കണ്ണൂര്‍: കൊവിഡിന്റെ സാഹചര്യത്തില്‍ വയോജനങ്ങളുടെ ക്ഷേമവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിക്കുന്നു. കൊവിഡ് പ്രതിസന്ധിയില്‍ വയോജനങ്ങളുടെ ചികിത്സ മുടങ്ങാതിരിക്കാനും അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനുമായാണ് സംസ്ഥാനതലത്തില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ജില്ലയിലെ 1.8 ലക്ഷത്തോളം വരുന്ന വയോജനങ്ങള്‍ക്കാണ് ഈ സേവനം ലഭ്യമാവുക. ആഗസ്ത് 20 മുതല്‍ കണ്ട്രോള് റൂം സജീവമാകും.
ടെലിമെഡിസിന്‍ സംവിധാനവും കൗണ്‍സിലിങ്ങ് സൗകര്യങ്ങളുമാണ് കണ്ട്രോള് റൂം വഴി ലഭ്യമാവുക. ജില്ലയില്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് കണ്ട്രോള് റൂം ആരംഭിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണിവരെയാണ് കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തന സമയം. ആറ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും രണ്ട് മണി മുതല്‍ രാത്രി 10 വരെയും രണ്ട് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തിക്കുക. ഓരോ ഷിഫ്റ്റിലും 10 വളണ്ടിയര്‍മാരുടെയും ഒരു ഡോക്ടറുടെയും സേവനം ഉറപ്പാക്കും. അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെയാണ് വളണ്ടിയര്‍മാരായി നിയമിക്കുക. ആളുകളെ വിളിക്കുന്ന മുറയ്ക്ക് അവരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യുകയും ചെയ്യും. വയോജനങ്ങള്‍ക്ക് തിരികെ കണ്ട്രോള് റൂമുമായി ബന്ധപ്പെടുന്നതിന് ആവശ്യമായ നമ്പറും ലഭ്യമാക്കും.
ഇതിന് പുറമെ ജില്ലയിലെ വൃദ്ധസദനങ്ങളില്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കൊവിഡ് ടെസ്റ്റും നടത്തിവരുന്നുണ്ട്. 41 വൃദ്ധസദനങ്ങളിലായി 1200 ഓളം അന്തേവാസികളാണ് ജില്ലയില്‍ കഴിയുന്നത്. ഇതുവരെ ആറ് കേന്ദ്രങ്ങളില്‍ ടെസ്റ്റ് നടത്തി. മറ്റുള്ള കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളിലായി ടെസ്റ്റ് നടത്തും. ഇതുവരെ നടത്തിയതില്‍ വൃദ്ധസദനത്തിലെ ഒരാള്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ കേന്ദ്രങ്ങളില്‍ വേണ്ട സുരക്ഷാക്രമീകരണങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: