ന്യൂദല്‍ഹി: ഇടക്കാല അധ്യക്ഷസ്ഥാനത്ത് നിന്ന് സോണിയ ഗാന്ധിയെ മാറ്റി പുതിയ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ച നേതാക്കള്‍ക്കെതിരെ നെഹ്റു കുടുംബത്തിന്റെ പ്രതികാര നടപടികള്‍ ആരംഭിച്ചു. അതേസമയം വിമത ശബ്ദം ഉയര്‍ത്തിയ നേതാക്കള്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
കത്തില്‍ ഒപ്പുവച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ക്ഷണിതാവും മുന്‍ കേന്ദ്രമന്ത്രിയും യുപിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവുമായ ജിതിന് പ്രസാദയ്ക്കെതിരെ യുപി കോണ്‍ഗ്രസ് കമ്മിറ്റിയെ ഉപയോഗിച്ചാണ് നീക്കം. ഇതിനെതിരെ കപില്‍ സിബല്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. ബിജെപിക്കെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തേണ്ട കോണ്‍ഗ്രസ് സ്വന്തം നേതാക്കള്‍ക്കെതിരെയാണ് പോരാടുന്നതെന്ന് കപില്‍ സിബല്‍ വിമര്‍ശിച്ചു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യുപി കോണ്‍ഗ്രസ് ഘടകം ജിതിന് പ്രസാദയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പ്രമേയങ്ങള്‍ പാസാക്കുന്നതാണ് പുതിയ വിവാദത്തിന് കാരണം. യുപിയിലെ ലഖിംപുര്‍ ഖേരി ജില്ലാ കമ്മിറ്റിയാണ് ജിതിനെതിരെ പ്രമേയങ്ങള്‍ പാസാക്കുന്നത്. സോണിയയ്ക്കെതിരെ നീങ്ങിയ ജിതിനെ എത്രയും വേഗം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് പ്രമേയങ്ങളിലെ ആവശ്യം. ജിതിന്റെ കുടുംബം സോണിയാ കുടുംബത്തിന് എതിരാണെന്നും പ്രമേയം ആരോപിക്കുന്നു.
ജിതിന്റെ പിതാവ് ജിതേന്ദ്ര പ്രസാദ് എഐസിസിയുടെ മുന്‍ ഉപാധ്യക്ഷനും രാജീവ്ഗാന്ധി, നരസിംഹറാവു എന്നിവരുടെ രാഷ്ട്രീയ ഉപദേശകനുമായിരുന്നു. എന്നാല്‍ 2000ല്‍ സോണിയയ്ക്കെതിരെ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ജിതേന്ദ്രപ്രസാദ് മത്സരിച്ചതോടെയാണ് നെഹ്റുകുടുംബത്തിന്റെ കണ്ണിലെ കരടായി ഇവര്‍ മാറുന്നത്. രവീന്ദ്രനാഥ ടാഗോറിന്റെ കുടുംബക്കാരനായ ജിതിനെതിരായ നീക്കത്തെ ശക്തമായി പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് വിമത നേതാക്കളുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ജിതിനെതിരായ നീക്കം തുറന്നുകാട്ടി കപില്‍ സിബല്‍ തന്നെ പരസ്യമായി രംഗത്തെത്തിയത്.
ദീര്‍ഘദൃഷ്ടി എന്ന ഒറ്റ വാക്ക് ട്വീറ്റ് ചെയ്താണ് മനീഷ് തിവാരി നെഹ്റു കുടുംബത്തിന്റെ നീക്കത്തോട് പ്രതികരിച്ചത്. ഇടക്കാല അധ്യക്ഷ സ്ഥാനം മാറണം എന്നഭിപ്രായപ്പെട്ട് രംഗത്തെത്തിയാല്‍ സ്വാഭാവികമായും എന്താണ് ഉണ്ടാവുക എന്ന് മുന്‍കൂട്ടി വിമതസംഘം കണക്കുകൂട്ടിയിരുന്നു എന്നു വ്യക്തമാക്കുന്നതാണ് തിവാരിയുടെ ട്വീറ്റ്. കപില്‍ സിബലിന്റെയും മനീഷ് തിവാരിയുടേയും ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്ത്് ജിതിന് പ്രസാദും രംഗത്തെത്തി.
കോണ്‍ഗ്രസില്‍ നെഹ്റു കുടുംബത്തിനെതിരെ വലിയൊരു വിഭാഗം നേതാക്കള്‍ ആരംഭിച്ച പോരാട്ടം അതിശക്തമായി തുടരുകയാണെന്ന് വ്യക്തമാക്കുന്നതാണ് പരസ്യമായ പ്രതികരണങ്ങള്‍. കേരളത്തില്‍ നിന്ന് ശശി തരൂരടക്കമുള്ള നിരവധി നേതാക്കള്‍ വിമതശബ്ദമുയര്‍ത്തിയവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: