ന്യൂദല്‍ഹി: പാര്‍ട്ടിക്ക് ഇടക്കാല പ്രസിഡന്റല്ല പുതിയ പ്രസിഡന്റാണ് വേണ്ടതെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ രംഗത്തിറങ്ങാന്‍ കാരണം ‘കെ.സി വേണുഗോപാല്‍’. ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കൂടി തീരുമാനിച്ചതാണ് പൊട്ടിത്തെറിക്ക് വഴിവെച്ചത്. പാര്‍ട്ടിയെ ഒരുമിച്ചു കൊണ്ടുപോകാന്‍ ഇടക്കാല അധ്യക്ഷനായി നിശ്ചയിച്ചയാള്‍ക്ക് ശേഷിയില്ലെന്ന് 23 മുതിര്‍ന്ന നേതാക്കള്‍ ഒപ്പുവെച്ച കത്തില്‍ കുറ്റപ്പെടുത്തുന്നു.
കെ.സി വേണുഗോപാലിന്റെ അപ്രതീക്ഷിത സ്ഥാനാരോഹണമാണ് നിലവില്‍ എഐസിസി ആസ്ഥാനത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് പല മുതിര്‍ന്ന നേതാക്കളും സമ്മതിക്കുന്നു. ചുരുങ്ങിയ നാള്‍ക്കകം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം നേടിയതും പിന്നീട് രാജസ്ഥാനില്‍നിന്ന് രാജ്യസഭാ സീറ്റ് നേടിയെടുത്തതും മുതിര്‍ന്ന നേതാക്കളെ അസ്വസ്ഥമാക്കി. കെ.സി വേണുഗോപാലിന് രാജസ്ഥാനില്‍നിന്ന് രാജ്യസഭാ സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട ഭിന്നതകളാണ് ഗെലോട്ടും സച്ചിന് പൈലറ്റും തമ്മിലുള്ള ഭിന്നതയ്ക്കും വഴിതുറന്നത്. ഇതിന് പിന്നാലെ ഇടക്കാല അധ്യക്ഷ സ്ഥാനത്തേക്കും കെ.സി വേണുഗോപാലിനെ നിശ്ചയിക്കാന്‍ ധാരണയായത് മുതിര്‍ന്ന നേതാക്കളുടെ പൊട്ടിത്തെറിയിലേക്ക് വഴിവെച്ചു.
സോണിയക്ക് പകരം ഇടക്കാല അധ്യക്ഷനായി തീരുമാനിച്ച നേതാവിന് പ്രാപ്തിയില്ലെന്നും സംഘടനയെ ഒരുമിച്ചു കൊണ്ടുപോകാന്‍ ആ നേതാവിന് സാധിക്കില്ലെന്നും ഗുലാം നബി ആസാദ് ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതു കെ.സി വേണുഗോപാലിനെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി സമ്മതിച്ചിട്ടുണ്ട്. അടുത്ത എഐസിസി സമ്മേളനം വരെ മാത്രമാണ് കെ.സി വേണുഗോപാലിനെ ഇടക്കാല പ്രസിഡന്റായി നിയമിക്കുന്നതെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.
കെ.സി. വേണുഗോപാലിന് പകരം ശശി തരൂരിനെ മുന്‍നിര്‍ത്തി നീക്കം നടത്താനും മുതിര്‍ന്ന നേതാക്കള്‍ ആഗ്രഹിക്കുന്നുണ്ട്. ഇതാണ് കേരളത്തിലെ ഒരുവിഭാഗം നേതാക്കള്‍ തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നിലെ യഥാര്‍ഥ കാരണം. സോണിയക്കെതിരായ നീക്കത്തില്‍ ശശി തരൂര്‍ ഒപ്പുവച്ചതിന് പിന്നാലെ തരൂരിനെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താനുള്ള നീക്കം കെ.സി വേണുഗോപാലിന്റെ നിര്‍ദ്ദേശ പ്രകാരം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ശബരീനാഥന്, പി.ടി തോമസ് തുടങ്ങിയ നേതാക്കളുടെ അപ്രതീക്ഷിത പിന്തുണയാണ് തരൂരിന് ലഭിക്കുന്നത്. ഇതോടെ കേരളത്തിലും പാര്‍ട്ടിയില്‍ ഭിന്നത ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: