ബെംഗളൂരു: ലഹരി മരുന്ന് കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്. നടി രാഗിണി ദ്വിവേദിക്കു പിന്നാലെ പാര്‍ട്ടികളുടെ മുഖ്യ സംഘാടകനായ വിരേന്‍ ഖന്നയും അറസ്റ്റിലായി. ദല്‍ഹിയില്‍ നിന്നാണ് വിരേന്‍ ഖന്ന അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാള്‍ അന്യനാട്ടില്‍ താമസിക്കുന്ന ബെംഗളൂരുകാര്‍ക്കായി ക്ലബ് രൂപീകരിച്ച് അതിന്റെ മറവിലാണ് ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ച് വരികയായിരുന്നു.
ബെംഗളൂരു മയക്കുമരുന്ന് കടത്തലുമായി ബന്ധപ്പെട്ട് പല നിര്‍ണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ഇയാളില്‍ നിന്നും ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായതായി ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
നടി രാഗിണിക്കും വിരേന്‍ ഖന്നയ്ക്കും പുറമെ നടിയുടെ അടുത്ത സുഹൃത്തും ജയനഗര്‍ ആര്.ടി ഓഫിസ് ക്ലര്‍ക്കുമായ കെ.രവിശങ്കര്‍, നടി സഞ്ജന ഗല്‍റാണിയുടെ അടുത്ത സുഹൃത്ത് രാഹുല്‍ ഷെട്ടി എന്നിവരുമാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. സഞ്ജന ഗല്‍റാണിയെ വൈകാതെതന്നെ ചോദ്യം ചെയ്യും.
അതേസമയം ലഹരിക്കടത്ത് കേസില്‍ കണ്ണൂര്‍ സ്വദേശി ജിംറിന്‍ ആഷിയുടെ പങ്ക് തെളിയിക്കുന്ന സ്ക്രീന്‍ ഷോട്ടുകള്‍ പുറത്തു വന്നത്. കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് അനിഖയ്ക്ക് അയച്ച ചാറ്റുകളിലാണ് ജിംറിന്റെ പേരുള്ളത്. കേസില്‍ ഒന്നാം പ്രതിയായ അനിഖയെ അനൂപിന് പരിചയപ്പെടുത്തിയ ജിംറീനാണ്.
ഇയാള്‍ക്കായി കേന്ദ്ര ഏജന്‍സി തിരച്ചില്‍ ഊര്‍ജിതമാക്കി കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് നാര്‍കോട്ടിക്സ് ബ്യൂറോ 159 പേരെ ചോദ്യം ചെയ്യാന്‍ ലിസ്റ്റ് തയ്യാറാക്കി. ആദ്യം ചോദ്യം ചെയ്യുന്നവരുടെ പട്ടികയില്‍ മലയാളികളടക്കം ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം പബ്ബ് ജീവനക്കാരും ടെക്കികളും വ്യവസായികളും ഉള്‍പ്പെടുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റിന് സാദ്ധ്യത തെളിയുകയാണെന്നാണ് വിവരം. രാഗിണി ദ്വിവേദിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റിലായ മറ്റ് പ്രതികളെയും ചോദ്യം ചെയ്യും. രാഗിണിയെ അറസ്റ്റ് ചെയ്തത് കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ്. മുഹമ്മദ് അനൂപുമായി ബന്ധമുള്ള മറ്റ് കണ്ണികളെ കുറിച്ചുള്ള നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യുറോയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: