കാഞ്ഞങ്ങാട്: യുഎഇയില്‍ കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ അതിനു വേണ്ടി സ്വയം സന്നദ്ധനാകാന്‍ സാധിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത്തില്‍ ഒരു കാഞ്ഞങ്ങാട്ടുകാരനും. അബുദാബിയില്‍ സെക്യൂര്‍ ഗാര്‍ഡ് മിഡില്‍ ഈസ്റ്റ് എല്‍എല്‍സി കമ്പനി സൂപ്പര്‍വൈസറായ കാഞ്ഞങ്ങാട് പടിഞ്ഞാറേക്കര സ്വദേശി കാട്ടൂര്‍ വീട്ടില്‍ രാജീവനാണ് കോവിഡ് പ്രതിരോധ വാക്സിന് ഡോസ് സ്വീകരിച്ച് പരീക്ഷണത്തില്‍ പങ്കാളിയായത്.
ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാമും അബുദാബി ആസ്ഥാനമായ ജി 42ഉം ചേര്‍ന്നാണ് വാക്സിന് പരീക്ഷണം നടത്തുന്നത്. അബുദാബി ആരോഗ്യ വകുപ്പ് ചെയര്മാന് ഷെയ്ഖ് അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഹമീദ് ആണ് സ്വയം സന്നദ്ധനായി ആദ്യ ഡോസ് സ്വീകരിച്ചത്. തുടര്‍ന്ന് 4500 സ്വദേശികളടക്കം 107 രാജ്യങ്ങളില്‍ നിന്നുള്ള 15000 പേര് സന്നദ്ധരായി മുന്നോട്ടുവന്ന് വാക്സിന് ഡോസ് സ്വീകരിച്ചു.
പരീക്ഷണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനം ഉണ്ടെന്ന് രാജീവന് പറഞ്ഞു. രണ്ട് ഘട്ടമായാണ് വാക്സിന് കുത്തിവയ്പ്പ്. വാക്സിനെടുത്തതിന് ശേഷം ദൈനംദിന ജീവിതത്തിന് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. രണ്ട് ദിവസം കൂടുമ്പോഴൊക്കെ ആരോഗ്യ വകുപ്പ് അധികൃതര്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. രജിസ്റ്റര്‍ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റും മറ്റ് ടെസ്റ്റുകളും നടത്തിയ ശേഷമാണ് കുത്തിവയ്പ്പ് നടത്തിയത്.
‘ഷോട്ട് ഫോര്‍ ഹ്യൂമാനിറ്റി’ എന്നാണ് വാക്സിന് കാമ്പയിന്റെ പേര്.
ആദ്യ ഡോസ് നല്കി 21 ദിവസം കഴിയുമ്പോള്‍ അടുത്ത ഡോസ് നല്‍കും. മരുന്ന് പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടം ചൈനയില്‍ പൂര്‍ത്തിയായി. മൂന്നാംഘട്ടമാണ് യുഎഇയില്‍ നടക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണത്തിന് സന്നദ്ധരായവരെ യുഎഇ സര്‍ക്കാര്‍ ഓണ്‍ലൈനിലൂടെ ക്ഷണിച്ചിരുന്നു. അങ്ങനെയാണ് രാജീവനും പരീക്ഷണത്തിന് വിധേയനായി രംഗത്ത് വരുന്നത്.
പരീക്ഷണത്തിനായി ശരീരം വിട്ടു കൊടുക്കുമ്പോള്‍ യാതൊരു ആശങ്കയും മനസിലുണ്ടായിരുന്നില്ലെന്ന് രാജീവന് പറഞ്ഞു. നാട്ടിലുള്ള ഭാര്യ രശ്മിതയോട് ഇക്കാര്യം പങ്കു വെച്ചു. പിന്നെ അടുത്ത സുഹൃത്തുക്കളോടും. എല്ലാവരും മാനസികമായ പിന്തുണയേകി ധൈര്യം പകര്‍ന്നു. ഈയൊരു പരീക്ഷണം മൊത്തം മാനവരാശിക്കു വേണ്ടിയാണ്. അതില്‍ നമ്മളെ കൊണ്ട് ചെയ്യാനാവുന്നത് ഇത്തരത്തിലുള്ള കാര്യങ്ങളാണ്. സ്വദേശികളോടൊപ്പം തന്നെ പ്രവാസികള്‍ക്കും ഇങ്ങനെയൊരു അവസരമുണ്ടാക്കിതന്ന യുഎഇ എന്ന പോറ്റമ്മനാടിനോടു നന്ദി പറയുന്നതിനൊപ്പം യുഎഇ നടത്തുന്ന പരീക്ഷണം ഫലപ്രാപ്തിയിലെത്തുമെന്ന പ്രതീക്ഷയും രാജീവന് പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: