കളിയേതായാലും കളിക്കാര്‍ക്ക് നാം കല്പിച്ചു നല്കിയ വിശേഷണമാണ് താരങ്ങള്‍ എന്നത്. ആ വിശേഷണം ചില കളിക്കാര്‍ക്ക് ഒരു പ്രത്യേക പരിവേഷം നല്‍കും. നക്ഷത്രങ്ങള്‍ പ്രകാശം പരത്തുന്നവയാണല്ലോ. കളികളിലെ ചില താരങ്ങളും അതുപോലെ സ്വന്തം മികവുകൊണ്ടും വ്യക്തിത്വം കൊണ്ടും പ്രകാശിക്കും. വിജയങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും അപ്പുറമുള്ള തലത്തിലേയ്ക്ക് അവര്‍ കളിയെ കൊണ്ടുപോകും. മറ്റുള്ളവര്‍ക്ക് വഴികാണിക്കുകയും പ്രചോദനം ആവുകയും ചെയ്യും. കളത്തിലും പുറത്തും മാന്യതയുടെ അതിരു കാക്കും.
കടന്നു പോയാലും ചില കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കും. ആ പ്രകാശ വഴിയിലൂടെയാണ്, ഇന്ത്യയുടെ മഹേന്ദ്ര സിംഗ് ധോണി എന്ന ക്രിക്കറ്റ് കളിക്കാരന് രാജ്യാന്തര കളിക്കളം വിട്ടൊഴിഞ്ഞ് നടന്നു പോയത്.
കളിക്കാരുടെ ഒരു സംഘത്തെ ഇന്ത്യയുടെ ടീം ആയി രൂപപ്പെടുത്തിയത് എം.എ.കെ. പട്ടോഡി ആണെന്ന് പറയാറുണ്ട്. ആ ടീമിനെ ഒരു വിജയിക്കുന്ന സംഘം അഥവാ ‘വിന്നിങ് കോമ്പിനേഷന്‍ ‘ ആക്കിയത് അജിത് വഡേക്കര്‍ എന്ന നായകനാണ്. ഏകദിന ക്രിക്കറ്റില്‍ താഴെക്കിടയില്‍ നിന്ന് ഇന്ത്യയെ നേരെ ഒന്നാം നിരയിലേയ്ക്ക് എത്തിച്ചത് കപില്‍ ദേവാണ്. ഏതു കൊലക്കൊമ്പനെയും നേരിടാനുള്ള ധൈര്യം ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് ഗവാസ്കര്‍ നേടിത്തന്നു. സൗമ്യത കൈവിടാതെ ആരെയും ആക്രമിച്ചു കീഴടക്കാമെന്ന് സച്ചിന് തെണ്ടുല്‍ക്കര്‍ കാണിച്ചുതന്നു. ഇവരൊക്കെ കളിക്ക് പുതിയ മാനം നല്കിയവരാണ്. അതേ വഴിയിലാണ് ധോണി എന്ന വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാന്-നായകന് സഞ്ചരിച്ചത്. വിജയങ്ങളുടെയും റണ്‍സിന്റെയും ക്യാച്ചുകളുടെയും കണക്കുകള്‍ക്കൊണ്ട്, ധോണി എന്ന ക്രിക്കറ്ററെ നിര്‍വചിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്.
ആവേശവും ആക്രമണ ത്വരയും വേണ്ടത് കളിമികവിലാണെന്നും പെരുമാറ്റത്തിലല്ലെന്നും ധോണി ആവര്‍ത്തിച്ചു തെളിയിച്ചു. ജയാപരാജയങ്ങളുടെ നൂല്‍പ്പാലത്തിലും പതറാത്ത സമനില ധോണി സ്വന്തം അനുഭവംകൊണ്ട് എഴുതിക്കാണിച്ചു. 2011 ലോകകപ്പിന്റെ ഫൈനലില്‍, ഏതാനും പന്തുകള്‍ ബാക്കിയുണ്ടെന്ന് അറിഞ്ഞിട്ടും ഒരു ‘കൂള്‍ ‘ സിക്സിലൂടെ കളി ജയിപ്പിച്ച ആ മനോനിലയുണ്ടല്ലോ, അതിലുണ്ട് ധോണി എന്ന നായകന്റെ യഥാര്‍ഥ ജീവിത ചിത്രം. പുറമെ അലതല്ലുമ്പോഴും കടലിന്റെ അടിത്തട്ട് ശാന്തമാണല്ലോ. ആ ധോണി ശൈലിക്ക് ക്രിക്കറ്റ് ലോകം ‘കൂള്‍ ‘ എന്ന വിശേഷണം ചാര്‍ത്തി. അങ്ങനെ ധോണി ‘ക്യാപ്റ്റന്‍ കൂള്‍ ‘ ആയി.
കൈവിട്ട വിജയം തിരിച്ചുപിടിക്കാന്‍ അനായാസമായി ബാറ്റ് വീശിയപ്പോള്‍ ‘കൂള്‍ ഫിനിഷര്‍’ ആയി. മത്സരത്തെ മാത്രമല്ല എതിരാളിയായ ബൗളറെയും എങ്ങനെ കൂളായി ‘ഫിനിഷ് ‘ ചെയ്യാമെന്ന് ധോണി പഠിപ്പിച്ചു. വിടവാങ്ങല്‍ പ്രഖ്യാപനത്തിലും ആ ശൈലി നിലനിര്‍ത്തുകയും ചെയ്തു.
ആരും കൊതിച്ചുപോകുന്ന ഈ കളി ശൈലിയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് ധോണിയുടെ സംഭാവന. അത് ഒരു പടി മേലെ നില്ക്കും. റണ്‍സും ക്യാച്ചും സ്റ്റമ്പിങ്ങും ജയങ്ങളുമായി ക്രിക്കറ്റിന്റെ മൂന്ന് വ്യത്യസ്ത ഫോമാറ്റിലും വാരിക്കൂട്ടിയ നേട്ടങ്ങള്‍ വേറെയും. അത്തരക്കാരെ കളിയും കാലവും, ചില തലപ്പാവുകളും തൊങ്ങലുകളും അണിയിക്കും. നായകനെന്ന നിലയില്‍ നേടിയ മൂന്നു ലോകവിജയങ്ങളുടെ പൊന്തൂവലുകള് ഈ കളിക്കാരന് വേണ്ടി കാലം അങ്ങനെ കാത്തു വച്ചതായിരിക്കാം. ട്വന്റി20, ഏകദിന ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫി കിരീടവും ആ ശിരസ്സിന് നന്നായി യോജിക്കും. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യ നേട്ടത്തിന്റെ റേക്കൊര്ഡായി അത് ഏക്കാലവും നില നില്ക്കുന്നതിനാല് ധോണിയുടെ പേരും ഓര്‍മയും അതുപോലെ നിലനില്ക്കും. ആദ്യം ഒന്നേയുള്ളല്ലോ.
ഈ നായകനു കീഴില്‍ കളിച്ചു ശോഭിച്ച സുരേഷ് റെയ്ന എന്ന ബാറ്റ്സ്മാനും അന്താരാഷ്ട്ര മത്സരങ്ങളോട് വിട പറയാന്‍ അതേ ദിവസം തെരഞ്ഞെടുത്തത് ഉചിതമായി. ക്രിക്കറ്റിന്റെ മൂന്നു ഫോമാറ്റിലും സെഞ്ചുറി നേടിയ റെയ്നയും നായകന്റെ പാതയാണ് പിന് തുടര്‍ന്നത്. രണ്ടു പോരാളികള്‍ക്കും ക്രിക്കറ്റ് ഇന്ത്യയുടെ നമോവാകം. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണറായിരുന്ന ചേതന്‍ ചൗഹാന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍.. !
പ്രതികരിക്കാൻ ഇവിടെ എഴുതുക: