ഇരിട്ടി: സമ്പർക്കം മൂലമുള്ള കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണം നഷ്ടപ്പെട്ട് കൈവിട്ടുപോയ അവസ്ഥ നിയന്ത്രിക്കുന്നതിനുള്ള നടപടികളുമായി അധികൃതർ. ഇരിട്ടി നഗരം ഉൾപ്പെടെ നഗരസഭയിലെ ഒൻമ്പത് വാർഡുകൾ വ്യാഴാഴ്ച മുതൽ ഇനിയൊരറിയിപ്പു വരെ അടച്ചിടും .
രണ്ടാഴ്ച മുൻപ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ ഉറവിടം അറിയാത്ത രോഗിയിൽ നിന്നാണ് മേഖലയിൽ സമ്പർക്കം വഴിയുള്ള രോഗവ്യാപനം ആരംഭിച്ചത് . ഇതിനിടയിൽ മുപ്പതോളം പേർക്ക് രോഗം ബാധിക്കുകയും രണ്ടു പേർ മരിക്കുകയും ചെയ്ത. തടഞ്ഞുനിർത്താൻ മറ്റ് മാർഗ്ഗമില്ലാതായതോടെയാണ് ഇപ്പോൾ മേഖലയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നത്. നഗര സഭയിലെ പ്രധാന ടൗൺ ആയ ഇരിട്ടി , കീഴൂർകുന്ന് , കൂളിചെമ്പ്ര, കീഴൂർ വികാസ് നഗർ, പയഞ്ചേരി, പുന്നാട് , എടക്കാനം, ഉളിയിൽ, ആട്ട്യാലം എന്നീ വാർഡുകളാണ് കണ്ടെയിൻമെന്റ് സോണുകളാക്കി അടഞ്ഞു കിടക്കുക.
കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർക്ക് ഇരിട്ടി ടൗണിൽ നൂറുകണക്കിന് പേരുമായി പ്രൈമറി, സെക്കണ്ടറി തല സമ്പർക്കം ഉള്ളതായി കണ്ടെത്തിയിരുന്നു. ആരോഗ്യപ്രവർത്തകരടക്കം വ്യാപാരികളും കുടുംബശ്രീ പ്രവർത്തകരും. ഓട്ടോ തൊഴിലാളികളും ഇതിൽ ഉണ്ടെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. ഇതിനെത്തുടർന്നാണ് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ഇനിയൊരറീയിപ്പ് ഉണ്ടാകുന്നതുവരെ നഗരമടക്കം പൂർണ്ണമായും അടച്ചിടാൻ ഇരട്ടി നഗരസഭയിൽ ചേർന്ന സുരക്ഷാസമിതിയോഗം തീരുമാനിച്ചത്.
ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ പൂർണ്ണമായും അടക്കും. എന്നാൽ സർക്കാർ ഓഫീസുകൾ ജീവനക്കാരെ കുറച്ച് അത്യാവശ്യ പ്രവർത്തനം മാത്രം നടത്താൻ അനുവദിക്കും. മിൽമ, ഹോട്ടൽ, ബേക്കറി ഉൾപ്പെടെ മറ്റ് സ്ഥാപനങ്ങൾ അടച്ചിടണം. രാവിലെ 4 മുതൽ 10 മണിവരെ പച്ചക്കറി കടകൾക്കും, 8 മുതൽ 10 വരെ ചെറുകിട കച്ചവടക്കാർക്കും , 8 മുതൽ 12 വരെ മൊത്തക്കച്ചവടക്കാർക്കും പ്രവർത്തിക്കാം. മൊത്ത വ്യാപാര സ്ഥാപനങ്ങൾ വാഹനങ്ങളിൽ അതാത് പ്രദേശത്തെ സ്ഥലങ്ങളിലെ എത്തിച്ചു കൊടുക്കുന്നതിന് മാത്രമാണ് അനുമതി. ആവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് സന്നദ്ധപ്രവർത്തകരെ നിയോഗിക്കും. സാമൂഹ്യ അടുക്കള തുറന്ന് ഭക്ഷണം ആവശ്യമുള്ളവർക്ക് പാർസലായി നല്കും . എന്നാൽ നിബന്ധനകൾ പാലിക്കാത്ത കടകൾക്കെതിരേ നടപടി ഉണ്ടാകും. വാഹനങ്ങൾക്ക് പ്രവേശനമില്ലാതെ ഇരിട്ടി ബസ് സ്റ്റാന്ഡ് അടച്ചിടും . ഹൈവേ വഴി അവശ്യ സർവീസുകൾക്ക് മാത്രമാവും അനുമതി. ഇത്തരം വാഹനങ്ങളെ കണ്ടയിൻമെന്റ് സോണുകളിൽ നിർത്താനും അനുവദിക്കില്ല. സമ്പർക്ക വ്യാപനത്തെ തുടർന്ന് പത്തു ദിവസത്തിലേറെയായി പ്രവർത്തനം നിർത്തിവെച്ച ഇരിട്ടി താലൂക്ക് ആശുപത്രി പൂർണ്ണമായും അണുവിമുക്തമാക്കി വ്യാഴാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും . കർശന നിയന്ത്രങ്ങളോടെയായിരിക്കും പ്രവേശമെന്ന് താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ.പി.പി രവീന്ദ്രൻ പറഞ്ഞു. ഇതിനിടെ ആശുപത്രിയിലെ 123 ജീവനക്കാരേയും ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയിരുന്നു.
കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പട്ടെ പ്രദേശങ്ങളിലെ ക്ഷീരകർഷകരെ സംരക്ഷിക്കുന്നതിനും പാൽ അളക്കുന്നതിനും സംവിധാനം ഏർപ്പെടുത്തും. ക്ഷീരോത്പ്പാദക സഹകരണ സംഘങ്ങൾ വാഹനങ്ങളിൽ കർഷകരുടെ വീടുകളിൽ പോയി പാൽ ശേഖരിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. എടക്കാനത്ത് മാത്രം നിത്യവും 500 ലിറ്റർ പാലാണ് സംഘങ്ങളിൽ അളക്കുന്നത്.
ഇരിട്ടി മലയോരത്തെ പ്രധാന ടൗണുകൾ ഉൾപ്പെടുന്ന വാർഡുകളും കണ്ടയിന്റ് സോണിൽ ഉൾപ്പെട്ട് അടഞ്ഞു കിടക്കുകയാണ്. ആറളം പഞ്ചായത്തിലെ ആറളം, എടൂർ, പായം പഞ്ചായത്തിലെ വള്ളിത്തോട്, അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി, മുഴക്കുന്ന് പഞ്ചായത്തിലെ കക്കയങ്ങാട് എന്നീ ടൗണുകളാണ് അടഞ്ഞു കിടക്കുന്നത്. ഇതിനെത്തുടർന്ന് മലയോര മേഖലയിലേക്കുള്ള ബസ് ഗതാഗതവും പൂർണ്ണമായും നിലച്ച നിലയിലാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: