അടിമാലി: ഒരു മാസത്തിനിടെ ജില്ലയില്‍ മൂന്നാമത്തെ വന്‍ ചാരായ വേട്ട, 60 ലിറ്റര്‍ ചാരായം പിടികൂടി.ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് മാങ്കുളം താളുങ്കണ്ടത്ത് നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. കാവുങ്കല്‍ സിനോ എന്നയാളുടെ പുരയിടത്തില്‍ നിന്നാണ് ചാരായം കണ്ടെത്തിയത്.
ഇയാള്‍ ചാരായം നിര്‍മ്മിച്ച് സൂക്ഷിച്ചിട്ടുണ്ടെന്ന് എക്സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ലിറ്ററിന് ആയിരം രൂപയ്ക്കാണ് ചാരായ വില്‍പ്പന നടത്തിയിരുന്നത്. പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഓഫീസര്‍മാരായ റ്റി.വി. സതീഷ്, കെ.എച്ച്. രാജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സാന്റി തോമസ്, മീരാന്‍ കെ.എസ്, ശരത് എസ്.പി. എന്നിവരും പങ്കെടുത്തു.
16ന് രാത്രിയില്‍ പെരിങ്ങാശ്ശേരി വെണ്ണിയാനിയില്‍ നിന്ന് 70 ലിറ്റര്‍ ചാരായം പിടികൂടിയിരുന്നു. മൂലമറ്റം എക്സൈസ് സംഘമാണ് കേസ് പിടികൂടിയത്. വീട്ടുടമസ്ഥനായ കാളകുടുങ്കല്‍ സത്യരാജ് എന്നയാളുടെ പേരില്‍ കേസെടുത്തെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല. സംസ്ഥാനത്ത് തന്നെ അടുത്ത കാലത്ത് പിടികൂടിയ ഏറ്റവും വലിയ കേസുകളിലൊന്നാണിത്.
ജൂലൈ 17ന് കഞ്ഞിക്കുഴി മൈലപ്പുഴയില്‍ നിന്ന് 52 ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു. മൈലപ്പുഴ മക്കാനാല്‍ വിശാഖിനെ ആണ് ഇടുക്കി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് അന്ന് അറസ്റ്റ് ചെയ്തത്.
കൊറോണ വൈറസ് വ്യാപനം മൂലം മദ്യഷോപ്പുകള്‍ അടച്ചതോടെ ജില്ലയില്‍ വ്യാപകമായി ചാരായ വാറ്റ് തുടങ്ങിയിരുന്നു. എന്നാല്‍ വളരെ ചെറിയ തോതിലാണ് കേസുകള്‍ കിട്ടിയത്. വലിയ തോതില്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു. പിന്നീടാണ് വലിയ തോതില്‍ പലയിടത്തും ചാരായ വാറ്റ് നടക്കുന്നതായി കണ്ടെത്തിയത്.
അഞ്ച് മാസത്തിനിടെ 373.8 ലിറ്റര്‍
ജില്ലയില്‍ എക്സൈസ് നടത്തിയ പരിശോധനകളില്‍ അഞ്ച് മാസത്തിനിടെ പിടികൂടിയത് 373.8 ലിറ്റര്‍ ചാരായവും 28818 ലിറ്റര്‍ വാഷുമാണ്. മാര്‍ച്ചില്‍ 24ന് ലോക്ക് ഡൗണ്‍ ആരംഭിച്ചത്. അന്ന് മുതല്‍ ഈ മാസം 17 വരെയുള്ള കണക്കാണിത്. പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിനായി കണ്ട്രോള് റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ജില്ലാ കണ്ട്രോള് റൂം നമ്പര്‍: 04862 222493.
ജില്ലയില്‍ ചാരായ വാറ്റ് സജീവം
ജില്ലയില്‍ സജീവമായി ചാരായ വാറ്റും വില്‍പ്പനയും നടക്കുന്നതായാണ് ലഭിക്കുന്ന വിവരമെന്നും ഓണത്തോട് അനുബന്ധിച്ച് പ്രത്യേക പരിശോധന നടത്തി വരികയാണെന്ന് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജി. പ്രദീപ് ജന്മഭൂമിയോട് പറഞ്ഞു. ചില പ്രത്യേക തരത്തില്‍ തയ്യാറാക്കുന്ന വാറ്റ് ചാരായത്തിന് വന്‍തോതില്‍ ആവശ്യക്കാര്‍ ഉള്ളതായാണ് കണ്ടെത്താനായത്. രുചി ഇഷ്ടപ്പെട്ട് പോയാല്‍ വന്‍ വിലകൊടുത്തും ഇത് വാങ്ങാന്‍ ആളുണ്ട്. ആളൊഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചാരായ വാറ്റ് നടക്കുന്നത്. ആളുകള്‍ താമസമുള്ള വീടുകള്‍ കേന്ദ്രീകരിച്ചും വലിയ സംവിധാനങ്ങള്‍ ഒരുക്കി ചാരായ വാറ്റ് നടക്കുന്നുണ്ട്. അടുത്തിടെ നടത്തിയ പരിശോധനകളില്‍ വന്‍ തോതില്‍ കോടയും കണ്ടെത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: