ലിസ്ബണ്‍: ജര്‍മന്‍ വിങ്ങര്‍ സെര്‍ജ് നാബ്രിയുടെ ഇരട്ട ഗോളില്‍ ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു. ബുന്ദസ് ലിഗ ചാമ്പ്യന്മാരായ ബയേണ്‍ സെമിഫൈനലില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഫ്രഞ്ച് ടീമായ ഒളിമ്പിക് ലിയോണിനെ പരാജയപ്പെടുത്തി.
ഞായറാഴ്ച രാത്രി നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ബയേണ്‍, ഇതാദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയ പാരീസ് സെന്റ് ജര്‍മനെ (പിഎസ്ജി) നേരിടും. കളം നിറഞ്ഞു കളിച്ച സെര്‍ജ് നാബ്രിയാണ് ബയേണിന്റെ ഹീറോ. 18, 33 മിനിറ്റുകളിലാണ് ഗാബ്രി ഗോള്‍ നേടിയത്.
ശക്തരായ ബാഴ്സലോണയെ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സെമിയിലെത്തിയ ബയേണ്‍ ലിയോണിനെതിരെ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ചു. 18-ാം മിനിറ്റില്‍ നാബ്രി ബയേണിനെ മുന്നിലെത്തിച്ചു. 15 മിനിറ്റുകള്‍ക്ക് ശേഷം നാബ്രി തന്റെ രണ്ടാം ഗോളിലൂടെ ലീഡ് ഉയര്‍ത്തി. ഇടവേളയ്ക്ക് ജേതാക്കള്‍ 2- 0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും ബയേണ്‍ ആധിപത്യം തുടര്‍ന്നു. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റുള്ളപ്പോള്‍ പോളീഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കി ബയേണിന്റെ മൂന്നാം ഗോളും കുറിച്ചു.
ഈ സീസണില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ടീമാണ് ബയേണ്‍ മ്യൂണിക്ക്. എല്ലാ ലീഗുകളിലുമായി ഈ വര്‍ഷം കളിച്ച 25 മത്സരങ്ങളില്‍ 24 എണ്ണത്തിലും അവര്‍ വിജയം നേടി. ഈ സീസണില്‍ കളിച്ച ചാമ്പ്യന്‍സ് ലീഗിലെ എല്ലാ മത്സരങ്ങളിലും വിജയിച്ചു.
ചാമ്പ്യന്‍സ് ലീഗിലെ എല്ലാ മത്സരങ്ങളും വിജയിച്ച് ഒരു ടീമും ഇത് വരെ ചാമ്പ്യന്‍സ് ലീഗ് ട്രോഫി നേടിയിട്ടില്ല. ബയേണിന് റെക്കോഡ് കുറിക്കാനുള്ള അവസരമാണ് ഞായറാഴ്ചത്തെ ഫൈനല്‍. പിഎസ്ജിയെ തോല്‍പ്പിച്ചാല്‍ നൂറ് ശതമാനം വിജയത്തോടെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്ന ആദ്യ ടീമാകും ബയേണ്‍ മ്യൂണിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: