കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ താത്വികാചാര്യനാണ് ഇഎംഎസ് നമ്പൂതിരിപ്പാട്. ”ലോകത്ത് മാര്‍ക്സിസത്തിന്റെ മൂല്യം ചോരാതെ വ്യാഖ്യാനിക്കാന്‍ കഴിയുന്ന അഞ്ചുപേരെ തേടിയാല്‍ അതില്‍ ഉറപ്പായും നമ്പൂതിരിപ്പാടുണ്ടാകും.” ഇഎംഎസ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇ.കെ. നായനാരുടെ സുചിന്തിതമായ അഭിപ്രായമാണിത്. പക്ഷേ, നമ്പൂതിരിപ്പാടിന്റെ നിലപാടുകള്‍ പല കാര്യത്തിലും വിഭിന്നവും വിചിത്രവുമാണെന്ന് കാണാന്‍ കഴിയും.
അദ്ദേഹത്തിന് സിപിഎം വാരികയില്‍ ഒരു പംക്തിയുണ്ടായിരുന്നു. ചോദ്യോത്തരമായിരുന്നു അത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിഷയങ്ങളെ കുറിച്ച് ചോദ്യം വരും. ആ ചോദ്യം കിട്ടിയാല്‍ ഉത്തരം നല്കുന്ന രീതി നല്ല തമാശയായിരുന്നു.
”സഖാവിന്റെ ചോദ്യം ഇങ്ങനെയല്ല വേണ്ടിയിരുന്നത്” എന്ന് പറഞ്ഞ് സഖാവിന്റെ ചോദ്യത്തിന് ഒരു ബദല്‍ ചോദ്യം ഇഎംഎസ് അവതരിപ്പിക്കും. എന്നിട്ട് സഖാവിന്റെ ചോദ്യത്തിനു പകരം നമ്പൂതിരിപ്പാടിന്റെ ചോദ്യത്തിന് സ്വയം ഉത്തരമെഴുതും. തിങ്കളാഴ്ച നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളും മുഖ്യമന്ത്രിയുടെ മറുപടിയും ശ്രദ്ധിച്ചാല്‍ ഇഎംഎസിനെ ഓര്മ വരും.
ഇഎംഎസിന്റെ ഉത്തരത്തില്‍, കുറഞ്ഞ പക്ഷം അദ്ദേഹത്തിനെങ്കിലും സംതൃപ്തി ഉണ്ടായിരിക്കും. പക്ഷേ മുഖ്യമന്ത്രിയുടെ ഉത്തരത്തില്‍ സഭയ്ക്ക് തൃപ്തി വന്നില്ല. പ്രതിപക്ഷത്തിന് സംതൃപ്തിയില്ല. മുഖ്യമന്ത്രിക്ക് തീരേ ഉണ്ടായിരുന്നില്ല.
നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കള്ളക്കടത്ത് പിടിക്കപ്പെട്ടതോടെ പുറത്തുവന്ന ഭൂതമാണല്ലോ അവിശ്വാസം വരെ വളര്‍ന്നുവന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിവാദനായിക സ്വപ്ന സുരേഷും പലകുറി സഭാ രേഖയില്‍ കടന്നു വന്നു. മൂന്നേമുക്കാല്‍ മണിക്കൂര്‍ മറുപടിക്ക് നിന്ന മുഖ്യമന്ത്രി ആ രണ്ടുപേരും ഉയര്‍ന്നത് കണ്ടതും കേട്ടതുമായി ഭാവിച്ചില്ല. ഭാര്യ, ഭര്‍ത്താവിന്റെ പേര് ചൊല്ലിവിളിക്കാത്തതാണ് പാരമ്പര്യം. അതുപോലെയായിരുന്നു മുഖ്യമന്ത്രിയുടെ പെരുമാറ്റം. ശിവശങ്കര്‍, സ്വപ്ന സുരേഷ് എന്നീ പേരുകള്‍ മുഖ്യമന്ത്രിയുടെ വായില്‍ കൂടി വന്നതേയില്ല.
കേരളത്തില്‍ തീവെട്ടിക്കൊള്ള ആണെന്നായിരുന്നു പ്രതിപക്ഷാരോപണം. കുറേ കാര്യങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു ലൈഫ് മിഷന് പദ്ധതിക്ക് ലഭിച്ച 20 കോടി രൂപ. അതില്‍ പകുതി തുക എങ്ങനെ പോയി? ആരുടെ കയ്യിലെത്തി? 4.25 കോടി കമ്മീഷന് നല്‍കിയതായി വെളിപ്പെട്ടു. അഞ്ച് കോടി ആരെടുത്തു. സര്‍ക്കാരിനു വേണ്ടി എഴുന്നേറ്റവര്‍ പല ന്യായങ്ങള്‍ നിരത്തി. പക്ഷേ ഒന്നും ഏശിയില്ല. മുഖ്യമന്ത്രിയാകട്ടെ അതങ്ങ് തൊണ്ട തൊടാതെ വിഴുങ്ങി. തൊണ്ടയില്‍ കോലിട്ട് കുത്തിയിട്ടും മറുപടി നിശ്ശബ്ദത. ലൈഫ് മിഷന്റെ അദ്ധ്യക്ഷന്‍ മുഖ്യമന്ത്രിയാണെന്നോര്ക്കണം.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്ക്കരിക്കുന്നേ എന്ന് ഇരുപക്ഷവും മാറത്തടിച്ച് നിലവിളിക്കുന്ന കാഴ്ചയാണ് അവിശ്വാസ പ്രമേയം വരും മുന്‍പ് സഭ കണ്ടത്. അത് സംബന്ധിച്ച് അദാനിക്കും മോദിക്കുമെതിരെ കുറ്റപത്രവും വായിച്ചു. അത് മാറ്റൊലി സൃഷ്ടിക്കവെയാണ് ദേശീയപാതയ്ക്ക് സമീപം 14 ജില്ലകളിലും ഏക്കര്‍ കണക്കിന് ഭൂമി സ്വകാര്യ മേഖലയ്ക്ക് നല്‍കുകയാണെന്ന പരിഭവം പ്രതിപക്ഷനേതാവില്‍ നിന്നുണ്ടായത്. വിശ്രമകേന്ദ്രങ്ങളുണ്ടാക്കാനാണ് ഈ തീറെഴുത്തെന്നും ചെന്നിത്തല. രേഖകളുടെ ചുമടുമായാണ് രമേശ് വന്നതെങ്കിലും മറുപടിക്കെഴുന്നേറ്റ മരാമത്ത് മന്ത്രിക്കോ മുഖ്യമന്ത്രിക്കോ വിശ്വസീയമായ ചെറുത്തുനില്‍പ്പ് സൃഷ്ടിക്കാനായില്ല.
നാഷണല്‍ ഹൈവേയില്‍ യാത്ര ചെയ്യുമ്പോള്‍ മൂത്രമൊഴിക്കേണ്ടേ? എന്ന് ചോദിച്ച മന്ത്രി സുധാകരന്, ഇത് 10 സ്ഥലം, എംസി റോഡിലാണെന്നും ഫയലില്‍ ടെണ്ടര്‍ വിളിക്കണമെന്ന് കുറിച്ച മുഖ്യമന്ത്രി കൂടുതല്‍ വിശദീകരിക്കുമെന്നും അറിയിച്ചു. പക്ഷേ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷം കുരവ ഇട്ടതുകൊണ്ടാവാം മറുപടി ഒന്നും നല്‍കിയില്ല.
കൊവിഡിന്റെ പേരില്‍ പുരസ്കാരം നേടുകയും ആരോഗ്യരംഗത്ത് പരിഷ്കാരം സൃഷ്ടിച്ചു എന്ന പേരില്‍ പുരപ്പുറത്ത് നില്‍ക്കുകയുമാണ് ആരോഗ്യമന്ത്രി. അവര്‍ക്കെതിരെ ആരോപണമോ? ആരവിടെ എന്ന് ട്രഷറി ബഞ്ചില്‍ നിന്ന് ചോദിക്കുന്നതായി കേട്ടതേയില്ല. കുന്തവുമായി കാവല്ക്കാര് വന്നതുമില്ല. അതുകൊണ്ടുമാത്രം ഡോ. എം.കെ. മുനീര്‍ മുക്കാലിയില്‍ കെട്ടിയിടപ്പെട്ടതുമില്ല. തെര്‍മോ മീറ്റര്‍, പിപിഇ കിറ്റ് എന്നിവ വാങ്ങിയതിലെ വിലയിലെ വ്യത്യാസവും ഗുണമില്ലായ്മയുമായിരുന്നു മുനീറിന്റെ വിഷയം. 300, 350, കൂടിയാല്‍ 500 രൂപ വിലയുള്ള കിറ്റ് 1550 രൂപയ്ക്ക് വാങ്ങിയതെന്തിന് എന്ന് മുനീര്‍. തെര്‍മോ മീറ്ററും വാങ്ങിയത് ഇരട്ടി വിലയ്ക്ക്. അഴിമതിയല്ലേ ഇതെന്ന് ചോദിച്ചപ്പോള്‍ ”എത്ര കഷ്ടപ്പെടുന്നെന്നറിയാമോ? രാപകലില്ലാതെ പണിയെടുത്താണ് രോഗപ്പകര്‍ച്ച ലളിതമാക്കിയത്. എന്നിട്ടും.”
ചെറിയൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിക്കല്ലെ എന്ന് പറയാറില്ലെ. അല്ലെങ്കില്‍ ‘അരിയെത്ര? പയര്‍ അഞ്ഞാഴി’ എന്നതുപോലെ മറുപടി. വി.ഡി. സതീശനായിരുന്നു പ്രമേയം അവതരിപ്പിച്ച് വാചാലനായത്. സതീശന്റെ വായടപ്പിക്കാനാണ് തളിപ്പറമ്പ് അംഗം ജെയിംസ് മാത്യു ശ്രമിച്ചത്. സതീശന്റെ പുനര്‍ജനി എന്ന സംഘടനക്കുവേണ്ടി ബെര്‍മിങ് ഹാമില്‍ പോയി 500 ഡോളര്‍ വീതം ശേഖരിച്ചു. സതീശന് 81 തവണ വിദേശയാത്ര നടത്തി.
ഡോളര്‍ വാങ്ങിയില്ലെന്ന് സതീശന് പറഞ്ഞില്ല. വാങ്ങിയതിന്റെ, ചെലവാക്കിയതിന്റെ കണക്കുണ്ട്. വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിച്ചാല്‍ മുഖ്യമന്ത്രിക്ക് നല്ല ഉപദേശം കിട്ടും. സതീശനെ മാതൃകയാക്കാന്‍. 81 ന്റെ പകുതി തവണ പോലും വിദേശത്ത് പോയിട്ടില്ല. പോയെന്ന് തെളിയിച്ചാല്‍ പൊതുജീവിതം ഉപേക്ഷിക്കാം.
മുഖ്യമന്ത്രി തുടങ്ങിയതും അവസാനിപ്പിച്ചതും കേരള രാഷ്ട്രീയത്തില്‍ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിലും കയറി ഇറങ്ങിയിട്ട്. കോണ്‍ഗ്രസിനേയും അതോടൊപ്പം ബിജെപി
യേയും ആക്ഷേപിക്കാനും അധിക്ഷേപിക്കാനും
പിശുക്കൊന്നും കാട്ടിയില്ല. ബിജെപിയുടെ വളര്‍ച്ചയ്ക്ക് ആരാണ് ഉത്തരവാദിയെന്ന ചോദ്യമായിരുന്നു ഇരുപക്ഷത്തിനും. പക്ഷേ ഇരുപക്ഷത്തിന്റെ തകര്‍ച്ച എങ്ങനെ എന്ന സ്വയം വിമര്‍ശനം കേട്ടതുമില്ല. തരാതരംപോലെ രാജീവ്, സോണിയ, വി.പി. സിങ്, ഐ.കെ.ഗുജ്റാള്‍, എല്‍.കെ. അദ്വാനി, അമിത് ഷാ, കെ.ജി. മാരാര്‍ എന്നീ പേരുകള്‍ സഭാ രേഖയിലെത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: