തിരുവനന്തപുരം: സംസ്ഥാനത്ത് കൃഷിമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രം 4500 കോടി രൂപ അനുവദിച്ചു. പ്രാഥമിക സഹകരണ സംഘങ്ങള്‍, കാര്ഷികോല്പാദന കമ്പനികള്‍ എന്നിവയുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കാനാണ് സംസ്ഥാനം ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടത്തി. തുക അനുവദിച്ചതിന് നന്ദിയും രേഖപ്പെടുത്തി. അഗ്രികള്‍ചറല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫണ്ട് മാനേജ്മെന്റ് സംബന്ധിച്ച് പദ്ധതി മാനദണ്ഡങ്ങളില്‍ ഇളവുകളും ആവശ്യപ്പെട്ടു.
അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിനായി ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയും കളക്ടര്‍മാര്‍ ഉള്‍പ്പെട്ട ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിക്കും. നടപ്പു സാമ്പത്തിക വര്‍ഷം 100 – 250 കാര്ഷികോല്പാദന കമ്പനികളും 50 – 100 അഗ്രി സ്റ്റാര്‍ട്ടപ്പുകളും 1000 ജൈവ ക്ലസ്റ്ററുകളും 100 കയറ്റുമതി അധിഷ്ടിത ഗ്രൂപ്പുകളും സ്ഥാപിക്കും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രാഥമിക സംഭരണകേന്ദ്രം ഈ വര്‍ഷം ആരംഭിക്കും.
സംസ്ഥാനത്തെ ശരാശരി കൃഷിഭൂമി വിസ്തൃതി 0.18 ഹെക്ടറാണ്. ചെറുകിട, നാമമാത്ര കര്‍ഷകരാണ് ഭൂരിഭാഗവും. ആയതിനാല്‍ പദ്ധതി ഘടകങ്ങള്‍ പലിശ സബ്സിഡിയായി നല്കുന്നതിനോടൊപ്പം കര്‍ഷകകൂട്ടായ്മകള്‍ക്ക് ഒറ്റത്തവണ ഗ്രാന്റായി കൂടി അനുവദിക്കണമെന്ന് കൃഷിമന്ത്രി ആവശ്യപ്പെട്ടു. ആര്‍കെവിവൈ അല്ലെങ്കില്‍ ആര്‍ഐഡിഎഫില്‍ ഉള്‍പ്പെടുത്തി ഗ്രാന്റ് കര്‍ഷകര്‍ക്കും കര്‍ഷകോത്പാദന കമ്പനികള്‍ക്കും അനുവദിക്കണമെന്നും മന്ത്രി കേന്ദ്രത്തെ അറിയിച്ചു.
140 നിയോജക മണ്ഡലങ്ങളിലും പായ്ക് ഹൗസുകള്‍ നിര്‍മിക്കും. യന്ത്രവല്‍ക്കരണവും തൊഴില്‍സേനയുടെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തുന്നതിനായി കസ്റ്റം ഹയറിങ് സെന്ററുകളും ആരംഭിക്കും. താങ്ങുവില പ്രഖ്യാപനത്തില്‍ കൂടുതല്‍ സഹായം അഭ്യര്‍ഥിച്ചു. കൊപ്ര, നെല്ല് എന്നിവയ്ക്കാണു പ്രധാനമായും താങ്ങുവില. കുരുമുളകിനും താങ്ങുവില പ്രഖ്യാപിക്കണം. ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ നെല്‍ക്കൃഷിക്ക് ഇളവുകള്‍ അനുവദിച്ച് ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സുനില്‍കുമാര്‍ അഭ്യര്‍ഥിച്ചു.
27 കീടനാശിനികള്‍ നിരോധിക്കാനുള്ള കേന്ദ്ര തീരുമാനത്തെ മന്ത്രി സ്വാഗതം ചെയ്തു. രാസകീടനാശിനികള്‍ക്കു പകരം ശാസ്ത്രീയ ജൈവനിയന്ത്രണമാര്ഗങ്ങള്ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമാണെന്നും മന്ത്രി അറിയിച്ചു. കൂടുതല്‍ ബയോകണ്ട്രോള് ലാബുകള്‍ തുടങ്ങുന്നതിനും പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനുകള്‍ ശാക്തീകരിക്കുന്നതിനും സഹായം ആവശ്യമാണ്. നിലവിലെ 7 ബയോകണ്ട്രോള് ലാബുകള്‍ക്കും ചഅആഘ അക്രഡിറ്റേഷന് കിട്ടുന്നതിന് നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: