അച്ഛനെപോലെ സത്യവ്രതനാകണമെന്ന ആഗ്രഹം ഹരിശ്ചന്ദ്രനില്‍ ഉറച്ചു. സത്യം ശീലമാക്കുക എന്നത് പറയാന്‍ എളുപ്പമാണ്. പ്രാവര്‍ത്തികമാക്കാന്‍ പ്രയാസവും. വസിഷ്ഠന്റെ കോപമാണ് അച്ഛന് ഏറെ പ്രശ്നമുണ്ടാക്കിയത്. അതൊഴിവാക്കാന് ശ്രമിക്കണം. അതിനായി ഹരിശ്ചന്ദ്രന് ആദ്യം തന്നെ കുലഗുരു വസിഷ്ഠനെ ഇക്കാര്യം അറിയിച്ചു. അച്ഛന്റെ കാര്യം പറയാതെയാണ് ഹരിശ്ചന്ദ്രന് അവതരിപ്പിച്ചത് എന്നതിനാല്‍ പെട്ടെന്നു തന്നെ ഗുരുനാഥന് അതിനെ പ്രോത്സാഹിപ്പിച്ചു.
തന്റെ ശിഷ്യന് സത്യം ശീലമാക്കിയവനാണ് എന്ന് എല്ലാവരുടേയും മുന്നില്‍ വീമ്പു പറയാനും വസിഷ്ഠ ഗുരു തയ്യാറായി. സത്യവ്രതനെ കവച്ചു വയ്ക്കാന്‍ പാകത്തിന് തന്റെ ശിഷ്യന് വളര്‍ന്നു വരണമെന്ന മല്‍സര ബുദ്ധിയായിരുന്നു ഇതിനു പിന്നില്‍. ഇത് വിശ്വാമിത്ര മഹര്‍ഷിയോടുള്ള ഒരു മധുര പ്രതികാരമായിരിക്കുമെന്നും വസിഷ്ഠന് കണക്കുകൂട്ടി.
ഒരിക്കല്‍ ബ്രഹ്മലോകത്ത് ഗുരുക്കന്മാരുടെ ഒരു സദസ്സില്‍ വസിഷ്ഠ ഗുരു വീരസ്യം വിളമ്പുകയായിരുന്നു. ശിഷ്യന്റെ സത്യവ്രതത്തെ പുകഴ്ത്തിക്കൊണ്ട്. ഈ വീരസ്യം പറച്ചിലില്‍ പലര്‍ക്കും മടുപ്പു തോന്നിയെങ്കിലും വസിഷ്ഠനോടുള്ള ആദരവിനാല്‍ എല്ലാവരും ക്ഷമിക്കുകയായിരുന്നു.
വീരസ്യം അതിരു വിട്ടപ്പോള്‍ വിശ്വാമിത്രന് അലോഹ്യം പ്രകടിപ്പിച്ചു. ഇത്രയ്ക്കൊന്നും പുകഴ്ത്തി പറയാനില്ല. ജീവിതത്തില്‍ കടുത്ത പരീക്ഷണങ്ങളൊന്നും നേടിടേണ്ടി വന്നിട്ടില്ലാത്തതിനാലാണ് ഹരിശ്ചന്ദ്രന് ഇപ്പോള്‍ സത്യശീലം കൊണ്ടു നടക്കാന്‍ കഴിയുന്നത്. ഹരിശ്ചന്ദ്രന് തുടങ്ങിയിട്ടല്ലേയുള്ളൂ.
വസിഷ്ഠന്റെ മറുപടിയും പെട്ടെന്നായിരുന്നു. എന്തൊക്കെ പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നാലും ഹരിശ്ചന്ദ്രന് സത്യത്തെ മുറുകെ പിടിക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും ഏതു പരീക്ഷണവും നടത്താം. ഇത് കുലഗുരു വസിഷ്ഠന്റെ വാക്കാണ്. ഏതായാലും ആ വെല്ലുവിളി ഏറ്റെടുത്ത് പരീക്ഷണങ്ങളുമായി മുന്നോട്ട് പോകാന്‍ വിശ്വാമിത്ര മഹര്‍ഷി നിശ്ചയിച്ചു. രോഹിതന്റെയും ശുനശ്ശേപന്റെയും എല്ലാ ചരിത്രവും വിശ്വാമിത്രന് നന്നായി അറിയാം.
വസിഷ്ഠ ഗുരുവിന്റെ വീരവാദങ്ങളെ നിഷ്പ്രഭമാക്കാന്‍ കിട്ടിയ ഒരു അവസരമാണ് ഇതെന്ന് വിശ്വാമിത്രന് വിലയിരുത്തി. തന്റെ പരീക്ഷണങ്ങള്‍ എത്രമാത്രം ക്രൂരമായാലും വസിഷ്ഠനും ഹരിശ്ചന്ദ്രനും ശുനശ്ശേപനോട് ചെയ്തതു പോലെ കടുത്തതാകില്ലെന്നു തന്നെ മഹര്‍ഷി നിശ്ചയിച്ചു. തുടര്‍ന്ന് വിശ്വാമിത്രന് പരീക്ഷണങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനായി ബുദ്ധി കൂര്‍പ്പിച്ചെടുത്തു. അവസരങ്ങള്‍ക്കായി കാത്തിരുന്നു.
തന്റെ പിതാവിന് സ്വര്‍ഗം നേടിക്കൊടുക്കാന്‍ കാരണമായ വിശ്വാമിത്ര മഹര്‍ഷിയോട് ഹരിശ്ചന്ദ്രന് നല്ല ഭക്തിയായിരുന്നു. ശുനശ്ശേപന്‍ താന്‍ നിമിത്തം വധിക്കപ്പെടുമായിരുന്നത് ഒഴിവാക്കിയതും വിശ്വാമിത്ര മഹര്‍ഷിയാണെന്ന് ഹരിശ്ചന്ദ്രന് അറിയാം. വലിയൊരു പാപത്തില്‍ നിന്നാണ് മഹര്‍ഷി തന്നെ രക്ഷിച്ചതെന്ന് ഹരിശ്ചന്ദ്രന് നന്ദിയോടെ സ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: