തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാര്‍ കാലത്ത് പൊതുമേഖല പൂത്തുലഞ്ഞു എന്ന വാദം തെറ്റ്. ലാഭമായിരുന്നില്ല മറിച്ച് കോടികളുടെ നഷ്ടമാണ് വരുത്തിയതെന്ന് കംപ്ടോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 3334.85 കോടിയുടെ നഷ്ടം വരുത്തിയതായി നിയമസഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആകെയുള്ള 136 പൊതുമേഖല സ്ഥാപനങ്ങളില്‍ 15 എണ്ണം പ്രവര്‍ത്തന രഹിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുമേഖലയിലെ നിക്ഷേപങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നില്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മാര്‍ച്ച് 31 വരെ പൊതുമേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം 39,494.84 കോടിയാണ്. 2014 മാര്‍ച്ച് 31ന് 13,897.60 കോടിയായിരുന്നു നിക്ഷേപം. 184 ശതമാനം ഉയര്‍ന്നെങ്കിലും പൊതുമേഖലയെ രക്ഷിക്കാനായില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സര്‍ക്കാര്‍ മുടക്കില്‍ ഊന്നല്‍ നല്‍കിയത് ഊര്‍ജ്ജ മേഖലയിലായിരുന്നു. ഈ കാലയളവില്‍ മൊത്തം മുതല്‍ മുടക്കിയ 25597 കോടിയില്‍ 15232 (60 ശതമാനം) കിട്ടിയത് ഊര്‍ജ്ജ മേഖലയ്ക്കാണ്. ഊര്‍ജ്ജ മേഖലയില്‍ വന്‍തോതില്‍ മുതല്‍ മുടക്കിയിട്ടും ലാഭത്തിലായിരുന്നത് നഷ്ടത്തിലായി. 2013-14ല്‍ 147.57 കോടി ലാഭം നേടിയ സ്ഥാനത്ത് 2017-18ല്‍ 1852.91 കോടി നഷ്ടം വരുത്തി. വൈദ്യുതി ബോര്‍ഡ് വരുത്തിയ നഷ്ടമാണിതിനു പ്രധാന കാരണം. തങ്ങളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് പൊതുമേഖല സ്ഥാപനങ്ങള്‍ ന്യായമായ ഉറപ്പ് വരുത്തണമെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
പൊതുമേഖല സ്ഥാപനങ്ങളുടെ മൂലധനം, വായ്പകള്‍, ഗ്യാരന്റി എന്നിവ സംബന്ധിച്ച തുകകളില്‍ സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക കണക്കുകളുമായി പൊരുത്തപ്പെടുന്നില്ലന്ന കണ്ടെത്തലുകളും സിഎജി നടത്തി. 110 സ്ഥാപനങ്ങളിലും ഈ വ്യത്യാസം കാണാം. 1495 കോടിയുടെ വ്യത്യാസമാണുള്ളത്. വായ്പയുടെ കണക്കിലാണ് വലിയ വ്യത്യാസം (1096 കോടി) മൂലധനത്തില്‍ 544 കോടിയും ഗ്യാരന്റികള്‍ 855 കോടിയും വ്യത്യാസമുണ്ട്. കണക്ക് സമയബന്ധിതമായി പൊരുത്തപ്പെടുത്തണമെന്നും സിഎജി ശുപാര്‍ശ ചെയ്യുന്നുണ്ട്.
സിവിള്‍ സപ്ലൈസ് കോര്പ്പറേഷന് സാധ്യമായ പരമാവധി ലാഭം നേടുക എന്ന ഉദ്യേശത്തോടെ സബ്സിഡി രഹിത ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ ഏര്‍പ്പെട്ടെങ്കിലും ലാഭം 99.09 കോടിയില്‍ (2015-16) നിന്ന് 29.61 കോടിയായി (2017-18) കുറയുകയായിരുന്നു. കെഎസ്എഫ്ഇ കമ്പനിയുടെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി സ്വകാര്യ പണമിടപാടുകാര്‍ക്ക് സ്വര്‍ണ്ണവായ്പ അനുവദിച്ചതായും സിഐജി കണ്ടെത്തി. സര്‍ക്കാര്‍ ഉറപ്പു നല്കുന്ന എന്ന് തെറ്റായി പ്രസ്താവിച്ചുകൊണ്ട് നിക്ഷേപം സ്വീകരിക്കുകയും മാനദണ്ഡങ്ങള്‍ പാലിക്കാതെ വായ്പകള്‍ അനുവദിച്ചതിന്റെ കണക്കും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: