അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഒപി ചികിത്സ മുടങ്ങിയതിന് പിന്നാലെ വിവിധ ഐസിയുകളും അടച്ചു പൂട്ടി. ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചതോടെയാണ് അടിയന്തര ചികിത്സയുള്പ്പെടെയുള്ളവ ആശുപത്രിയില്‍ നിലച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി അറുപതോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ഇതിനെത്തുടര്‍ന്ന് ഏതാനും ആഴ്ചകളായി ആശുപത്രിയുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടിരുന്നു.
ദിവസം കഴിയും തോറും നിരവധി ജീവനക്കാര്‍ക്ക് കോവിഡ് വ്യാപകമായതോടെ ഓരോ വിഭാഗങ്ങള്‍ അടച്ചു പൂട്ടുകയായിരുന്നു. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തുന്നവര്‍ക്കും കോവിഡ് പടരുകയാണ്. ഇതോടെ കഴിഞ്ഞ ദിവസം മുതല്‍ ഒപികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതിനു പിന്നാലെയാണ് വിവിധ ഐസിയുകളുടെ പ്രവര്‍ത്തനവും അവസാനിപ്പിച്ചത്. നിലവില്‍ ട്രോമാ, കാര്‍ഡിയോളജി, കോവിഡ് ഐസിയുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
സര്‍ജറി ഐസിയു, എസ്ഐസിയു, എംഐസിയു, സ്റ്റെപ്പ് ഡൗണ്‍ ഐസിയു, സ്ട്രോക്ക് ഐസിയു, ശിശുരോഗ വിഭാഗം ഐസിയു, എച്ച്ഡിഐസിയു, കീമോ തുടങ്ങിയ വിഭാഗങ്ങള്‍ പൂര്‍ണമായി അടച്ചു. ഡോക്ടര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ട്.നിലവില്‍ അത്യാഹിത വിഭാഗത്തിലെ അടിയന്തര ചികിത്സ മാത്രമാണ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്നു ലഭ്യമാകുന്നത്.
കൂടാതെ വാര്‍ഡുകളിലും ചികിത്സ നടക്കുന്നുണ്ട്. പ്രതിദിനം ആയിരക്കണക്കിനു പേരാണ് ഒപിയില്‍ ചികിത്സ തേടിയെത്തിയിരുന്നത്. ഇത് മുടങ്ങിയതോടെ നിരവധി പേരാണ് ദുരിതത്തിലായിരിക്കുന്നത്. വിവിധ ഐസിയുകള്‍ അടച്ചതോടെ നൂറുകണക്കിന് രോഗികളാണ് മരണവുമായി മല്ലിടുന്നത്.അന്യ ജില്ലകളില്‍ നിന്നടക്കം ആയിരക്കണക്കിന് പേര്‍ക്ക് ആശ്രയമായിരുന്ന ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയുടെ പ്രവര്‍ത്തനം അധികൃതരുടെ അനാസ്ഥ മൂലം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: