തൃശൂര്‍: ശക്തന് മാര്‍ക്കറ്റില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കച്ചവടം നടത്താനുള്ള മന്ത്രിയുടെയും കളക്ടറുടെയും തീരുമാനം വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഉപഭോക്താവിനും ഗുണകരമല്ലെന്ന് ഭാരതീയ വാണിജ്യ വ്യവസായ സമിതി സംസ്ഥാന പ്രസിഡന്റ് എ.നാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒന്നിടവിട്ട ദിവസങ്ങളില്‍ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഓണത്തോടനുബന്ധിച്ച് തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമേ തൊഴില്‍ ലഭിക്കുന്നുള്ളൂ. കര്‍ഷകരുടെ ഓണത്തിന്റെ പ്രതീക്ഷയായ 10 ദിവസത്തെ കച്ചവടം മൂന്നു ദിവസമായി ചുരുങ്ങി. കാര്‍ഷിക ഉല്പന്നങ്ങള്ക്ക് ന്യായവില ലഭിക്കുന്നതിനും വിറ്റഴിക്കുന്നതിനും സാധിക്കാതെ വരുന്നു.
ചില രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് കളക്ടറുടെ തിടുക്കപ്പെട്ടുള്ള ഇപ്പോഴത്തെ തീരുമാനം. ഒന്നിടവിട്ട ദിവസങ്ങളിലെ പ്രവര്‍ത്തനം പച്ചക്കറികളുടെ വിലവര്‍ധനവിന് ഇടയാക്കും. അതിനാല്‍ മാര്‍ക്കറ്റിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറക്കുന്നതാണ് അഭികാമ്യം. ലോക്ഡൗണിന്റെ തുടക്കത്തിലുണ്ടായിരുന്ന ടോക്കണ്‍ സംവിധാനം നടപ്പാക്കി തിരക്ക് ഒഴിവാക്കി മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് നാഗേഷ് ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഉല്ലാസ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി സുബ്രഹ്മണ്യന്, ബിവിവിഎസ് വഴിയോര കച്ചവട യൂണിയന് ജില്ലാ സെക്രട്ടറി വി.ജെ വിത്സന്, പീടിക തൊഴിലാളി യൂണിയന്-ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.എ അബ്ദുള്‍ ഖാദര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: