മുഖ്യമന്ത്രി പിണറായി വിജയനു കീഴിലുള്ള പൊതുഭരണ വകുപ്പിന്റെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത് അപ്രതീക്ഷിതമല്ലെന്നും ആസൂത്രിതമാണെന്നും അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം വ്യക്തമായി വരികയാണ്. ഫയലുകള്‍ കത്തിയതല്ല, കത്തിച്ചതാണെന്ന് മനസ്സിലാവാന്‍ സാമാന്യ ബുദ്ധി മാത്രം മതി. മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മന്ത്രി കെ.ടി.ജലീലും പ്രതിക്കൂട്ടില്‍ നില്ക്കുന്ന സ്വര്‍ണ്ണക്കടത്തു കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഉണ്ടായ ഈ തീപിടിത്തത്തെ നിസ്സാരവത്കരിച്ചും, പരസ്പര വിരുദ്ധമായ പ്രതികരണങ്ങളിലൂടെ പുകമറ സൃഷ്ടിച്ചും സത്യം മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തീപിടിത്തമുണ്ടായതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിനുമേല്‍ കെട്ടിവച്ച്, പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. ഇത് നിയമവാഴ്ചക്കെതിരായ കടന്നുകയറ്റവും ജനങ്ങളുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതുമാണ്.
തീപിടിത്തത്തേക്കുറിച്ച് അറിഞ്ഞെത്തിയ ബിജെപി നേതാവ് കെ. സുരേന്ദ്രന് അടക്കമുള്ളവര്‍, ആയുധങ്ങളുമായി കലാപത്തിന് എത്തിയവര്‍ ആണെന്ന സര്‍ക്കാര്‍ നിലപാട് ദുരുദ്ദേശ്യപരമാണ്. ഇത്ര ഗൗരവമുള്ള സംഭവം നടന്നിട്ടും മന്ത്രിമാര്‍ ആരും അങ്ങോട്ട് എത്തിയില്ല എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സര്‍കാരിനെ പ്രതിനിധീകരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്തത് ചീഫ് സെക്രട്ടറിയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ ചീഫ് സെക്രട്ടറിയുടെ ഭരണമാണോ?
ഇപ്പോള്‍ ഇങ്ങനെയൊരു തീപിടിത്തമുണ്ടായതിന്റെ സാഹചര്യം സുവ്യക്തമാണ്. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് എന്‍ഐഎയും സിബിഐയും കസ്റ്റംസും നടത്തുന്ന അന്വേഷണത്തിന്റെ ദിശ മുഖ്യമന്ത്രിയിലേക്കും മന്ത്രി ജലീലിലേക്കും തിരിയുകയാണ്. തുടക്കത്തില്‍ എന്‍ഐഎ അന്വേഷണത്തിന് കത്തെഴുതിയത് പൊക്കിപ്പിടിച്ച് നടക്കുകയായിരുന്നു ഭരണപക്ഷം. ഈ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ലാതിരുന്നിട്ടും ഇങ്ങനെയൊരു കത്തെഴുതിയത് തന്ത്രമായിരുന്നു. എന്‍ഐഎ അന്വേഷിക്കാന്‍ കാലതാമസമെടുക്കുമെന്നും, അതിനിടെ സ്വര്‍ണക്കടത്തു കേസിലെ മുഖ്യ കണ്ണികളെ വിദേശത്തേക്ക് കടത്താമെന്നുമായിരുന്നു പദ്ധതി. എന്നാല്‍ സ്വപ്ന സുരേഷിനെയും കൂട്ടാളികളെയും രക്ഷപ്പെടാനനുവദിക്കാതെ ഒന്നിനുപുറകെ ഒന്നായി എന്‍ഐഎ അറസ്റ്റു ചെയ്തതോടെ ഈ പദ്ധതി പൊളിഞ്ഞു. ആരോപണ വിധേയനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ സസ്പെന്റു ചെയ്ത് ദുഷിപ്പ് അവിടം വരെയേയുള്ളൂവെന്ന് വാദിച്ചുകൊണ്ടിരിക്കെയാണ് അന്വേഷണം മന്ത്രി ജലീലിലേക്കും മുഖ്യമന്ത്രിയിലേക്കും നീളുന്നതായി അറിയുന്നത്. വന്‍ സ്രാവുകള്‍ പിടിക്കപ്പെടുന്നത് ഒഴിവാക്കാനുള്ള അറ്റകൈ പ്രയോഗം എന്ന നിലയ്ക്കാണ് ബന്ധപ്പെട്ട ഫയലുകള്‍ കത്തിച്ച് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം.
പിണറായി പ്രതിയായ എസ്എന്‍സി ലാവ്ലിന് അഴിമതിക്കേസിലും ഫയലുകള്‍ക്ക് തീയിട്ട് നശിപ്പിച്ച പാരമ്പര്യം ഇടതു സര്‍ക്കാരിനുണ്ട്. സ്വര്‍ണക്കടത്തിന്റെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും, പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു തന്നെ അതില്‍ പങ്കുണ്ടെന്നും വന്നപ്പോള്‍ സര്‍ക്കാര്‍ ചില അന്വേഷണ പ്രഹസനങ്ങള്‍ നടത്തിയിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. സെക്രട്ടേറിയറ്റിലെ ഫയല്‍ കത്തിയ സംഭവത്തിലും ഇതുപോലെ ഒരന്വേഷണം പ്രഖ്യാപിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ നോക്കുന്നത്. കുറ്റകൃത്യം ചെയ്തവര്‍ തന്നെ അതിനെക്കുറിച്ച് അന്വേഷിക്കുന്ന വിരോധാഭാസമാണിത്.
സ്വര്‍ണക്കടത്ത് അന്വേഷിക്കുന്നത് കേന്ദ്ര ഏജന്‍സികളാണ്. അതുമായി ബന്ധമുണ്ടെന്ന് ഉറച്ചു വിശ്വസിക്കാവുന്ന സെക്രട്ടേറിയറ്റിലെ തീപിടിത്തവും എന്‍ഐഎയോ സിബിഐയോ തന്നെ അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലെയും ക്ലിഫ് ഹൗസിലെയും സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിട്ടും നല്‍കിയിട്ടില്ല. ഇവിടങ്ങളിലെ ക്യാമറകള്‍ക്ക് ഇടിമിന്നലില്‍ തകരാറു പറ്റിയെന്ന് പറയുന്നു. ഈ രണ്ടിടങ്ങളിലെ ക്യാമറകള്‍ക്കു മാത്രം ഇടിവെട്ടേറ്റതുപോലെയാണ് പൊ
തുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ സെക്ഷനില്‍ മാത്രം തീപിടിത്തം ഉണ്ടായതും. ഭരണചക്രം തിരിക്കുന്നവര്‍ തന്നെയാണ് കള്ളന്മാര് എന്നതില്‍ സംശയം വേണ്ട. അതിനാല്‍, സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഒരന്വേഷണവും വിശ്വാസ്യയോഗ്യമായി കരുതാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: