കല്‍പ്പറ്റ: വയനാട്ടിലെ അമ്പുകുത്തി മലനിരകളിലുള്ള എടക്കല്‍ ഗുഹയുടെ നിലവിലെ അവസ്ഥയെക്കുറിച്ചു പഠിക്കുന്നതിന് സര്‍ക്കാര്‍ ഒമ്പതംഗ വിദഗ്ധ സമിതി രൂപികരിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. പുരാവസ്തു, ചരിത്രം, ഭൂഗര്‍ഭ ശാസ്ത്രം, സംരക്ഷണം, റോക്ക് മെക്കാനിക്സ് എന്നീ മേഖലകളിലെ വിദഗ്ധരടങ്ങുന്ന സമിതി എടക്കല്‍ ഗുഹയുടെ ഇപ്പോഴത്തെ സ്ഥിതി വിശദമായി പഠിക്കേണ്ടത് അനിവാര്യതയാണെന്നു റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സെന്റര്‍ ഫോര്‍ ഹെരിറ്റേജ് സ്റ്റഡീസ് ഡയറക്ടര്‍ ജനറല്‍ ഡോ. എം.ആര്. രാഘവവാര്യര് ചെയര്‍മാനായാണ് വിദഗ്ധ സമിതി രൂപീകരിച്ചത്. സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ സമിതി കണ്‍വീനറും കണ്‍സര്‍വേഷന്‍ ഓഫീസര്‍ ജോയിന്റ് കണ്‍വീനറുമാണ്. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് റിട്ടയേര്‍ഡ് ശാസ്ത്രജ്ഞന് ഡോ.ജി. ശേഖര്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫസര്‍. കെ.പി. സുധീര്‍, തഞ്ചാവൂര്‍ തമിഴ്നാട് യൂണിവേഴ്സിറ്റി ആര്‍ക്കിയോളജി ആന്‍ഡ് മാരിടൈം ഹിസ്റ്ററി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍. ഡോ.വി. ശെല്വകുമാര്, ചെന്നൈ ഐഐടി സിവില്‍ എന്‍ജിനിയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വിദ്യാഭൂഷണ്‍ മാജി, മൈസൂരു റീജിയണല്‍ കണ്‍സര്‍വേഷന്‍ ലാബോറട്ടറിയിലെ സീനിയര്‍ കണ്‍സര്‍വേറ്റര്‍ നിധിന്‍കുമാര്‍ മൗര്യ, സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് മെംബര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ സമിതി അംഗങ്ങളാണ്.
നവീന ശിലായുഗത്തിലേതെന്നു ചരിത്രപണ്ഡിതര്‍ അംഗീകരിച്ച ലിഖിതങ്ങളുള്ളതാണ് രണ്ടു കൂറ്റന്‍ പാറകള്‍ക്കു മുകളില്‍ മറ്റൊരു പാറ നിരങ്ങിവീണു രൂപപ്പെട്ട എടക്കല്‍ ഗുഹ. അമ്പുകുത്തിമലയില്‍ നടന്നുവരുന്ന പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളും വിനോദസഞ്ചാരവും എടക്കല്‍ ഗുഹയുടെ നിലനില്‍പ്പ് അപകടത്തിലാക്കുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി നേരത്തേ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഗുഹയോടു ചേര്‍ന്നുണ്ടായിരുന്ന ഹെക്ടര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി ഇപ്പോള്‍ സ്വകാര്യ കൈവശത്തിലാണ്. ഗുഹയ്ക്കു ചുറ്റുമുള്ള 20 സെന്റ് ഭൂമി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍.
കഴിഞ്ഞ മഴക്കാലത്തു അമ്പുകുത്തി മലമുകളില്‍ ഗുഹയുടെ എതിര്‍വശത്തുള്ള ചരിവില്‍ ഭൂമി പിളരുകയും അടര്‍ന്നുമാറുകയും ചെയ്തിരുന്നു. അമ്പുകുത്തിമല സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക, ഗുഹ ആര്‍ക്കിയോളജില്‍ സര്‍വേ ഓഫ് ഇന്ത്യ ഏറ്റെടുക്കുക, മലയില്‍ 1986 മുതല്‍ നല്കിയ മുഴുവന്‍ പട്ടയങ്ങളും റദ്ദാക്കുക, വാഹക ശേഷി ശാസ്ത്രീയമായി നിര്‍ണയിച്ച് ഗുഹയില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: