മൂന്നാര്‍: ദുരന്തഭൂമിയില്‍ നടത്തിയ പരിശോധനയില്‍ മണ്ണിനടിയില്‍ നിന്ന് ഉറങ്ങിക്കിടക്കുന്ന അമ്മയും മകളും എന്നു തോന്നിപ്പിക്കുന്ന രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. അഞ്ജുമോളും ഏഴുവയസുകാരി ലക്ഷണ ശ്രീയുമായിരുന്നു അത്. പിന്നീട് ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കരളലിയിക്കുന്ന തീവ്ര സ്‌നേഹ ബന്ധത്തിന്റെ കഥ വെളിച്ചത്ത് വരുന്നത്.
യഥാര്‍ഥത്തില്‍ അഞ്ജുമോളും ലക്ഷണയും അമ്മയും മകളുമല്ല. എന്നാല്‍ അഞ്ജുമോള്‍ക്ക് ഏഴുവയസുകാരി ലക്ഷണശ്രീ എല്ലാമായിരുന്നു. ലക്ഷണയ്‌ക്കാകട്ടെ അഞ്ജു സഹോദരിയും അതിലും ഉപരി അമ്മയുമായിരുന്നു. ദുരന്തത്തില്‍ ആ മണ്ണില്‍ ഒരുപാട് സ്‌നേഹബന്ധങ്ങള്‍ അലിഞ്ഞുചേര്‍ന്നു. എന്നാല്‍ ഈ സ്‌നേഹത്തോളം ഒന്നും വരില്ലായിരിക്കാം….
ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ട അഞ്ജുമോള്‍ അവളുടെ അമ്മൂമ്മ ചന്ദ്രയുടെ കൂടെ പെട്ടിമുടിയിലെ പത്തുമുറി ലയത്തിലെ ഏഴാം നമ്പര്‍ വീട്ടിലാണ് താമസിച്ചിരുന്നത്. ലക്ഷണ തൊട്ടടുത്ത ആറുമുറി ലയത്തിലെ നാലാം നമ്പര്‍ വീട്ടിലെ രാജയുടെയും ശോഭനയുടെയും ഏകമകളായിരുന്നു. രാജയും ശോഭനയും ദുരന്തത്തില്‍ മരിച്ചു.
ലക്ഷണയ്‌ക്ക് ഓര്‍മവച്ചനാള്‍ മുതല്‍ അഞ്ജുവിന്റെ സ്നേഹവും ലാളനകളും ലഭിച്ചിരുന്നു. അഞ്ജുമോള്‍ക്കൊപ്പമാണ് ലക്ഷണ പല ദിനങ്ങളിലും ഉറങ്ങിയിരുന്നത്. അത്തരത്തില്‍ ഒന്നിച്ചുറങ്ങിയ ആ ദിനംതന്നെയാണ് ഇരുവരും ഒരുമിച്ച് ദുരന്തത്തില്‍ അകപ്പെട്ടതും. മരണത്തിലും കൈവിടാതെ അഞ്ജുമോള്‍ സ്വന്തം മാറില്‍ ആ എഴുവയസുകാരിയെ ചേര്‍ത്ത് പിടിച്ചിരുന്നു.
പാലക്കാട് ചിറ്റൂര്‍ കോളേജില്‍ നിന്ന് ബിഎ തമിഴ് പഠിച്ചിറങ്ങിയ അഞ്ജുവിന് ടീച്ചറാകാനായിരുന്നു ആഗ്രഹം. അവളുടെ ആഗ്രഹംപോലെ അടിമാലി എസ്എന്‍ഡിപി ബിഎഡ് കോളേജില്‍ അഡ്മിഷന്‍ എടുത്ത് കാത്തിരിക്കുമ്പോഴാണ് ദുരന്തം. രണ്ടുമാസം കഴിഞ്ഞാല്‍ വിവാഹം നടത്താനും നിശ്ചയിച്ചിരുന്നതാണ്.
ലക്ഷണ രാജമലയിലെ തമിഴ് മീഡിയത്തില്‍ ഒന്നാം ക്ലാസിലാണ് പഠിച്ചിരുന്നത്. അവളുടെ പഠനത്തിലും അഞ്ജു ഒരു അധ്യാപികയുടെ റോള്‍ നന്നായി ചെയ്ത് വന്നിരുന്നു. ലക്ഷണയുടെ അച്ഛന്‍ രാജയ്‌ക്കും അമ്മ ശോഭനയ്‌ക്കും അഞ്ജുവും മകളായിരുന്നു. കൂടെപ്പിറപ്പുകളെപ്പോലെ കഴിഞ്ഞിരുന്ന അവരാരും ഇനി പെട്ടിമുടയില്‍ അവശേഷിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വളരെ യാദ്യച്ഛികമായിട്ടാണ് വൈകിയാണെങ്കിലും ഇൗ വിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പിന് കിട്ടുന്നത്. അതും ദുരന്തങ്ങള്‍ പിന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: