തിരുവോണം ഒരു നക്ഷത്രമാണ്. ആ നക്ഷത്രത്തിളക്കത്തെ എടുത്തു കേരളീയര്‍ പൊന്നോണമെന്നു വിളിച്ചു. ഒരു ഐതിഹ്യത്തെ ചൊല്ലിയാണത്.
മഹാബലി എന്ന ഒരു അസുരരാജാവുണ്ടായിരുന്നു. മനുഷ്യരെല്ലാരും ആ ഭരണത്തില്‍ ഒരുപോലെ സന്തുഷ്ടരായിരുന്നു. എത്ര ഗുണങ്ങളുണ്ടായാലും അഹങ്കാരമുണ്ടായാല്‍ തീര്‍ന്നു. മഹാബലി അത്തരത്തില്‍ സര്‍വ്വ ലോകാധിപതിയാണ് താനെന്നും, തനിക്കു മുകളില്‍ ആരുമില്ലെന്നും അഹങ്കരിച്ചു.
മുകളിലൊരാളുണ്ട് എന്ന സത്യം മഹാബലി കണ്ടില്ല. എന്നാല്‍ മുകളിലിരിക്കുന്ന ദൈവം എല്ലാം കാണുന്നുമുണ്ട്. ആ ദൈവം വളരെ കുറിയ ഒരു മനുഷ്യനായി ജനിച്ചു. അതു തിരുവോണം നക്ഷത്രത്തിലായിരുന്നു. കുറിയവന് എന്നു വിളിക്കാന്‍ പാകത്തില്‍ വളര്‍ന്നു. വാമനന് എന്ന വാക്കിന് കുറിയവന് എന്നാണ് അര്‍ത്ഥം. ജനിച്ച ഉടനെ വളര്‍ന്ന വാമനനു ദേവീദേവന്മാര് അറിവും കഴിവും കുടയും വടിയും കമണ്ഡലുവും മറ്റും നല്കി അനുഗ്രഹിച്ചു.
മഹാബലി ഒരു യാഗം നടത്തുന്നുണ്ടായിരുന്നു. അവിടേയ്ക്കാണ് വാമനന് പോയത്. ”എന്തും ചോദിച്ചോളൂ, തരാം” എന്നാണ് വാമനനെ സ്വീകരിച്ചുകൊണ്ടു മഹാബലി പറഞ്ഞത്. ”എന്റെ കാലുകൊണ്ടു മൂന്നടി സ്ഥലം അളന്നെടുക്കാന്‍ എന്നെ സമ്മതിച്ചാല്‍ മതി” എന്നായിരുന്നു വാമനന്റെ അപേക്ഷ.
അതിന്റെ നിസ്സാരതയോര്‍ത്ത് അഹങ്കാരത്തോടെ ചിരിച്ചുകൊണ്ടാണെങ്കിലും മഹാബലി സമ്മതിച്ചു. പക്ഷേ, വാമനന് അളക്കുമ്പോള്‍ വളര്‍ന്ന് ഒരടിയാല്‍ ഭൂമി മുഴുവനും, രണ്ടാമത്തെ അടിയാല്‍ സ്വര്ഗ്ഗമുള്പ്പെടെയുള്ള മറ്റു ലോകങ്ങളും അളന്നു. ”മൂന്നാമത്തെ അടി അളക്കാന്‍ സ്ഥലമെവിടെ?” എന്നായി വാമനന്റെ ചോദ്യം.
വിശ്വവ്യാപിയായ ഈ ചൈതന്യത്തിനു മുന്നില്‍, അഹങ്കാരം വിട്ട മഹാബലി വാമനന്റെ മുന്നില്‍ കുനിഞ്ഞിരുന്നു പറഞ്ഞു- ”അങ്ങയുടെ പാദം എന്റെ തലയില്‍ വെച്ചാലും. എന്നെ അങ്ങയ്ക്കു സമര്‍പ്പിച്ചുകൊണ്ടു ഞാന്‍ വാക്കു പാലിക്കുന്നു.”
വാമനന് അങ്ങനെ മഹാബലിയെ തലയില്‍ പാദമൂന്നി സുതലത്തിലേക്കു അനുഗ്രഹിച്ചയച്ചുവെന്നതാണ് കഥ. എത്രയൊക്കെ മേന്മകളുണ്ടായാലും ബലമുണ്ടായാലും തന്ത്രശാലിയായാലും കാര്യമില്ല. ഏകാധിപത്യവും അഹങ്കാരമുണ്ടെങ്കില്‍ ഓര്‍ക്കാപ്പുറത്തു പെട്ടെന്നാവും നാശം സംഭവിക്കുന്നത്.
അങ്ങനെ നോക്കുമ്പോള്‍ കേരള ഭൂമിയില്‍ അഹങ്കാരിയായ ഒരു അസുരരാജാവിന്റെ ഭരണം അവസാനിച്ച നക്ഷത്ര ദിനമാണ് ചിങ്ങമാസത്തിലെ തിരുവോണം.
അതിനു കാരണമായി വിശ്വവ്യാപിയായ ചൈതന്യം വാമനനായി അവതരിച്ച നക്ഷത്ര ദിവസവുമാണ് ചിങ്ങമാസത്തിലെ തിരുവോണം.
വാസ്തവത്തില്‍ ഇതു രണ്ടും കേരളീയര്‍ ആഘോഷിക്കുകയാണ് പൊന്നോണമെന്ന പേരില്‍. കുറിയവന്റെ ജനനവും വലിയവന്റെ (അഹങ്കാരത്തിലൂടെ) പതനവുമാണത്.
മഹാബലി തിരുവോണ നാളില്‍ കേരളത്തില്‍ വരുന്നു; തന്റെ പഴയ പ്രജകളെ കാണാന്‍ എന്നതും ഒരു ഐതിഹ്യമാണല്ലോ.
അങ്ങനെ വരുന്നുണ്ടെങ്കില്‍ തന്നെ തന്റെ പ്രജകളെയെല്ലാം കാണണമെന്നു കരുതിയിട്ട് മാത്രമാവില്ല. ദുര്‍മ്മദം പൂണ്ട ദുരഹങ്കാരികളായ ഭരണാധികാരികളുടെ നേരെ കാലുയര്‍ത്താന്‍ കരുത്തുറ്റ വാമനന്മാര് ഇവിടെ അവതരിച്ചിട്ടുണ്ടോ എന്നു ആകാംക്ഷയോടെ അന്വേഷിക്കുവാനാണ്!
അല്ലെങ്കില്‍ തന്റെ മുത്തച്ഛനായ പ്രഹ്ലാദന് സ്വപിതാവിനാല്‍ നിരന്തരം പീഡിതനായി പ്രാര്‍ത്ഥിച്ചുനില്‍ക്കേ നരസിംഹാവതാരത്തിനെ ഗര്‍ഭം ധരിച്ചു നില്ക്കുന്ന മഹാസ്തംഭങ്ങളുണ്ടോ എന്നു നോക്കുവാനുമാകാം!
അസത്യത്തിനാലും അധര്മത്തിനാലും പീഡിതമായ ജനമനസ്സുകളേ, നിങ്ങള്‍ ഒരുമിച്ചു ചേര്‍ന്നു ആ മഹാചൈതന്യത്തെ ധ്യാനിച്ചു വരുത്തുവിന്! ആ ചൈതന്യത്തിനു മുന്നില്‍ മാത്രമേ നമുക്കു പറയാനാകൂ.
”മാനുഷരെല്ലാരും ഒന്നുപോലെ.”
പി. ഐ. ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: