തായ്പെ: രാജ്യാതിര്‍ത്തി ലംഘിച്ച് കടന്നുകയറിയ ചൈനയുടെ സുഖോയ് യുദ്ധവിമാനം തായ്വാന് വെടിവെച്ചിട്ടുവെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളും ട്വിറ്റര്‍ ഉപഭോക്താക്കളുമാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ വിമാനം കത്തിയമരുന്നതിന്റ വീഡിയോ അടക്കം പുറത്തുവിട്ടിട്ടുണ്ട്.
ചൈനയുടെ സുഖോയ് എസ് യു-35 യുദ്ധവിമാനമാണ് തായ്വാന് വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചു വീഴ്ത്തിയത്. വിയറ്റ്നാമിന്റെ അതിര്‍ത്തിയില്‍ തെക്കന്‍ ചൈനയിലെ സ്വയംഭരണാധികാരമുള്ള തീരപ്രദേശമായ ഗ്വാങ്സിയില്‍ വിമാനം തകര്‍ന്നു വീണിരിക്കുന്നത്. പൈലറ്റിന് ഗുരുതരമായി പരുക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യങ്ങളുടെ നിയന്ത്രണ രേഖ മറികടന്ന് തായ്വാന് കടലിടുക്കിലൂടെ ചൈനീസ് വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ നിരന്തരം പറക്കാറുണ്ടായിരുന്നു. ഇതിനെതിരെ തായ്വാന് സര്‍ക്കാര്‍ താക്കീതും ചൈനയ്ക്ക് നല്‍കിയിരുന്നു. തങ്ങളുടെ മിസൈലുകള്‍ ചൈനയുടെ ജെറ്റുകളെ ട്രാക് ചെയ്തതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കി. ഇനിയും ഇത്തരം പ്രവണത തുടര്‍ന്നാണ് തിരിച്ചടി ഉണ്ടാവുമെന്ന് തായ്വാന് പ്രസിഡന്റ് സായ് ഇംഗ്-വെന്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ തായ്വാന് അമേരിക്ക പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ സ്വന്തമെന്ന് ചൈന സ്വയം വിശേഷിപ്പിക്കുന്ന ഒരു ദ്വീപ് സമൂഹമാണ് തായ്വാന്. ജെ-11, ജെ-10, എസ് യു-35 യുദ്ധവിമാനങ്ങളാണ് ചൈനയേയും തായ്വാനേയും തമ്മില്‍ വേര്‍തിരിക്കുന്ന കടലിടുക്കിന് മുകളിലൂടെ പറന്നുയര്‍ന്നത്. ഇതില്‍ എസ് യു-35 വിമാനം വെടിവെച്ചിട്ടതോടെ മറ്റുവിമാനങ്ങള്‍ തിരിച്ചുപറന്നുവെന്ന് തായ്വാനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: