നമ്മുടെ കായിക ലോകത്തിന്റെ പാരമ്പര്യവും പ്രൗഢിയും ഓര്‍മ്മപ്പെടുത്തുന്ന ദിനമാണ് ഇന്ന്. ദേശീയ കായിക ദിനം. ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്ന് തവണ ഒളിമ്പിക്സില്‍ ഹോക്കി സ്വര്‍ണമെഡല്‍ നേടിക്കൊടുത്ത ടീമുകളിലെ പ്രധാന കളിക്കാരനായിരുന്ന ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.
1905 ആഗസ്റ്റ് 29 ന് അലഹാബാദിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1928, 1932, 1936 എന്നീ വര്‍ഷങ്ങളില്‍ ഹോക്കിയില്‍ ഒളിമ്പിക്സ് മെഡല്‍ സ്വന്തമാക്കിയ ധ്യാന്‍ ചന്ദ് 400 ല്‍ ഏറെ ഗോളുകള്‍ നേടിയിട്ടുണ്ട്. ഹോക്കിയിലെ മാന്ത്രികനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്.
ധ്യാന്‍ ചന്ദ് യുഗം ഹോക്കിയുടെ സുവര്‍ണ കാലഘട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 1936 ലെ ഒളിമ്പിക്സില്‍ ഇന്ത്യ ജര്‍മനിയെ തോല്പിച്ചപ്പോള്, ഹിറ്റ്ലര്‍ നല്കിയ അത്താഴവിരുന്നില്‍ ധ്യാന്‍ ചന്ദ് പങ്കെടുത്തിരുന്നു. ഇന്ത്യന്‍ കരസേനയില്‍ ലാന്‍സ് കോര്‍പ്പറല്‍ ആയിരുന്ന അദ്ദേഹത്തിന് ഹിറ്റ്ലര്‍ , ജര്‍മന്‍ ആര്‍മിയില്‍ കേണല്‍ പദവി വാഗ്ദാനം ചെയ്തു.
ജര്‍മനിയില്‍ സ്ഥിരതാമസമാക്കണമെന്ന കരാറോടെയായിരുന്നു അത്. എന്നാല്‍ ധ്യാന്‍ ചന്ദ് ആ വാഗ്ദാനം നിരസിച്ചു. സ്വാതന്ത്ര്യാനന്തരം ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിന് മേജര്‍ പദവി നല്കി. 1956 ല്‍ പത്മഭൂഷണും നല്കി ആദരിച്ചു. നമ്മുടെ കായികലോകത്തിന് പുത്തനുണര്‍വും കുതിപ്പും നല്കാന് ധ്യാന്‍ ചന്ദിന്റെ സ്മരണകള്‍ക്കും അദ്ദേഹം കായികലോകത്തിന് നല്കിയ സംഭാവനകള്‍ക്കും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: