ന്യൂദല്‍ഹി: കാര്‍ഗില്‍ യുദ്ധം ആസ്പദമാക്കിയ ‘ഗുഞ്ജന്‍ സക്സേന – ദ കാര്‍ഗില്‍ ഗേള്‍’ സിനിമക്കെതിരെ വിവാദം കത്തുന്നു. വ്യാപകമായി വിമര്‍ശനം ഉയരുന്നതിനിടെ സിനിമക്കെതിരെ പൊതുതാത്പര്യ ഹര്‍ജിയുമായി എന്‍ജിഒ ജസ്റ്റിസ് ഫോര്‍ റൈറ്റ്സ് ഫൗണ്ടേഷന് പ്രസിഡന്റ് സത്യം സിങ് രാജ്പുത് രംഗത്തെത്തി.
സിനിമയിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിവാദ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗം ഉപേക്ഷിക്കുന്നത് വരെ സിനിമയുടെ പ്രക്ഷേപണം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യന്‍ വ്യോമസേനയെ മോശമായി ചിത്രീകരിക്കുന്ന സിനിമയാണിതെന്നും പല കാര്യങ്ങളും വസ്തുത വിരുദ്ധമാണെന്നും നേരത്തെ തന്നെ വിവാദമുയര്‍ന്നിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ വ്യോമസേനയുടെ ഭാഗമായിരുന്ന ഗുഞ്ജന്‍ സക്സേനയെ പ്രകീര്‍ത്തിച്ച് കാണിക്കാന്‍ ചരിത്ര വസ്തുത വളച്ചൊടിക്കുകയാണ്.
ലിംഗ വിവേചനമുണ്ടെന്ന തരത്തില്‍ സിനിമയില്‍ പല ഭാഗങ്ങളിലും പരാമര്‍ശമുണ്ട്. സിനിമയുടെ ആകര്‍ഷണം കൂട്ടാന്‍ നുണ പ്രചരിപ്പിക്കുകയാണ് സംഘാടകരെന്നും ഇവര്‍ ആരോപിച്ചു. വനിതാ ഓഫീസര്‍മാര്‍ക്ക് നേരെ മോശം പെരുമാറ്റമുണ്ടാകുന്നത് പതിവാണെന്ന തരത്തിലും സിനിമയില്‍ പരാമര്‍ശമുണ്ട്. ഇത്തരം ഭാഗങ്ങള്‍ സിനിമയെ ആകര്‍ഷണീയമാക്കാന്‍ സംവിധായകര്‍ നടത്തുന്ന പ്രക്രിയയാണെന്നും ഇതിനെതിരെ നിയമം അനുശാസിക്കുന്ന നടപടി ഉണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഇതിനിടെ കാര്‍ഗില്‍ യുദ്ധത്തില്‍ ഗുഞ്ജന്‍ സക്സേനക്കൊപ്പം വിമാനം പറത്തിയ മുന്‍ മലയാളി ഉദ്യോഗസ്ഥ ശ്രീദേവി രാജനും സിനിമക്കെതിരെ രംഗത്തെത്തി. സിനിമയില്‍ പറയുന്ന പലതും വസ്തുതാവിരുദ്ധമാണെന്നും ഗുഞ്ജന്‍ സക്സേനയെ മഹത്വല്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അരോപിച്ചു. വ്യോമസേനയില്‍ ലിംഗ വിവേചനമില്ലെന്നും ശ്രീദേവി രാജന് പറഞ്ഞു. കഴിഞ്ഞയാഴ്ച നെറ്റ്ഫ്ളിക്സിലൂടെയാണ് സിനിമ പുറത്തുവിട്ടത്.
നിഖില്‍ മെഹ്റോത്രക്കൊപ്പം തിരക്കഥ തയാറാക്കിയ ശരണ്‍ ശര്‍മ്മയാണ് സിനിമയുടെ സംവിധായകന്. ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറാണ് സിനിമയില്‍ ഗുഞ്ജന്‍ സക്സേനയായി വേഷമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: