മൂന്നാര്‍: രാജമല പെട്ടിമുടിയിലുണ്ടായ ദുരന്തത്തിന്റെ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ദേവികുളം സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണ. സമാനമായി അപകട സാധ്യതയുള്ള നിരവധി സ്ഥലങ്ങള്‍ മേഖലയിലുണ്ട്.
ഇതടക്കം മുമ്പില്‍ കണ്ടാണ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതി തീവ്രമഴയാണ് നിലവില്‍ ഉരുള്‍പൊട്ടലിന് കാരണമായതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇത് തന്നെയാണ് മറ്റേതെങ്കിലും പ്രതിഭാസമാണോ ഇവിടെ ഉണ്ടായതെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വിശദമായ പഠനം ആവശ്യമാണെന്നും സബ് കളക്ടര്‍ പറഞ്ഞു.
ഉരുള്‍പൊട്ടിയ സ്ഥലത്ത് നിന്ന് നിലവില്‍ 62 കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശനും വ്യക്തമാക്കി. ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പാക്കും. പുനരധിവാസം ഉറപ്പാക്കുന്നതിനും ധനസഹായം ഉറപ്പാക്കുന്നതിനുമായി മാത്രം 13 അംഗ സംഘത്തെ നിയോഗിച്ച് കഴിഞ്ഞു.
4 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം ഉറപ്പാക്കാന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഇത്തരത്തില്‍ മാറ്റി പാര്‍പ്പിക്കേണ്ട നിരവധി കുടുംബങ്ങള്‍ മൂന്നാറിലുണ്ട്. ഇതിനായി ബൃഹത്തായ പദ്ധതി തയ്യാറാക്കി വരികയാണ്. കണ്ണന് ദേവന് കമ്പനിയുമായും ഇക്കാര്യം സംസാരിച്ച് വരികയാണ്. എല്ലാവരെയും കണ്ടെത്തുന്ന വരെ സ്ഥലത്ത് പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: