മേലാറ്റൂര്‍: ജന്മഭൂമി വാര്‍ത്തക്കൊപ്പം ജനങ്ങളുടെ പ്രതിഷേധം കൂടിയായപ്പോള്‍ അധികൃതരുടെ കണ്ണ് തുറന്നു, അതോടെ ഇതുവരെ നോക്കുകുത്തിയായി നിന്നിരുന്ന ഹൈമാസ്റ്റ് ലൈറ്റുകളുടെ മിഴിയും തുറന്നു. കാല്‍നടയാത്രക്കാരുടെയും വ്യാപാരികളുടെയും കണ്ണില്‍ സംതൃപ്തിയുടെ തിളക്കം.
പോലീസ് സ്റ്റേഷന് മുന്‍വശമുള്ള പഴയ സോളാര്‍ മിനി ഹൈമാസ്റ്റ് പ്രവര്‍ത്തനരഹിതമായിട്ട് ഒന്നര വര്‍ഷത്തിലേറെയായിരുന്നു. നന്നാക്കുവാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടികാളുമുണ്ടായില്ല. നാട്ടുകാരും, വ്യാപാരികളും, ബിജെപിയും നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നിസംഗത തുടരുകയായിരുന്നു.
കാലങ്ങളായി സന്ധ്യമയങ്ങിയാല്‍ മേലാറ്റൂര്‍ ടൗണും പരിസരവും ഇരുട്ടിലായിരുന്നു. വ്യാപാരസ്ഥാപനങ്ങളിലെയും, വൈദ്യുതി തൂണില്‍ സ്ഥാപിച്ചിട്ടുള്ള ചെറിയ എല്‍ഇഡി ബള്‍ബുകളുടെയും ചെറിയ വെളിച്ചം മാത്രമാണ് ജനങ്ങള്‍ക്ക് ആശ്രയമായിരുന്നത്.
രണ്ടാഴ്ച മുന്‍പാണ് പഴയ സോളാര്‍ ഹൈമാസ്റ്റിന് സമീപം പുതിയ വൈദ്യുതി ഹൈമാസ്റ്റ് സ്ഥാപിച്ചത്. കൂടാതെ കരുവാരകുണ്ട് റോഡില്‍ കെഎസ്ഇബി ഓഫീസിന് മുന്‍വശത്തായി പുതിയ ഒരു മിനി ഹൈമാസ്റ്റ് വിളക്ക് കൂടി സ്ഥാപിച്ചിട്ടുണ്ട് രണ്ട് വിളക്കും കഴിഞ്ഞ ദിവസം കെഎസ്ഇബി കണക്ഷന് നല്കി ചാര്‍ജ് ചെയ്തു. പുതിയ വിളക്കുകള്‍ സ്ഥാപിച്ചിട്ടും ചാര്‍ജ് ചെയ്യാതിരുന്നത് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: