ഭാരതം സ്വാതന്ത്ര്യത്തിന്റെ 74-ാം വാര്‍ഷികം പിന്നിട്ടു കഴിഞ്ഞു. സ്വാതന്ത്ര്യം നേടുമ്പോള്‍ ഉണ്ടായിരുന്ന ചില ചോദ്യങ്ങളും സംശയങ്ങളും ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ 370-ാം അനുച്ഛേദം റദ്ദാക്കല്‍, മുത്തലാഖ് നിരോധനം തുടങ്ങിയ സുപ്രധാന നടപടികള്‍ ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി. എന്നാല്‍, ന്യൂനപക്ഷ അവകാശവും സംവരണവും ഇന്നും അനേകം ചോദ്യങ്ങള്‍ നേരിടുന്നു. സ്വാതന്ത്ര്യം നേടുമ്പോള്‍ ഉണ്ടായിരുന്ന ആഗ്രഹം അഥവാ പ്രതീക്ഷ ഭാരതത്തിലെ എല്ലാ പൗരന്മാരും തുല്യാവകാശമുള്ളവരായിരിക്കും എന്നതാണ്. അതിനായിട്ടുള്ള നടപടികളും ഭരണഘടനയിലൂടെ മുന്നോട്ടുവച്ചു.
സ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലം
1947 ആഗസ്റ്റ് 15 ന് ഭാരതം സ്വാതന്ത്ര്യം നേടി. എന്നാല്‍ അത് ഹൃദയഭേദകമായ ഒരു വിഭജനവും കൂടിയായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതം വിഭജിക്കപ്പെട്ടു. ഉറങ്ങാന്‍ കിടന്നപ്പോള്‍ ഒരേ രാജ്യത്തിലെ പൗരന്മാരായിരുന്നവര് ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ രണ്ടു രാജ്യങ്ങളിലായി. തുടര്‍ന്ന് എണ്ണിയാലൊടുങ്ങാത്ത മനുഷ്യക്കുരുതി. അഭയാര്‍ത്ഥി പ്രവാഹം. ഇതെല്ലാം ഉണ്ടായിട്ടും ഭാരതം മതരാജ്യമായില്ല, ഭാരതത്തില്‍ നിന്ന് വിട്ടുപോയ പാക്കിസ്ഥാന് മതരാജ്യം ആയിട്ടുകൂടി, എന്നത് ഭാരതത്തിന്റെ തീരുമാനത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു. ഭാരത ഭരണഘടന രൂപംകൊണ്ട പശ്ചാത്തലം ഇതാണ്.
തുല്യാവകാശം തുല്യനീതി
ഭരണഘടനാ നിര്‍മാണ സഭയില്‍ നടന്ന ചര്‍ച്ചകള്‍ ഭാരതത്തിലെ പൗരന്മാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ഉദ്ദേശ്യവും കൂടി ഉള്ളവയായിരുന്നു. നീണ്ടകാലത്തെ അടിമത്തത്തിനു കീഴില്‍ കഴിഞ്ഞ ഭാരതത്തിന്റെ സാമൂഹ്യവ്യവസ്ഥയില്‍ ചില പുഴുക്കുത്തുകള്‍ വീണിരുന്നു. അവയില്‍ പ്രധാനപ്പെട്ടതായിരുന്നു ജാതി വ്യത്യാസം. (ജാതിയെക്കുറിച്ച് പുതിയ പഠനങ്ങള്‍ എം.എന്‍. ശ്രീനിവാസന്, സൂസന് ബെയ്ലി, റിച്ചാര്‍ഡ് ഈറ്റണ്‍ തുടങ്ങിയ സാമൂഹ്യശാസ്ത്രജ്ഞന്മാരുടെ പഠനം പുറത്തുവന്നിട്ടുണ്ട്. അതിലവര്‍ കണ്ടെത്തുന്നത് ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതിനായി ബ്രിട്ടീഷുകാര്‍ ജാതിവ്യത്യാസം ബോധപൂര്‍വം ഉണ്ടാക്കിയതാണ് എന്നാണ്. ആര്യ ദ്രാവിഡ വാദം, ജാതി വ്യത്യാസം എന്നിവയെല്ലാം ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ബ്രിട്ടീഷുകാരുടെ സൃഷ്ടിയാണ്) അതിന്റെ പേരില്‍ മനുഷ്യരെ പലതായി തിരിച്ചു. ഉച്ചനീചത്വ ഭാവനയിലൂടെയും സാമൂഹ്യവ്യവസ്ഥ ദുഷിച്ചു. ഈ സാമൂഹ്യ അനാചാരങ്ങളെ ഇല്ലായ്മ ചെയ്യേണ്ടത് ആവശ്യമായിരുന്നു.
ഭരണഘടനാ നിര്‍മാതാക്കളുടെ മുന്നില്‍ കൂടുതല്‍ ദുഷ്കരമായ ഒരു പ്രശ്നം കൂടി വന്നു. അത് ഭാരതത്തിലെ ന്യൂനപക്ഷങ്ങളെ സംബന്ധിക്കുന്നതായിരുന്നു. വിഭജനത്തിന്റെ മുറിവുകള്‍ ഉണങ്ങിക്കഴിഞ്ഞിരുന്നില്ല. ന്യൂനപക്ഷങ്ങള്‍ക്ക് ഭാരതത്തില്‍ എന്തു സ്ഥാനമാണുണ്ടാകുക എന്ന ചോദ്യം ഉയര്‍ന്നു. ഭാരതം, അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിച്ചിരുന്ന മതസ്വാതന്ത്ര്യം എന്ന ആശയത്തെ വെടിഞ്ഞില്ല. ഭാരതത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയും തുല്യപൗരത്വവും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഭരണകൂടം ഏറ്റെടുത്തു. ഭരണഘടനാ നിര്‍മാണ സഭയില്‍ ഉയര്‍ന്നുവന്ന ആശങ്കകള്‍ക്ക് പരിഹാരമായി ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ഉള്‍പ്പെടുത്തി. ഈ പ്രത്യേകാവകാശങ്ങളുടെ ലക്ഷ്യം: (1) ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷം ചൂഷണം ചെയ്യുകയോ കീഴ്പ്പെടുത്തുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്യുന്നത് തടയുക. (യഥാര്‍ത്ഥത്തില്‍ ഇത് ഭാരതത്തിന്റെ പാരമ്പര്യം ആണ്. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ട മതസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തത് ഹിന്ദുഭരണാധികാരികള്‍ ആയിരുന്നു) (2) അതിനായി ന്യൂനപക്ഷാവകാശങ്ങളും അനുവദിച്ചു.
പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണം
ഭാരതത്തിന്റെ സാമൂഹ്യവ്യവസ്ഥയില്‍ ജാതിമൂലം ഉണ്ടായ ഉച്ചനീചത്വങ്ങള്‍ പരിഹരിക്കേണ്ടതുണ്ടായിരുന്നു. ഇവിടെ ഹിന്ദുസാമൂഹ്യ പദ്ധതിയെ തെറ്റുതിരുത്തി ശരിയായ പാതയില്‍ കൊണ്ടുവരുക എന്നതോടൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ ഹിന്ദു ജീവിത രീതിയില്‍നിന്ന് പുറത്തുപോകുന്നത് തടയുകയും ചെയ്യേണ്ടത് ആവശ്യമായിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ഈ വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പാക്കാന്‍ തീരുമാനിച്ചു. സംവരണത്തിനുള്ള മുന്നുപാധികള്‍ അവര്‍ ജാതീയമായ വിവേചനങ്ങള്‍ നേരിടുന്ന, നേരിട്ട സമൂഹങ്ങളില്‍പ്പെട്ടവരാണ് എന്നതാണ്. ന്യൂനപക്ഷ മതങ്ങളില്‍ ജാതി ഇല്ലാത്തതിനാല്‍ അവര്‍ക്ക് ഈ സംവരണം ബാധകമല്ല. അങ്ങനെ വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണം നടപ്പാക്കി.
ന്യൂനപക്ഷാവകാശങ്ങള്‍
ഭൂരിപക്ഷം ന്യൂനപക്ഷത്തെ ഇല്ലായ്മ ചെയ്യുന്നത് തടയാന്‍ വേണ്ടി ന്യൂനപക്ഷാവകാശങ്ങള്‍ അനുവദിച്ചു. വിദ്യാഭ്യാസ- തൊഴില്‍മേഖലകളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും നല്കി. ഇവിടെ ജാതി സംവരണവും ന്യൂനപക്ഷ അവകാശങ്ങളും തമ്മില്‍ ഒരു വ്യത്യാസം ഉണ്ട്. ജാതി സംവരണത്തിന്റെ അടിസ്ഥാനം ജാതീയമായ വിവേചനമാണ്. അത് മറ്റു മതങ്ങള്‍-ജാതിരഹിത മതങ്ങള്‍- സ്വീകരിക്കുന്നവര്‍ക്കും സ്വീകരിച്ചവര്‍ക്കും ബാധകമല്ല. എന്നാല്‍, ന്യൂനപക്ഷാവകാശങ്ങള്‍ അങ്ങനെ വ്യാഖ്യാനിക്കപ്പെട്ടില്ല. അതുകൊണ്ട് ന്യൂനപക്ഷങ്ങളിലേക്ക് ഏതെങ്കിലും കാരണവശാല്‍ പോകുന്നവര്‍ക്കും ന്യൂനപക്ഷാവകാശങ്ങള്‍ ബാധകമായി. ഇങ്ങനെ 1947 ല്‍ ന്യൂനപക്ഷങ്ങളായിരുന്നവര്ക്കു പുറമേ, കാലാകാലങ്ങളായി ന്യൂനപക്ഷ മതങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രസ്തുത അവകാശങ്ങള്‍ ബാധകമായി.
പരിരക്ഷ ഭൂരിപക്ഷത്തിനും ആവശ്യം
ഭൂരിപക്ഷത്തിന്റെ കടന്നുകയറ്റത്തില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്കാന് സ്വീകരിച്ച നടപടിപോലെ, ഭൂരിപക്ഷത്തെ ന്യൂനപക്ഷം ഇല്ലായ്മ ചെയ്യുന്നത് തടയാന്‍ നിയമമില്ല. ന്യൂനപക്ഷാവകാശങ്ങളില്‍ മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവുംകൂടിയുണ്ട് എന്നപേരില്‍ വ്യാപകമായ മതപരിവര്‍ത്തനം ഹിന്ദുക്കളില്‍നിന്ന് മുസ്ലിം-ക്രിസ്തുമത വിഭാഗങ്ങളിലേക്ക് നടത്തിവരുന്നു.
യഥാര്‍ത്ഥത്തില്‍ മതം മാറുന്നതും മാറ്റുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. പൗരന് ഇഷ്ടമുള്ള ആരാധനാ സമ്പ്രദായം സ്വീകരിക്കാമെന്നതായിരുന്നു ഭരണഘടന അംഗീകരിച്ച മത സ്വാതന്ത്ര്യം. എന്നാല്‍ ഈ അവസരം മുതലെടുത്ത് ആയിരക്കണക്കിനാളുകളെ ന്യൂനപക്ഷ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണുണ്ടായത്. അതിനവര്‍ പ്രീണനം മുതല്‍ ഭീഷണി വരെയുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തി.
മതം മാറുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. അത് ഭരണഘടന അംഗീകരിക്കുന്നു. ഭാരതത്തിലെ സമൂഹവും അതംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ മതംമാറ്റല്‍ എന്നത് തീര്‍ത്തും വ്യത്യസ്തമാണ്. മതംമാറുന്നത് സ്വപ്രേരണയോടുകൂടിയാണെങ്കില് മതം മാറ്റുന്നത് പരപ്രേരണയോടെയാണ്. പരപ്രേരണ പ്രലോഭനം മുതല്‍ ഭീഷണിവരെ എന്തുമാകാം. മതം മാറ്റല്‍ യഥാര്‍ത്ഥത്തില്‍ ഹിംസയാണ്, കുറ്റകരമാണ്. ഇങ്ങനെയുള്ള കുറ്റത്തില്‍ ശിക്ഷ നല്‍കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇതു നടപ്പായില്ല.
ഭൂരിപക്ഷത്തെ ഇല്ലായ്മ ചെയ്യുന്നത് തടയുക
ന്യൂനപക്ഷങ്ങള്‍ ഭാരതത്തില്‍ ഉള്ള ഭൂരിപക്ഷം ഹിന്ദു മതവിശ്വാസികളെ മതം മാറ്റുക വഴി അവര്‍ എണ്ണം കൂട്ടി മറ്റൊരു വിഭജനത്തിലേക്ക് നയിക്കുന്ന സാഹചര്യം ഉണ്ടാക്കുകയാണ്. ഭൂരിപക്ഷത്തിന്റെ പരിരക്ഷ ഭരണകൂടത്തിന്റെ ചുമതലയാണ്. രാജ്യത്തിനകത്തെ എല്ലാ പൗരന്മാര്ക്കും സുരക്ഷ പ്രദാനം ചെയ്യേണ്ട ചുമതല ഭരണകൂടത്തിനുണ്ട്. ന്യൂനപക്ഷാവകാശങ്ങള്‍ ന്യൂനപക്ഷ പരിരക്ഷക്കുള്ളതാണ്. ഭൂരിപക്ഷത്തിന്റെ പരിരക്ഷ ഭരണകൂടത്തിന്റെ സ്വാഭാവികമായ കാര്യം ആയതിനാലാണ് അതിന് പ്രത്യേക നിയമമില്ലാത്തത്.
ന്യൂനപക്ഷാവകാശങ്ങള്‍ നിലനിര്‍ത്തുക, ഭൂരിപക്ഷ രക്ഷ ഉറപ്പുവരുത്തുക
1950 ജനുവരി 26 ന് ഭരണഘടന നിലവില്‍ വന്നു. ഭരണഘടന, ന്യൂനപക്ഷാവകാശങ്ങള്‍ ഉറപ്പു നല്കി. അതു പാലിക്കപ്പെടണം. എന്നാല്‍ മതം മാറ്റിയെടുക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഈ അവകാശം ബാധകമാക്കേണ്ടതുണ്ടോ? അത് ഭൂരിപക്ഷത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യും. ന്യൂനപക്ഷങ്ങളെ രക്ഷിക്കാം എന്ന ഉറപ്പ് ഭൂരിപക്ഷത്തിന്റെതാണ്. അത് ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മതം പിന്തുടരാനുള്ള അവകാശത്തെ സംരക്ഷിക്കലാണ്. എന്നാല്‍ ഉറപ്പു നല്കിയ 1950 ജനുവരി 26 നുശേഷം മതംമാറുന്നവര്‍ക്ക് ഈ അവകാശം ബാധകമല്ല എന്ന നിലപാട് ഭരണകൂടം എടുക്കണം. കാരണം അത് ന്യൂനപക്ഷങ്ങളുടെ പരിരക്ഷയല്ല, മറിച്ച് ഹിന്ദുക്കളുടെ ഉന്മൂലനത്തിനു ചുക്കാന്‍ പിടിക്കലാണ്. അതുകൊണ്ട് 1950 ജനുവരി 26 ന് ന്യൂനപക്ഷങ്ങളായിരുന്നവര്‍ക്കും അവരുടെ പിന്‍തലമുറക്കാര്‍ക്കും മാത്രമായി ന്യൂനപക്ഷാവകാശങ്ങള്‍ പരിമിതപ്പെടുത്തണം. ഇതുമൂലം ന്യൂനപക്ഷങ്ങളുടെ രക്ഷയോടൊപ്പം ഭൂരിപക്ഷത്തിന്റെ രക്ഷയും ഉറപ്പുവരും. ഒരു ഭരണകൂടത്തിന് മുഴുവന്‍ പൗരന്മാരുടെയും രക്ഷ ഉറപ്പുവരുത്താനുള്ള ബാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: