കൊച്ചി: ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയ മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ സഭ. ലീഗ് രാഷ്ട്രീയം പൂര്‍ണമായും മാറുകയാണെന്നും ഇത്രനാളും അണിഞ്ഞിരുന്ന സെക്കുലര്‍ മുഖംമൂടി അവര്‍ അഴിച്ചുവെക്കുകയാണെന്നും കെസിബിസി പ്രസിദ്ധീകരണമായ ജാഗ്രത കുറ്റപ്പെടുത്തി. സാമുദായിക സ്വഭാവമാണ് ലീഗിനുള്ളതെങ്കിലും പാന്‍ ഇസ്ലാമിക് മതരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതായി തോന്നിയിട്ടില്ല. അതിനാല്‍ തീവ്ര മുസ്ലീം രാഷ്ട്രീയത്തിന്റെ വക്താക്കളായ ജമാ അത്തെ ഇസ്ലാമിയുമായി ലീഗ് കൈകോര്‍ക്കുന്നത് നിസ്സാരമായി തള്ളാവുന്നതല്ല. മുസ്ലീം രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ തീവ്രമതരാഷ്ട്രീയത്തിന് സ്വീകാര്യത ലഭിക്കുകയാണ്. ഹാഗിയ സോഫിയ വിഷയത്തില്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ അത് പ്രഖ്യാപിക്കുകയും ചെയ്തു. ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് എഴുതിയ ലേഖനത്തില്‍ പറയുന്നു.
മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൈകോര്‍ക്കുന്നുവെന്ന വാര്‍ത്ത കേരളത്തില്‍ ഒരു പാര്‍ട്ടിയെയും മുന്നണിയെയും ആശ്ചര്യപ്പെടുത്തിയതായി കണ്ടില്ല. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാടിനെ വെള്ളപൂശാന്‍ കേരളത്തിലെ പുരോഗമന സെക്കുലര്‍ കാഴ്ചപ്പാടുള്ളവരെന്ന് പൊതുസമൂഹം കരുതുന്നവര്‍ പോലും ശ്രമം നടത്തുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തെ വിമര്‍ശിക്കാനും എതിര്‍ക്കാനും എന്ന പേരില്‍ ഇസ്ലാം മതരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചു വളര്‍ത്തുന്ന സാംസ്കാരിക രാഷ്ട്രീയ ബുദ്ധിജീവികള്‍ യഥാര്‍ത്ഥത്തില്‍ ഒരു പ്രത്യേക മതസാംസ്കാരിക നിയമ വ്യവസ്ഥയിലേക്ക് രാജ്യത്തെയും ലോകത്തെയും ചുരുക്കിക്കൊണ്ടുപോവുകയാണ്.
സ്വത്വരാഷ്ട്രീയം പടര്‍ന്നു പന്തലിച്ച കശ്മീരിന്റെ മാതൃകയില്‍ കേരളവും സമീപഭാവിയില്‍ പ്രത്യേക നിയമങ്ങളും പ്രത്യേക ദേശീയഗാനവും പ്രത്യേക ദേശീയ പതാകയുമൊക്കെയുള്ള പ്രദേശമായിക്കാണാന്‍ കേരളത്തിന്റെ സെക്കുലര്‍ ജനാധിപത്യ ബോധം തയ്യാറാകുമോ. കശ്മീരില്‍ നീക്കം ചെയ്യപ്പെട്ട ഇത്തരം പ്രത്യേകതകളെപ്പറ്റിയുള്ള ഉത്കണ്ഠകളാണ് കേരളത്തിന്റെ സാംസ്കാരിക രംഗത്തെ ഈയിടെ ഏറെ അസ്വസ്ഥമാക്കിയത്. വാരിയംകുന്നന്മാരെ നെഞ്ചേറ്റി ലാളിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പശ്ചാത്തലമുള്ളവര്‍പ്പോലും ആമിതാവേശം കാട്ടുന്ന കാലത്ത് മതരാഷ്ട്രം എന്ന സ്വപ്നം ലാളിക്കുന്നവരുടെ എണ്ണം കൂടിവരുന്നതില്‍ അത്ഭുതമില്ല. ബിജെപിയുടെ സവര്‍ണ ഹിന്ദു രാഷ്ട്രീയത്തെ ചെറുക്കാന്‍ വിശാലമായ ദളിത്മുസ്ലിംപിന്നോക്ക ഐക്യം എന്ന മുദ്രാവാക്യത്തോടു കൂടിയാണ് സ്വത്വരാഷ്ട്രീയത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായത്. ഇതില്‍ പതിയിരിക്കുന്ന അപകടം ചെറുതല്ല. സ്വത്വ രാഷ്ട്രീയം എന്ന ലേബലില്‍ ഇസ്ലാമിക രാഷ്ട്രീയത്തെ അവതരിപ്പിക്കുകയും അത് കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ത്തന്നെ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ദളിത് പിന്നോക്ക മുദ്രാവാക്യങ്ങളാകട്ടെ ഉപരിപ്ലവമായി നില്ക്കുക മാത്രം ചെയ്യുന്നു. ലേഖനം വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: