തെക്കേ ഇന്ത്യയിലെ ഏക പ്രകൃതിദത്ത ശിവലിംഗ സ്വരൂപം ദര്‍ശിക്കാനാവുന്ന ശില. കേരളത്തിലേയും തമഴ്നാട്ടിലേയും 143 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനം. എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് രക്ഷനേടാന്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഒളിച്ചുപാര്‍ത്ത പാറ. ഇങ്ങനെ ഐതിഹ്യങ്ങളുടെ പെരുമയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് അമ്പൂരി നെല്ലിക്കാ മലയുടെ നെറുകയില്‍ ദ്രവ്യപ്പാറ.
മാര്ത്താണ്ഡവര്മയ്ക്ക് ദ്രവ്യപ്പാറയുടെ മുകളിലെത്താന്‍ അക്കാലത്ത് ആദിവാസികള്‍ 101 പടവുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നെന്ന് ചരിത്രം. ഇതില്‍ മിക്കതും അടര്‍ന്നുവീണു. കല്പ്പടവുകളില് 72 എണ്ണം ഇപ്പോഴുമുണ്ട്. ഈ പടവുകളിലൂടെയാണ് സഞ്ചാരികള്‍ 1500 അടി ഉയരമുള്ള പാറയുടെ മുകളിലെത്തുന്നത്. യുദ്ധം ജയിച്ച മര്‍ത്താണ്ഡവര്‍മ ദ്രവ്യപ്പാറയ്ക്ക് അഭിമുഖമായി 1001 പറ നിലം തന്നെ സഹായിച്ച വിശ്വസ്തരായ ആദിവാസികള്‍ക്ക് കരം ഒഴിവാക്കി പതിച്ചു നല്‍കിയതായി പഴമക്കാര്‍. രാവിലെ നട്ട് ഉച്ചയ്ക്ക് കൊയ്തെടുക്കാന്‍ കഴിയുന്ന പ്രത്യേകതരം ഞാറ് ആദിവാസികള്‍ ഈ നിലത്ത് കൃഷി നടത്തിയിരുന്നതായി ഐതിഹ്യമുണ്ട്. വിളവെടുക്കുന്ന നെല്ല് കുത്തി അരിയാക്കി അവര്‍ ഗുഹാക്ഷേത്രത്തില്‍ പായസം വച്ച് നിവേദിച്ചിരുന്നുവത്രെ. എന്നാല്‍ ഇന്ന് ആ നിലമില്ല. ഭൂമി കയ്യേറി ഇവിടെ റബ്ബറും തെങ്ങും കടന്നു വന്നു.
ചരിത്ര ശേഷിപ്പിന്റെ അടയാളമെന്നോണം നിലകൊള്ളുന്ന ദ്രവ്യപ്പാറയിലെ ഗുഹാക്ഷേത്രത്തില്‍ ശിവപൂജ നടത്തുന്നത് വിശ്വാസികളായ നാട്ടുകാര്‍ ഇന്നും മുടക്കിയിട്ടില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദക്ഷിണാമൂര്‍ത്തി വിഗ്രഹത്തിനു പുറമെ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വെങ്കല, ചെമ്പ് പാത്രങ്ങളും നിലവിളക്കുകളുമൊക്കെ ഗുഹാക്ഷേത്രത്തിലുണ്ട്. എങ്കിലും ഈ ഗുഹാക്ഷേത്ര വാതിലുകള്‍ താഴിട്ട് പൂട്ടാറില്ല, കാവല്‍ക്കാരുമില്ല. ഇവിടെ നിന്ന് ആരും ഒന്നും കവര്‍ന്നെടുക്കാറില്ല. ദ്രവ്യപ്പാറയുടെ ഭയഭക്തിയിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ് ദ്രവ്യപ്പാറ. ഗുഹാക്ഷേത്ര ട്രസ്റ്റിനാണ് ഭരണ ചുമതല. പ്രദേശവാസികളിലൊരാള്‍ ദാനം ചെയ്ത 30 സെന്റ് മാത്രമാണ് ട്രസ്റ്റിന് സ്വന്തമായുള്ളത്. ഐതിഹ്യങ്ങളുടെ നിലവറ എന്നതുപോലെ പ്രകൃതി നിറക്കൂട്ട് ചാലിച്ച് ചന്തം നല്കിയ ശിലാസ്ഥാനം കൂടിയാണ് ദ്രവ്യപ്പാറ. പാറയ്ക്ക് മുകളില്‍ നിന്നാല്‍ നഗരക്കാഴ്ചകള്‍ കാണാനാവും. കൂട്ടിന്, ദ്രവ്യപ്പാറയ്ക്ക് അഭിമുഖമായി നില്ക്കുന്ന അഗസ്ത്യമലയില്‍ നിന്ന് ഒഴുകിയെത്തുന്ന ഔഷധ കാറ്റിന്റെ സുഗന്ധവും. കുടപ്പനമൂട് പൊട്ടന്ചിറയില് നിന്ന് മലമുകള്‍ വരെ റോഡുണ്ട്. അവിടെ നിന്ന് അര കിലോമീറ്റര്‍ കാല്‍നട വേണം ദ്രവ്യപ്പാറയിലെത്താന്‍. വാഴിച്ചല്‍, കുട്ടമല വഴി .പുറുത്തിപ്പാറ റോഡിലൂടെയും ദ്രവ്യപ്പാറയ്ക്ക് അരികിലെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: