വടക്കാഞ്ചേരി: തേന്‍ നിര്‍മാണത്തിന്റെ മധുര നാളുകളുമായി വയോധികന്. ജീവിതവഴിയില്‍ കോലഴി സ്വദേശി വടക്കേമഠം വീട്ടില്‍ കൃഷ്ണമണി ഏഴ് പതിറ്റാണ്ട് പിന്നിട്ടെങ്കിലും തേന്‍ ഉദ്പ്പാദനത്തില്‍ ഈ വയോധികനിപ്പോഴും മധുരപ്പതിനേഴിലാണ്. 20 വയസു മുതല്‍ ഭൂമിയോട് മല്ലിട്ട് കാര്‍ഷിക നന്മയുടെ വക്താവായി മാറിയ കൃഷ്ണമണി അരനൂറ്റാണ്ട് മുമ്പാണ് ശുദ്ധ തേന്‍ നിര്‍മ്മാണത്തിലേക്ക് വഴിമാറിയത്.
ചെറുപ്രായത്തില്‍ തന്നെ തേന്‍ നിര്‍മ്മാണം ശാസ്ത്രീയമായി പഠിച്ചു ഈ വയോധിക കര്ഷകന്. അവിണിശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബീ കീപ്പിങ്ങ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ പരിശീലന പരിപാടിയില്‍ കണ്ണിയായി. ജീവിതത്തെ മധുരതരമാക്കി. ശുദ്ധമായ തേനിന് വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ ഇപ്പോള്‍ കൃഷ്ണമണിയെ തേടിയെത്തുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി വാണിജ്യാടിസ്ഥാനത്തിലാണ് തേന്‍ ഉത്പാദനം. ജനുവരി മുതല്‍ മെയ് വരെയാണ് മികച്ച കാലമെന്ന് കൃഷ്ണമണി പറയുന്നു.
വീട്ടിലും പരിസരത്തും സ്ഥാപിച്ചിട്ടുള്ള കൂടുകളിലാണ് തേനീച്ച വളര്‍ത്തല്‍. ഏറ്റവും മികച്ച ഞൊടിയന്‍ വിഭാഗത്തില്‍ പെട്ട തേനീച്ചയാണ് വളര്‍ത്തുന്നത്. ഒരു കൂട്ടില്‍ നിന്ന് 5 കിലോ വരെ തേന്‍ ലഭിക്കുമെന്ന് കൃഷ്ണമണി പറയുന്നു. ശേഖരിക്കുന്ന തേനടകളില്‍ നിന്ന് തേന്‍ വേര്‍തിരിക്കുന്നതും കുപ്പിയിലാക്കുന്നതുമൊക്കെ ഇദ്ദേഹം തന്നെ. മറ്റു കൃഷികള്‍ പോലെയല്ല തേന്‍ നിര്‍മാണം. തേനീച്ചകളെ ഉപദ്രവിക്കാതെ നോക്കണം. വളരെ ശ്രദ്ധയോടെയും സൂക്ഷ്മമായും വേണം കൂടൊരുക്കുന്നതും പരിപാലനവുമെന്നും കൃഷ്ണമണി പറയുന്നു.
കുത്തേറ്റാല്‍ വേദന കൊണ്ട് പുളയും. പക്ഷെ ഇത്ര കാലമായിട്ടും തനിക്കൊരു ദുരനുഭവവുമുണ്ടായിട്ടില്ലെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. തേന്‍ ഉത്്പാദനത്തില്‍ നിരവധി പുരസ്കാരങ്ങള്‍ ഈ കര്‍ഷകനെ തേടിയെത്തിയിട്ടുണ്ട് പുതുതലമുറക്ക് തേനീച്ച വളര്‍ത്തലിന്റെ ശാസ്ത്രീയത സൗജന്യമായി പകര്‍ന്ന് നല്കുന്ന കര്ഷകന് വിവിധ എക്സിബിഷനുകളിലും സജീവ സാന്നിധ്യമാണ്. വാഴ, ചേന, തുടങ്ങി പച്ചക്കറി കൃഷിയും വിപുലമായി ചെയ്തു വരുന്നുണ്ട് ഇദ്ദേഹം. ലോക്്്ഡൗണ് കാലത്ത് നാട് ദുരിതത്തിലൂടെ കടന്ന് പോകുമ്പോള്‍ ഏറെ മധുരതരമാണ് കൃഷ്ണമണിയുടെ ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: