ഇടുക്കി: മൂന്നാര്‍ പെട്ടിമുടി ദുരന്തം നടന്ന് ഒരു മാസം ആകുമ്പോഴും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ അധികൃതര്‍. എല്ലാ സൗകര്യമൊരുക്കിയെന്ന് കണ്ണന്‍ദേവന്‍ കമ്പനിയും ജില്ലാ ഭരണകൂടവും പറയുമ്പോഴും കുട്ടികള്‍ക്കായി കഴിഞ്ഞ ദിവസം നല്കിയ കൗണിസിലിങ്ങിലൂടെ പുറത്ത് വരുന്നത് മറിച്ചുള്ള വിവരങ്ങള്‍.
കുട്ടികള്‍ക്ക് താമസ സൗകര്യമോ സുരക്ഷിതമായി കിടക്കാനുള്ള മുറികളോ നല്ല ഭക്ഷണമോ പഠന സൗകര്യമൊ പോലും ഒരുക്കാന്‍ ഇതുവരെയും അധികൃതര്‍ക്ക് ആയിട്ടില്ല. കമ്പനി വിവിധയിടങ്ങളിലായി വീടുകള്‍ അനുവദിച്ചെന്ന് പറയുമ്പോഴും കുട്ടികളെല്ലാം കഴിയുന്നത് ബന്ധുക്കളുടെ വീട്ടില്‍. പ്രിയ സുഹൃത്തുകളേയും ബന്ധുക്കളേയും നഷ്ടപ്പെട്ട കടുത്ത വേദന ഉള്ളിലടക്കിയാണ് ഒരോ നിമിഷവും ഇവര്‍ തള്ളി നീക്കുന്നത്.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്റെ നേതൃത്വത്തില്‍ ദുരന്തത്തില്‍ നേരിട്ടും അല്ലാതെയും ഇരയായ 37 കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം കൗണ്‍സിലിങ് നല്‍കിയത്. ഇതില്‍ കുട്ടികള്‍ വലിയ മാനസിക സംഘര്‍ഷവും അതീവ ദുഖവും അനുഭവിക്കുന്നതായി വ്യക്തമായതായി ഇടുക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം.ജി. ഗീത പറഞ്ഞു. മുമ്പ് സ്കൂളധികരും കൗണ്‍സിലിങ് നല്‍കിയിരുന്നു. സര്‍വ ശിക്ഷ അഭിയാന്റെ നേതൃത്വത്തിലാണ് കൗണ്‍സിലിങ്ങ് ഒരുക്കിയത്.
ഗ്രൂപ്പ് ആയി എന്റര്‍ടെയ്മെന്റ് പരപാടിയായാണ് കൗണ്‍സിലിങ് നടത്തിയത്. അപകടത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെയും വിളിച്ചിരുന്നു. തുടര്‍ പഠനത്തിന്റെ കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. കുട്ടികളില്‍ പലരും സൗഹൃദങ്ങളെല്ലാം നഷ്ടപ്പെട്ട് മാറിയാണ് താമസിക്കുന്നത്. ഇതിനൊപ്പം ഒപ്പമുണ്ടായിരുന്ന പലരും മരണമടഞ്ഞു. ഇത് കുഞ്ഞുമനസുകളില്‍ ആഴത്തില്‍ നോവുണ്ടാക്കിയിട്ടുണ്ട്. അപകടത്തിന്റെ നേര്‍ചിത്രം നോക്കി കണ്ട കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. രാത്രിയുണ്ടായ അപകടം പുറലോകത്തെ അറിയാന്‍ വൈകിയതിനാല്‍ തങ്ങളുടെ കണ്മുന്നില് പ്രിയ ബന്ധുക്കള്‍ മരിക്കുന്നതും കുട്ടികളില്‍ പലരും നേരില്‍ കണ്ടും. രാവിലെ വരെ പലര്‍ക്കും ജീവനുണ്ടായിരുന്നതായും നേരത്തെ രക്ഷിക്കാന്‍ ആളുകള്‍ വന്നിരുന്നെങ്കിലും പലരും രക്ഷപ്പെടുമായിരുന്നെന്നും കുട്ടികള്‍ പറയുന്നു.
ഇതിനൊപ്പം രക്ഷാ പ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതും അപകടത്തിന്റെ തീവ്രതയും കണ്ട കുട്ടികള്‍ വലിയ ദുഖത്തിലാണ്. 4 കുട്ടികളാണ് രക്ഷിതാക്കള്‍ നഷ്ടപ്പെട്ടത്. ഇവരടക്കം പലരും ഇപ്പോള്‍ ബന്ധുവീടുകളിലാണ് താമസം. സമാനമായി തന്നെ ലയങ്ങളില്‍. ഒരു മുറിയുള്ള ഇവിടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ അടക്കം 17 പേര് വരെയാണ് താമസിക്കുന്നത്. യാതൊരു സൗകര്യവുമില്ലാത്തതും ഇത്തരത്തില്‍ തിങ്ങിഞെരുങ്ങി താമസിക്കുന്നത് ഇവരില്‍ കൂടുതല്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കുട്ടികള്‍ക്ക് യാത്ര പോയാല്‍ കൊള്ളാമെന്ന ആഗ്രവും പ്രകടപിച്ചതായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പറഞ്ഞു. താമസ സൗകര്യമടക്കമുള്ള പ്രശ്നങ്ങള്‍ ജില്ലാ കളക്ടറെ വിവരങ്ങള്‍ അറിയിക്കും. കുട്ടികളുടെ തുടര്‍ പഠനവും സാമ്പത്തിക സഹായം പ്രഖ്യപിച്ചിരിക്കുന്നതും എന്ന് ലഭിക്കുമെന്നത് പോലും വ്യക്തതയില്ല.
കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യവും ഇതുവരെ ഒരുക്കാനായിട്ടില്ല. സ്ഥലവും വീടും ഒരുക്കുന്നത് വരെ കുട്ടികളുടെ ജീവിതം എങ്ങനെ നീങ്ങുമെന്നതും പ്രശ്നമാണ്. സ്ഥിരമായി കുട്ടികള്‍ക്ക് വേണ്ട സൗകര്യമൊരുക്കുകയാണ് അടിസ്ഥാനമായി വേണ്ടതെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: