ആലപ്പുഴ: കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ച കേസിന്റെ അന്വേഷണത്തിന് അഡിഷണല്‍ എസ്പി എന്‍.രാജന്റെ മേല്‍നോട്ടത്തിലുള്ള വിദഗ്ധ സംഘത്തെ നിയോഗിച്ചു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ കീഴില്‍ ഹരിപ്പാട് എസ്എച്ച്ഒ, മാവേലിക്കര എസ്എച്ച്ഒ എന്നിവരെ ഉള്‍പ്പെടുത്തി രണ്ട് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്. കേസിന് വഴിത്തിരിവിന് സഹായിക്കുന്ന നിര്‍ണായക തെളിവുകള്‍ ലഭിക്കാത്തതിനാല്‍ മറ്റ് ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
സൈബര്‍ സെല്ലിന്റെ വിദഗ്ധസംഘം ഉള്‍പ്പെടെ പതിനഞ്ചോളം പേരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘത്തെ വിപുലീകരിച്ചത്. അന്യസംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സമാന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരിക്ഷിക്കുന്നുണ്ട്. കേസന്വേഷണത്തിന് വഴിത്തിരിവാകുന്ന നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ജില്ലാ പോലീസ് പാരിതോഷികം നല്‍കുമെന്ന് ജില്ലാ പോലീസ് മോധാവി പി. എസ്. സാബു അറിയിച്ചു.
കരുവാറ്റ 2145-ാം നമ്പര്‍ സര്‍വ്വീസ് സഹകരണ സംഘത്തില്‍ നിന്ന് അഞ്ചര കിലോയോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും നാലര ലക്ഷത്തോളം രൂപയും കമ്പ്യൂട്ടര്‍ ഉപകരണങ്ങളുമാണ് മോഷണം പോയത്. ഇടപാടുകാര്‍ പണയം വെച്ച അഞ്ചു കിലോ 430 ഗ്രാം സ്വര്‍ണ്ണവും 4,43,743 രൂപയും, കമ്പ്യൂട്ടറുകളുമാണ് അപഹരിക്കപ്പെട്ടത്. ഇപ്പോഴത്തെ വില അനുസരിച്ച് സ്വര്‍ണ്ണത്തിന് 2,87,83,765 രൂപ വില വരും. സ്വര്‍ണ്ണാഭരണങ്ങളും പണവും സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റുമിന്റെ അടിവശം തുരന്ന ശേഷം ലോക്കര്‍, ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങളും പണവും പുറത്ത് എടുക്കുകയായിരുന്നു.
ഓണം അവധിക്കായി കഴിഞ്ഞ 27ന് വൈകിട്ടാണ് സംഘം അടച്ചത്. വ്യാഴാഴ്ച രാവിലെ ജീവനക്കാരി ഓഫീസ് തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: