തിരുവനന്തപുരം: പൊതുഭരണ വിഭാഗത്തിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഫയലുകള്‍ കത്തിച്ച സംഭവത്തില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകളുമായി അന്വേഷണ സംഘങ്ങള്‍. വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നത് അന്വേഷണം തന്നെ അട്ടിമറി സാധ്യതയിലേക്കെന്ന് ആരോപണം.
അടച്ചിട്ട മുറിയിലെ ചുമര് ഫാന്‍ ഉരുകി സമീപത്തെ കര്‍ട്ടനിലേക്കും ഷെല്‍ഫിലേക്കും പേപ്പറിലേക്കും വീണതാണ് തീപിടിത്തത്തിനു കാരണമെന്നാണ് പിഡബ്ല്യുഡി കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയറുടെ അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ തീ പടര്‍ന്ന ഓഫീസ് തിങ്കളാഴ്ച ഉച്ചയോടെ കൊറോണ മാനദണ്ഡപ്രകാരം രണ്ട് ദിവസത്തേക്ക് അടച്ചിട്ടതാണ്. പിന്നെങ്ങനെ ഫാന്‍ പ്രവര്‍ത്തിക്കുമെന്ന് ചോദ്യം ഉയരുന്നു. ഈ റിപ്പോര്‍ട്ട് മരാമത്ത് മന്ത്രി ജി. സുധാകരന് മുഖ്യമന്ത്രിക്കു കൈമാറി. വിശദമായ അന്വേഷണം നടത്തുന്നതിനു മരാമത്ത് ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതേസമയം രണ്ട് പേര് ഡ്യൂട്ടിയിലുണ്ടായിരുന്നു എന്നാണ് ഹൗസ് കീപ്പിങ് വിഭാഗം അണ്ടര്‍ സെക്രട്ടറി പി. ഹണി കഴിഞ്ഞ ദിവസം പറഞ്ഞത്. രണ്ട് ദിവസത്തേക്ക് ആരും വരേണ്ടതില്ലെന്ന നിര്‍ദ്ദേശം നല്കിയ സാഹചര്യത്തില്‍ ഇവര്‍ എത്തിയതിലും ദുരൂഹതയുണ്ട്. എന്നാല്‍ ഇവര്‍ ജോലിയിലുണ്ടായിരുന്നെന്ന് പിഡബ്ല്യുഡി റിപ്പോര്‍ട്ടിലില്ല. 24, 25 തീയതികളിലേക്ക് അടച്ചിട്ട ഓഫീസ് എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.
ചീഫ് സെക്രട്ടറി നിയമിച്ച ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ.എ. കൗശികന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രാഥമിക നിഗമനം ഫയലുകള്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എന്നാണ്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം എന്നാണ് ഈ സംഘത്തിന് നിര്‍ദേശം. ഈ രണ്ട് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യത്യസ്തമായ നിഗമനത്തിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഫയലുകള്‍ ഏതോ വിധത്തില്‍ കത്തിയെന്നാണ് കന്റോണ്‍മെന്റ് സ്റ്റേഷനിലെ എഫ്ഐആര്‍ പറയുന്നത്. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഗസറ്റ് നോട്ടിഫിക്കേഷനുകളും ഗസ്റ്റ് ഹൗസ് അനുവദിച്ചതിന്റെ മുന്‍കാല ഫയലുകളും ചൊവ്വാഴ്ച വൈകിട്ട് 4.20ന് ഏതോ വിധത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചു എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് അന്വേഷണ സംഘവും മൂന്നുവിധത്തിലുള്ള നിഗമനങ്ങളിലെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: