് അടിവെച്ചു നീങ്ങി. കുംഭകര്ണ്ണന് രാവണനോട് ചേര്‍ന്നു നടന്നു. അതിനു പുറകിലായി ശേഷിച്ച സൈനികരും, അവരുടെ കയ്യിലെ മഞ്ചത്തില്‍ കെട്ടിയിടപ്പെട്ടവളും ബോധരഹിതയുമായ സീതയും. പുറകില്‍ പിന്നെയും സൈനികരുണ്ടായിരുന്നു.
രാമനും ലക്ഷ്മണനും സ്വതന്ത്രരും ആയുധധാരികളുമാണെന്ന് അറിയാവുന്നതുകൊണ്ട് ലങ്കക്കാര്‍ ജാഗരൂകരായിരുന്നു. അമ്പുകളുടെ പേമാരി ഏറ്റുവാങ്ങാന്‍ അവരാഗ്രഹിച്ചില്ല.
ഇടക്കിടെ, വിദൂരതയില്‍ നിന്ന് ഒരു ശബ്ദമുയര്‍ന്നു. ഓരോ തവണയും അത് കൂടുതല്‍ ഉച്ചത്തിലും കൂടുതല്‍ അടുത്തു നിന്നുമുയര്‍ന്നു.
”സീതാാാാാ!”
അത് രാമനായിരുന്നു. ദശരഥമഹാരാജാവിന്റെ കനിഷ്ഠപുത്രന്. അയോദ്ധ്യയായിരുന്നു ആ പ്രദേശത്തെ പരമോന്നത സാമ്രാജ്യം എന്നതുകൊണ്ടു തന്നെ ദശരഥന് സപ്തസിന്ധുവിന്റെ ചക്രവര്‍ത്തിയായിരുന്നു. ഏഴ് നദികളുടെ ഭൂമിയാണത്. മിഥിലായുദ്ധത്തില് പവിത്രമായ ആയുധമായ ദൈവി അസ്ത്രത്തിന്റെ നിയമാനുസൃതമല്ലാത്ത ഉപയോഗത്തിന് പതിനാലു വര്‍ഷത്തേക്ക് രാമന് രാജ്യത്തു നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ ദശരഥന് ഭരതനെ കിരീടാവകാശിയായി അഭിഷേകം ചെയ്തു. എന്നാല്‍ ദശരഥന്റെ മരണശേഷം പട്ടാഭിഷേകത്തിന് ഭരതന് എല്ലാ പ്രതീക്ഷകള്‍ക്കും വിരുദ്ധമായി രാമന്റെ പാദുകങ്ങള്‍ സിംഹാസനത്തില്‍ പ്രതിഷ്ഠിക്കുകയും ജ്യേഷ്ഠന്റെ പ്രതിനിധിയായി രാജ്യം ഭരിക്കുകയും ചെയ്തു.
അതുകൊണ്ടുതന്നെ ഒളിവില്‍ പാര്‍ക്കുമ്പോഴും സാങ്കേതികമായി രാമനാണ് അയോദ്ധ്യയുടെ രാജാവും സപ്തസിന്ധുവിന്റെ ചക്രവര്‍ത്തിയും. ഒരിക്കലും ചക്രവര്‍ത്തിയായി വാഴിക്കപ്പെട്ടില്ലെങ്കിലും അസാന്നിദ്ധ്യത്തിലും അയാള്‍ ചക്രവര്‍ത്തിയായിരുന്നു. അയാള്‍ കൊല്ലപ്പെടുകയോ അയാള്‍ക്ക് മുറിവേല്‍ക്കുകയോ ചെയ്താല്‍ സപ്തസിന്ധുവിനുള്ളിലെ രാജ്യങ്ങള്‍ സടകുടഞ്ഞെഴുന്നേല്ക്കും. അവരുടെ ചക്രവര്‍ത്തിയെ ഉപദ്രവിച്ചവര്‍ക്കെതിരെ പടനയിക്കുകയും ചെയ്യും. ലങ്കയ്ക്ക് അത്തരമൊരു യുദ്ധം താങ്ങാനാകില്ലെന്ന് രാവണനറിയാം. എന്തായാലും അതിപ്പോള്‍ വേണ്ട.
എന്നാല്‍ ചക്രവര്‍ത്തിയുടെ ഭാര്യയെ സംബന്ധിച്ചിടത്തോളം ആര്‍ക്കും അത്തരം കടപ്പാടുകളൊന്നും തന്നെയില്ല.
മനോവേദന നിറഞ്ഞ ആ ശബ്ദം വീണ്ടുമുയര്‍ന്നു. ”സീതാാാാാ!”
രാവണന് കുംഭകര്‍ണ്ണന്റെ നേര്‍ക്കു തിരിഞ്ഞു. ”അയാള്‍ക്കെന്തു ചെയ്യാന്‍ കഴിയുമെന്നാണ് നീ കരുതുന്നത്? അയാള്‍ സപ്തസിന്ധുവിലെ സൈന്യങ്ങളെ ഒരുമിച്ചു നിരത്തുമോ?”
കൂറ്റന്‍ ശരീരമുണ്ടായിട്ടും അതിശയകരമായ വിധത്തില്‍ ചുറുചുറുക്കുള്ള കുംഭകര്ണ്ണന് രാവണന്റെ ഒപ്പം നടന്നു. അയാള്‍ ചിന്താകുലനായി പറഞ്ഞു, ”നമ്മളതെങ്ങനെ ആസൂത്രണം ചെയ്യുന്നു എന്നതിനെ അനുസരിച്ചിരിക്കുമത്. രാമനെയും രാജകുടുംബത്തെയും എതിര്‍ക്കുന്ന നിരവധി പേര് സപ്തസിന്ധുവിലുണ്ട്. ശൂര്‍പ്പണഖയെ ആക്രമിച്ചതിന് പ്രതികാരം ചെയ്യാനാണ് നമ്മള് സീതയെ തട്ടിക്കൊണ്ടുപോയതെന്ന് പരസ്യമാക്കിയാല്‍ യുദ്ധത്തില്‍ ചേരാനാഗ്രഹിക്കാത്ത സാമ്രാജ്യങ്ങള്‍ക്ക് ഒഴികഴിവ് കിട്ടും. രാജാവിനെയല്ലാതെ രാജകുടുംബത്തിലെ മറ്റാരെയെങ്കിലും ആക്രമിച്ചാല്‍ സഖ്യരാജ്യങ്ങള്‍ക്ക് ആക്രമിക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടുതന്നെ ചക്രവര്‍ത്തിയുടെ ഭാര്യയെ തട്ടിക്കൊണ്ടു പോയതിന് അവര്‍ യുദ്ധത്തിനിറങ്ങേണ്ട കാര്യവുമില്ല. ഒഴിഞ്ഞു നില്ക്കാന് ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാവുന്നതാണ്. വലിയൊരു സൈന്യത്തെ അയാള്‍ക്ക് സംഘടിപ്പിക്കാനാകുമെന്നു തോന്നുന്നില്ല.”
”അപ്പോള്‍ ശൂര്‍പ്പണഖയും വിഭീഷണനും, ആ മണ്ടന്മാരെ കൊണ്ടും അല്‍പ്പം പ്രയോജനമുണ്ടായിരിക്കുന്നു.”
”പ്രയോജനമുള്ള മണ്ടന്മാര്,” കണ്ണുകളില്‍ തിളക്കത്തോടെ കുംഭകര്ണ്ണന് കൂട്ടിച്ചേര്‍ത്തു.
”ഏയ്, ആ വാക്ക് എന്റേതാണ്,” പൊട്ടിച്ചിരിച്ചുകൊണ്ട് രാവണന് കുംഭകര്‍ണ്ണന്റെ കുടവയറില്‍ കളിയായി അടിച്ചു.
സഹോദരന്മാര് അപ്പോഴേക്കും പുഷ്പക വിമാനത്തിനടുത്തെത്തുകയും, തിടുക്കത്തില്‍ അതിലേക്കു കയറുകയും ചെയ്തു.
സൈനികര്‍ അവരെ പിന്തുടരുകയും വിമാനത്തിനുള്ളില്‍ അതതു സ്ഥാനങ്ങളില്‍ നിരന്നിരിക്കാന്‍ തുടങ്ങുകയും ചെയ്തു. രാവണനും കുംഭകര്‍ണ്ണനും വിമാനം പൊന്തുന്നതു പ്രതീക്ഷിച്ച് ചുമല്പ്പട്ടകള് മുറുക്കിക്കെട്ടി. വിമാനത്തിന്റെ വാതിലുകള്‍ സീല്ക്കാരത്തോടെ പതിയെ അടഞ്ഞു.
”അവളൊരു യോദ്ധാവാണ്!” സീത കിടക്കുന്ന ദിക്കിലേക്കു നോക്കി തലയാട്ടിക്കൊണ്ട് കുംഭകര്ണ്ണന് പറഞ്ഞു. അയാളുടെ മുഖത്ത് അഭിനന്ദനസൂചകമായ പുഞ്ചിരിയുണ്ട്. ലങ്കയുടെ സൈനികര്‍ അവള്‍ക്കു മുകളില്‍ വട്ടമിട്ടു നടക്കുകയും, അബോധാവസ്ഥയിലുള്ള ആ ഉടലിനെ വാറുകള്‍ കൊണ്ട് വരിഞ്ഞുമുറുക്കുകയും ചെയ്തു.
ധീരയോദ്ധാവായ ആ രാജകുമാരിയെ പിടികൂടുകയെന്നത് കഠിന പ്രയത്നം തന്നെയായിരുന്നു.
ശൂര്‍പ്പണഖയും രാജകുമാരന്മാരുമായുള്ള വിലക്ഷണമായ ശണ്ഠ നടന്നിട്ട് മുപ്പതു ദിവസം കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ലങ്കക്കാര്‍ തങ്ങളെ കണ്ടുപി
ടിക്കില്ലെന്നുറപ്പിച്ച് അയോദ്ധ്യയിലെ രാജകുടുംബാംഗങ്ങള്‍ മുന്‍കരുതല്‍ കുറച്ചിരുന്നു. അന്ന് അവര്‍ പുറത്തിറങ്ങാനും നല്ല ആഹാരം കണ്ടെത്താനും തീരൂമാനിച്ചു. മകരന്ദ് എന്നു പേരുള്ള മലയപുത്രസൈനികനോടൊപ്പം വാഴയില വെട്ടാനായി പു
റത്തു പോയതാണ് സീത. രാമനും ലക്ഷ്മണനും വേട്ടയാടാനായി വ്യത്യസ്ത ദിക്കുകളിലേക്കും പോയി.
സീതയെ ചുറ്റിനിന്ന സൈനികര്‍ പി
രിഞ്ഞുപോകുകയും, അവരവരുടെ സ്ഥലങ്ങളില്‍ ചെന്നിരിക്കുകയും ചെയ്തു.
മഞ്ചത്തില്‍ സുരക്ഷിതമായി കെട്ടിയിടപ്പെട്ട് അവള് രാവണനി
ല്‍ നിന്നും ഇരുപതടി അകലെ കിടന്നു. അവളുടെ അംഗവസ്ത്രം ഉടലിലുണ്ട്, വാറുകള്‍ ഉടലിലും കാലിലും വരിഞ്ഞു മുറുകിയിട്ടുണ്ട്. കണ്ണുകള്‍ അടഞ്ഞുകിടന്നു. കടവായില്‍ നിന്ന് ഉമിനീര്‍തുള്ളികള്‍ ഒഴുകിയിറങ്ങി. വലിയ അളവില്‍ നല്കിയ കടുത്ത വിഷമാണ് അവളെ ബോധരഹിതയാക്കിയത്.
ജീവിതത്തില്‍ ആദ്യമായി രാവണനും കുംഭകര്‍ണ്ണനും സീതയുടെ മുഖം കണ്ടു.
രാവണന് തന്റെ ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നി. സ്തബ്ധമായിപ്പോയ ഹൃദയത്തോടെ അയാള്‍ ചലനമറ്റിരുന്നു. അവളുടെ മുഖത്ത് അയാളുടെ കണ്ണുകള്‍ പറ്റിനിന്നു.
സീതയുടെ രാജകീയവും കരുത്തുള്ളതും മനോഹരവുമായ മുഖം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: