കണ്ണൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ കൂത്തുപറമ്പില്‍ പോലീസ് അറസ്റ്റ് ചെയ്ത മലപ്പുറത്ത് നിന്നെത്തിയ ക്വട്ടേഷന്‍ സംഘത്തിന് ഉന്നത ഇടതു നേതാക്കളുമായി ബന്ധമെന്ന് സൂചന. കൂത്തുപറമ്പിലെ സ്വകാര്യ ലോഡ്ജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി ദിന്‍ഷാദിനെയാണ് കഴിഞ്ഞ ദിവസം ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇത് തടയാന്‍ കൂത്തുപറമ്പിലെ ക്വട്ടേഷന്‍ സംഘവും യുവാവിന്റെ സഹായികളും ഇറങ്ങിയതോടെ സംഘര്‍ഷമായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ക്വട്ടേഷന്‍ സംഘത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
യുവാവ് ഗള്‍ഫില്‍ നിന്ന് കടത്തിയ 50 ലക്ഷം രൂപയുടെ സ്വര്‍ണം ഉടമകള്‍ക്ക് തിരിച്ച് നല്‍കാത്തതാണ് സംഘര്‍ഷത്തിന് കാരണമായത്. യുവാവിന്റെ കൊവിഡ് നിരീക്ഷണ കാലാവധി അവസാനിക്കുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വാഹനങ്ങളിലായാണ് ക്വട്ടേഷന്‍ സംഘം മലപ്പുറത്തു നിന്നെത്തിയത്. പോലീസിനെ കണ്ടതോടെ ഇരുവിഭാഗവും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മലപ്പുറത്ത് നിന്നെത്തിയ സംഘത്തില്‍ ഒരാള്‍ പോലീസ് എത്തുന്നതിനു മുമ്പേ രക്ഷപ്പെട്ടിരുന്നു. ഇരിട്ടി ഉളിയില്‍ സ്വദേശികളായ സനീഷ്, സന്തോഷ്, മാങ്ങാട്ടിടം കണ്ടേരിയിലെ പി.കെ. സജീര്‍, കൈതേരിയിലെ കെ. റിനാസ്, കൂവ്വപ്പാടിയിലെ ടി.വി. റംഷാദ്, ചിറ്റാരിപ്പറമ്പിലെ പി.പി. സജീര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഘട്ടനത്തില്‍ പരിക്കേറ്റ മലപ്പുറം സ്വദേശികളായ എ.പി. നൗഷാദ്, അമീന്, നിഷാബ് എന്നിവരെ തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹവാല പണമിടപാടും സ്വര്‍ണക്കടത്തുമുള്‍പ്പെടെ ലക്ഷങ്ങളുടെ ഇടപാട് നടത്തുന്ന സംഘങ്ങള്‍ കൂത്തുപറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഉന്നത ഇടതു നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇവര്‍ക്ക് പോലീസിലും സ്വാധീനമുണ്ട്. യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് പിന്നില്‍ കൂത്തുപറമ്പ് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ പങ്ക് ഇതുവരെ പോലീസ് അന്വേഷിച്ചിട്ടില്ല.
കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് പുറത്തിറങ്ങുന്ന സമയം കൃത്യമായി മനസ്സിലാക്കിയാണ് സംഘമെത്തിയത്. ക്വട്ടേഷന്‍ സംഘത്തെ കസ്റ്റഡിയിലെടുത്തതിന് ശേഷം ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന നിലപാടാണ് തുടക്കത്തില്‍ പോലീസ് സ്വീകരിച്ചത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെത്തി വിവരം പുറത്തറിഞ്ഞതോടെ ക്വട്ടേഷന്‍ സംഘത്തിനെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: