തിരുവനന്തപുരം: ഒറ്റ ദിവസം കൊണ്ട് രഹസ്യമായി തയാറാക്കിയ ലൈഫ് മിഷന് പദ്ധതിയില്‍ ക്രമക്കേടുകളും അഴിമതിയും. എല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ എന്ന് തെളിവുകള്‍. പദ്ധതി നടപ്പാക്കേണ്ട ലൈഫ് മിഷനെ നോക്കുകുത്തിയാക്കി ധാരണാപത്രം ഉണ്ടാക്കിയത് റെഡ്ക്രസന്റ്. നിയമവകുപ്പിനെ മറികടന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപെടലില്‍ ഒറ്റദിവസം കൊണ്ട് ധാരണാപത്രം ഉണ്ടാക്കിയെന്ന് ജന്മഭൂമി കഴിഞ്ഞ ദിവസം നല്കിയ റിപ്പോര്‍ട്ട് സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകളാണ് പുറത്ത് വന്നത്. റെഡ്ക്രസന്റുമായുള്ള കരാറില്‍ സര്‍ക്കാരിന് പങ്കില്ലെന്നും ഭൂമി വിട്ടുകൊടുക്കുകമാത്രമാണ് ചെയ്തതെന്നുമാണ് മുഖ്യമന്ത്രി മുമ്പ് വാദിച്ചത്.
2019 ജൂലൈ 11ന് ദുബായ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണെന്ന് കരാര്‍ വ്യക്തമാക്കുന്നു. ഒന്നാം കക്ഷി റെഡ് ക്രസന്റും രണ്ടാംകക്ഷി സംസ്ഥാന സര്‍ക്കാരുമാണ്. സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പിട്ടത് ലൈഫ് മിഷന് സിഇഒ യു.വി.ജോസും. സംസ്ഥാനത്തെ പ്രളയബാധിതര്‍ക്കും ഭവനരഹിതര്‍ക്കും വീടുവച്ചു നല്കാന് റെഡ്ക്രസന്റ് 20 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുള്ളതാണ് ധാരണാപത്രം. ഇതില്‍ 14 കോടി വീടുകള്‍ നിര്‍മിക്കാനും ബാക്കി തുക ആരോഗ്യകേന്ദ്രം സ്ഥാപിക്കാനുമാണ്. ആശുപത്രിയുടെ നടത്തിപ്പ് ചുമതല സംസ്ഥാന സര്‍ക്കാരിനാണ.് ധാരണാപത്രപ്രകാരം നടപ്പാക്കുന്ന ഓരോ പദ്ധതിക്കും പ്രത്യേകം കരാര്‍ ഒപ്പിടണമെന്നും വ്യവസ്ഥയുണ്ട്. കരാര്‍ പ്രകാരമുള്ള പദ്ധതികളില്‍ തീരുമാനം എടുക്കാന്‍ രണ്ട് കക്ഷികള്‍ക്കും അധികാരം നല്‍കുന്നതാണ് ധാരണാപത്രം. എന്നാല്‍ ഒരാളുടെ പ്രവര്‍ത്തികള്‍ക്ക് മറ്റേ ആള് ഉത്തരവാദി ആയിരിക്കില്ലെന്ന് വിചിത്ര വ്യവസ്ഥയും ചേര്‍ത്തിട്ടുണ്ട്.
അതേസമയം കെട്ടിട സമുച്ചയമാണ് നിര്‍മിക്കുന്നതെന്നോ അത് വടക്കാഞ്ചേരിയില്‍ ആണെന്നോ പദ്ധതി പ്രദേശം ഏതാണെന്നോ കരാറില്‍ പറഞ്ഞിട്ടില്ല. ഓരോ പദ്ധതിക്കും പ്രത്യേകം കരാര്‍ ഉണ്ടാക്കണം. വടക്കാഞ്ചേരിയില്‍ ഇത്തരത്തില്‍ പ്രത്യേകം കരാര്‍ തയാറാക്കിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. മാത്രമല്ല യുണിടാക്കിന് നിര്‍മ്മാണ കരാര്‍ നല്കാന് സര്‍ക്കാരുമായുള്ള ധാരണാപത്രത്തില്‍ സൂചിപ്പിച്ചിട്ടുമില്ല. ധാരണാപത്രത്തില്‍ പറയുന്ന തുകയില്‍ നിന്ന് 3.60 കോടി രൂപ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് യുണിടാക്കില്‍ നിന്നും കമ്മീഷന് കിട്ടിയെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ലൈഫ് മിഷനിലെ കരാറും അഴിമതിയും പുറത്ത് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: